Breaking News

Trending right now:
Description
 
Mar 15, 2016

പി.സി.ജോര്‍ജിന്റെ അയോഗ്യത ഹൈക്കോടതി റദ്ദാക്കി

image പൂഞ്ഞാര്‍ എംഎല്‍എയായിരുന്ന പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍നിന്ന്‌ അയോഗ്യനാക്കിയ സ്‌പീക്കര്‍ എന്‍. ശക്തന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. രാജി നിരസിച്ച സ്‌പീക്കറുടെ ഉത്തരവും തള്ളി. രാജിക്കത്തു മാറ്റിവച്ചു ജോര്‍ജിനെ അയോഗ്യനാക്കിയ സ്‌പീക്കറുടെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജോര്‍ജിനെ നാണംകെടുത്തി ഇറക്കിവിടാനാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നു കരുതാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. രാജിവയ്‌ക്കാനുള്ള ഹര്‍ജിക്കാരന്റെ ഭരണഘടനാ അവകാശത്തിന്റെ നിഷേധമാണിതെന്നും ജസ്റ്റീസ്‌ വി.ചിദംബരേഷ്‌ അഭിപ്രായപ്പെട്ടു. തന്റെ രാജിക്കത്തു നിരസിച്ച്‌ തോമസ്‌ ഉണ്ണിയാടന്റെ പരാതിയില്‍ അയോഗ്യത കല്‍പ്പിച്ച സ്‌പീക്കറുടെ നടപടിക്കെതിരെയാണു ജോര്‍ജ്‌ കോടതിയില്‍ എത്തിയത്‌. സ്‌പീക്കറുടെ നടപടിയില്‍ ഇടപെടാന്‍ കോടതിക്കു സാധ്യമല്ലെന്ന തോമസ്‌ ഉണ്ണിയാടന്റെ വാദം കോടതി തള്ളി. ഭരണഘടനാ ലംഘനം, ദുരുദ്ദേശ്യം, സ്വാഭാവിക നീതിനിഷേധം തുടങ്ങിയ അപാകതകള്‍ ആരോപിക്കപ്പെടുമ്പോള്‍ സ്‌പീക്കറുടെ ഉത്തരവിന്റെ നിയമസാധുത വിലയിരുത്തുന്നതില്‍ തെറ്റില്ലെന്നു കോടതി പറഞ്ഞു. താന്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഉള്‍പ്പെടെ ഒരു കക്ഷിയോടും ചായ്വില്ലാതെ നിഷ്‌പക്ഷനായി ജോലി നിര്‍വഹിക്കാന്‍ സ്‌പീക്കര്‍ക്കു കടമുണ്ട്‌. പി.സി.ജോര്‍ജിന്റെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചതു കൂടാതെ സ്‌പീക്കറുടെ നടപടിയില്‍ ദുരുദ്ദേശ്യം വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പി.സി. ജോര്‍ജ്‌ പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതുവഴി കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയ്‌ക്ക്‌ അര്‍ഹനല്ലെന്നു പറയുന്നില്ല. എന്നാല്‍ ,അദ്ദേഹം രാജിക്കത്ത്‌ സമര്‍പ്പിച്ചതോടെ ഇക്കാര്യത്തിലുള്ള തീരുമാനത്തിനു പ്രസക്തിയില്ലാതായി. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ അയോഗ്യനാക്കിയ നടപടിയും അദ്ദേഹത്തിന്റെ രാജിക്കത്ത്‌ തള്ളിയ നടപടിയും റദ്ദാക്കുന്നു. എന്നാല്‍ സ്‌പീക്കര്‍ക്ക്‌ നിയമാനുസൃതമായ നടപടികളിലൂടെ കക്ഷികളെ വിശദമായി കേട്ടശേഷം പി.സി. ജോര്‍ജിന്റെ അയോഗ്യതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സിംഗിള്‍ബെഞ്ച്‌ വ്യക്തമാക്കി. പി.സിജോര്‍ജ്‌ സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്തു നേരിട്ടു സ്‌പീക്കര്‍ക്കു നല്‍കി എന്നിട്ടും രാജി സ്വമേധയാ അല്ലെന്നുപറഞ്ഞ്‌ തള്ളിയെന്നാണ്‌ രേഖയില്‍ കാണുന്നത്‌. രാജി സ്വമേധയാ അല്ലെന്നോ യഥാര്‍തമല്ലെന്നോ കണ്ടാല്‍ മാത്രമേ തള്ളാന്‍ സാധിക്കൂ എന്നു കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജിനെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലാണു സ്‌പീക്കര്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്‌.