Breaking News

Trending right now:
Description
 
Mar 16, 2016

ബോര്‍ഡു നീക്കലിന്റെ ചെലവു പിരിച്ചെടുക്കുന്നതിനു പകരം തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തലോ?

image

നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും തോരണങ്ങളും ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്ത ശേഷം, അതിനു ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്നു ഈടാക്കുമെന്നുമാണ് അധികൃതര്‍ മുന്‍പ് അറിയിച്ചുകൊണ്ടിരുന്നത്. ഇതിനകം രണ്ടു പ്രാവശ്യം അങ്ങനെയുള്ള അറിയിപ്പു പത്രങ്ങൡ കണ്ടു. എന്നാല്‍ തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതുകൊണ്ട് എന്താണ് പ്രയോജനമെന്നു സാധാരണ ജനങ്ങള്‍ക്കു മനസിലാകുന്നില്ല. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണവും സര്‍ക്കാര്‍ ചെലവിലാകും!

ഗതാഗത, കാഴ്ച തടസ്സമുണ്ടാക്കുന്ന റോഡുവക്കിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നു ആവര്‍ത്തിച്ചു പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍:

> റോഡുവക്കിലെയും പാലങ്ങളിലെയും ജംഗ്ഷനുകളിലെയും എല്ലാത്തരം ബോര്‍ഡുകളും ബാനറുകളും ഒന്നൊഴിയാതെ നീക്കം ചെയ്യുക.
> നീക്കം ചെയ്യുന്നവയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കുക.
> ചെലവുതുക പിരിച്ചെടുക്കുന്നതിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുക.
> പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ അധികൃതരെ ഫോട്ടോകള്‍ സഹിതം വ്യക്തമായി അറിയിക്കാന്‍ ഇ-മെയില്‍ ഐഡി പ്രസിദ്ധീകരിക്കുകയും ലഭിക്കുന്ന മെയിലുകള്‍ക്കെല്ലാം മറുപടി നല്കുകയും ചെയ്യുക.
> പോസ്റ്റര്‍ പതിച്ചിട്ടുള്ള മതിലുകളുടെ ഉടമകള്‍ നല്കിയിട്ടുള്ള അനുമതി വിവരം പ്രസിദ്ധീകരിക്കുക.

ആലപ്പുഴ ജില്ലാ കോടതി പാലത്തിന്റ കൈവരികളില്‍ മാസങ്ങളായി സ്ഥാപിച്ചിട്ടുള്ളതും കാഴ്ച തടസ്സമുണ്ടാക്കുന്നതുമായ ബോര്‍ഡുകളും ബാനറുകളുമാണ് ഫോട്ടോയില്‍. പട്ടണത്തിലെ ഗതാഗതക്കുരുക്കേറിയ ആറു റോഡുകള്‍ സംഗമിക്കുന്ന ഇടുങ്ങിയ പാലമാണിത്.