Breaking News

Trending right now:
Description
 
Mar 16, 2016

ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ സ്‌ക്വയറിനെ സ്വകാര്യവത്കരിച്ചു കണ്‍വന്‍ഷന്‍ സ്‌ക്വയറാക്കിയതിനെതിരേ ടി.ആര്‍.എ

image ആലപ്പുഴ: പട്ടണവാസികള്‍ക്കും പട്ടണത്തില്‍ പല കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും സ്വതന്ത്രമായി വിശ്രമിക്കാനും ഉല്ലസിക്കാനുമായുള്ള പട്ടണചത്വരം പരിപൂര്‍ണമായി വന്‍ ഫീസ് ഈടാക്കുന്ന പേ ആന്‍ഡ് പാര്‍ക്കുള്‍പ്പടെയുള്ള സ്വകാര്യ സ്ഥാപനമാക്കി മുനിസിപ്പാലിറ്റി പരിവര്‍ത്തനം ചെയ്തതില്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ പ്രതിഷേധിച്ചു. ആരുമറിയാതെ ടൗണ്‍ സ്‌ക്വയറിനെ കണ്‍വന്‍ഷന്‍ സ്‌ക്വയര്‍ എന്നു പുനഃര്‍നാമകരണം ചെയ്തു ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബോര്‍ഡു സ്ഥാപിച്ചിട്ടുമുണ്ട്.

ഏറെ ആളുകള്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ഉപയോഗിച്ചിരുന്ന തുറന്നയിടമായിരുന്ന മുനിസിപ്പല്‍ മൈതാനത്തു ഓപ്പണ്‍ എയര്‍ സ്റ്റേജും അനുബന്ധ കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ച് പട്ടണ ചത്വരമാക്കി മാറ്റി ഉദ്ഘാടനം ചെയ്തപ്പോള്‍ മുതല്‍ പേ ആന്‍ഡ് പാര്‍ക്കായി മാറ്റിയിരുന്നു. അതിനെതിരേ അപ്പോള്‍ തന്നെ മുനിസിപ്പാലിറ്റിക്കു പരാതി നല്കിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ വര്‍ക്ക്‌ഷോപ്പു പോലും അവിടെ പ്രവര്‍ത്തിച്ചു. പക്ഷേ, അസൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കു രാവും പകലും പ്രവേശിക്കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ നിയന്ത്രിച്ചിരിക്കുകയാണ്. 

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പട്ടണ ചത്വരത്തിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ ബാരിയര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ പ്രവേശനം തടഞ്ഞു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു ബസിനു 200 രൂപയും കാറിനു നൂറു രൂപയും ഇരുചക്രവാഹനങ്ങള്‍ക്കു 15 രൂപയുമാണ് ഫീസ് നിരക്ക്. സ്ഥലത്തു കാവല്‍ക്കാരന്‍ ഇല്ലെങ്കില്‍ ബോര്‍ഡില്‍ കാണുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചാലെ കാര്യം നടക്കൂ. വൈകാതെ പൊതുജനങ്ങള്‍ക്കു പ്രവേശന ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു.

കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആര്‍ട്ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, ഭക്ഷണശാലകള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയവയെല്ലാം പട്ടണ ചത്വരത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ മുന്നിലെ തിരക്കേറിയ റോഡില്‍ ഇടേണ്ടി വരും. റോഡിലുള്ള ടാക്‌സി, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകാരും ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയുടമകളും മറ്റു വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ല. അതു സംഘര്‍ഷത്തിനു കാരണമാകും. ചത്വരത്തില്‍ പന്തല്‍ കെട്ടിയും ഫീസ് ഈടാക്കിയും പ്രദര്‍ശന, വിപണന മേളകള്‍ നടത്തുമ്പോള്‍ ആര്‍ട്ട് ഗാലറിയിലേക്കോ പാര്‍ക്കിലേക്കോ പോലും ആള്‍ക്കാരെ കടത്തിവിടാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്.

കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ജോഗിംഗ് ട്രാക്ക്, രാത്രിയില്‍ ആവശ്യത്തിനു വെളിച്ച സംവിധാനം, ടൗണ്‍ സ്‌ക്വയറിലെ സ്‌റ്റേജും പരിസരവും മറ്റും വാടകയ്ക്കു നല്കുമ്പോള്‍ സ്ഥിരം സന്ദര്‍ശകര്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കല്‍, ടൗണ്‍ സ്‌ക്വയറിനുള്ളിലും ചുറ്റുപാടുമുള്ള കൈയേറ്റങ്ങളും ഏച്ചുകെട്ടലും ചപ്പുചവറുകളും പുല്ലും നീക്കം ചെയ്തു പരിസരം വൃത്തിയാക്കല്‍, കൊതുകു-ക്ഷുദ്രജീവി നിര്‍മാര്‍ജനം, ടൈലുകളും മറ്റും ഇളകുമ്പോള്‍ ഉടനുടന്‍ നന്നാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ടി.ആര്‍.എയുടെ നിവേദനം പരിഗണനയില്‍ ഇരിക്കുമ്പോഴാണ് പുതിയ സ്വകാര്യ സംവിധാനം ഏര്‍പ്പെടുത്തിയത്. ചേര്‍ന്നു നില്ക്കുന്ന മുനിസിപ്പല്‍ ലൈബ്രറിയും ചത്വരത്തിന്റെ ഭാഗമാക്കി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ബസുകളും ടിപ്പറുകളും അടക്കമുള്ള വലിയ വാഹനങ്ങള്‍ കയറ്റിയിടാനുള്ള സംവിധാനങ്ങള്‍ ചത്വരത്തില്‍ ഒരുക്കിയിട്ടില്ലാത്തതിനാല്‍ കല്‍ക്കെട്ടുകളും തറയോടുകളും മറ്റും പെട്ടെന്നു തകര്‍ന്നു നശിക്കും. അധികം ആള്‍ക്കാരും വാഹനങ്ങളും കയറാഞ്ഞിട്ടു തന്നെ ഇപ്പോള്‍ പലയിടങ്ങളും പുതുമ മാറും മുന്‍പു തന്നെ തകര്‍ന്നാണ് കിടക്കുന്നത്. അതിനുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതുപോലുമില്ല.

പൊതുജനങ്ങള്‍ക്കു സ്വസ്ഥമായും സൗജന്യമായും ഇരിക്കാന്‍ കഴിയേണ്ട പൊതുവായുള്ള തുറന്നയിടങ്ങളും പാര്‍ക്കുകളും ബീച്ചും മറ്റും സ്വകാര്യവത്കരിച്ചു സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്ന മുനിസിപ്പാലിറ്റിയുടെ നടപടി ജനദ്രോഹമാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.

ഫോട്ടോ:

ആലപ്പുഴ കണ്‍വന്‍ഷന്‍ സ്‌ക്വയറിന്റെ പ്രവേശന കവാടത്തില്‍ ബാരിയര്‍ വച്ചു ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.