Breaking News

Trending right now:
Description
 
Mar 15, 2016

ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിനു സ്വയംഭരണാനുമതി

image മധ്യതിരുവിതാംകൂറിലെ ആദ്യ വനിതാ കലാലയമായ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിനു സ്വയംഭരണാനുമതി ലഭിച്ചു. 2016-17 അധ്യയനവര്‍ഷം മുതല്‍ ആറുവര്‍ഷത്തേക്കാണിത്‌. കോളജിനു സ്വയം ഭരണാനുമതി സംബന്ധിച്ചുള്ള യുജിസിയുടെ ഉത്തരവ്‌ എംജി സര്‍വകലാശാല റജിസ്‌ട്രാര്‍ക്കും കോളജ്‌ പ്രിന്‍സിപ്പിലിനും കൈമാറി. അടിസ്ഥാന സൗകര്യം, മികച്ച പഠനത്തിനൊപ്പം വിദ്യാര്‍ഥിനികളും കലാ-കായിക രംഗത്തെ മികവ്‌, പരീക്ഷാഫലങ്ങള്‍, റാങ്കുകള്‍, അധ്യാപക മികവ്‌, പുതിയ രീതിയിലുള്ള അധ്യാപന ശൈലി, പ്രോജക്ടുകള്‍, ലാബ്‌, ലൈബ്രറി, ഹോസ്‌റ്റല്‍ സൗകര്യങ്ങള്‍, ഗവേഷണ അവസരം, അധ്യാപകരുടെ പ്രത്യേക പബ്ലിക്കേഷനുകള്‍ എന്നിവയുടെ ഗണത്തില്‍ മികച്ച നിലവാരാണ്‌ കോളജിനു ഉള്ളതെന്നു യുജിസി സംഘം കണ്ടെത്തിയിരുന്നു. രണ്ടുതവണയായി നാക്കിന്റെ എ ഗ്രേഡും കോളജിന്‌ ലഭിച്ചിരുന്നു. ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന ബിഷപ്‌ മാര്‍ ജയിംസ്‌ കാളാശേരി 1949 ഓഗസ്റ്റ്‌ 12ന്‌ അസംപ്‌ഷന്‍ കോളജിന്റെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗാരോപണം പത്താം പീയൂസ്‌ മാര്‍പാപ്പ വിശ്വാസസത്യമായി പ്രഖ്യാപിച്ച 1950-ലാണ്‌ ഈ വനിതാ കലാലയത്തിന്‌ അസംപ്‌ഷന്‍ കോളജ്‌ എന്നു നാമകരണം ചെയ്‌തത്‌. ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടമാണ്‌ കോളജിന്റെ രക്ഷാധികാരി. 67-ാം വര്‍ഷത്തിന്റെ നിറവിലെത്തുമ്പോഴാണു ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള അസംപ്‌ഷന്‍ കോളജിന്‌ അഭിമാന മുഹൂര്‍ത്തമായി സ്വയംഭരണ പദവി കൈവരുന്നത്‌.