Breaking News

Trending right now:
Description
 
Mar 13, 2016

ഇടറോഡുകള്‍ തൂത്തു വൃത്തിയാക്കിയിടാന്‍ മുനിസിപ്പാലിറ്റി നടപടികള്‍ സ്വീകരിക്കണം

image ആലപ്പുഴ: പട്ടണത്തിലെ ഇടറോഡുകള്‍ തൂത്തു വൃത്തിയാക്കിയിടാന്‍ മുനിസിപ്പാലിറ്റി നടപടികള്‍ സ്വീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

തത്തംപള്ളി വാര്‍ഡ് ടി.ആര്‍.എയില്‍ ഉള്‍പ്പെട്ട മഠം റോഡ്, കുരിശടി റോഡ് എന്നിവയുടെ വശങ്ങളില്‍ വളരുന്ന കാടുംപടലും സമീപവാസികള്‍ പിരിവെടുത്തു പണം സ്വരൂപിച്ചാണ് സാധാരണ വെട്ടി വൃത്തിയാക്കുന്നത്. എന്നാല്‍ ചവറും മാലിന്യവും മുനിസിപ്പാലിറ്റി ഒരിക്കലും നീക്കം ചെയ്യാത്തതിനാല്‍ വീണ്ടും പെട്ടെന്നു മാലിന്യക്കൂമ്പാരമാകുന്നു. 

ഏറ്റവും ഒടുവില്‍ 2015 ഒക്ടോബറിലും 2016 ഫെബ്രുവരിയിലുമാണ് പിരിവെടുത്തു റോഡ് പൂര്‍ണമായി വൃത്തിയാക്കിയത്. റോഡു വൃത്തിയാക്കുന്നതിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്നും ഇനി പിരിവെടുത്തു ശൂചീകരണം നടത്തുകയില്ലെന്നും കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നുവെങ്കിലും നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാല്‍ വീണ്ടും റോഡുകള്‍ വൃത്തികേടായി. പരിസരവാസികള്‍ക്കു നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കുറ്റിച്ചെടികള്‍ വെട്ടാതെ നിവൃത്തിയില്ലെന്നായതിനാലാണ് വീണ്ടും അതിനു തുനിഞ്ഞത്. വിനോദ സഞ്ചാര കേന്ദ്രം കൂടിയായതിനാല്‍ അന്യസംസ്ഥാനക്കാരും വിദേശികളുമായ ധാരാളം പേര്‍ ഇതുവഴി കടന്നു പോകുന്നതു കൂടി കണക്കിലെടുത്തിട്ടുണ്ട്.

മുന്‍പു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നതു പോലെ മഠം റോഡ്, കുരിശടി റോഡ് എന്നിവിടങ്ങളില്‍ മുനിസിപ്പല്‍ ജീവനക്കാരെ കൃത്യ ഇടവേളകളില്‍ നിയോഗിച്ച് തുത്തു വൃത്തിയാക്കിയിടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നാണ് ആവശ്യം.

ഇതു സംബന്ധിച്ചു സമീപവാസികള്‍ സമര്‍പ്പിച്ച നിവേദനം ചെയര്‍മാന്‍ കൂടിയായ തത്തംപള്ളി കൗണ്‍സിലര്‍ക്കും സെക്രട്ടറിക്കും കൈമാറി.