Breaking News

Trending right now:
Description
 
Mar 13, 2016

നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്തു ആലപ്പുഴ പട്ടണം വൃത്തിയാക്കണം: ടി.ആര്‍.എ

image ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ്-2016 പ്രമാണിച്ച് ഗതാഗത, കാഴ്ച തടസ്സമുണ്ടാക്കുന്ന ബോര്‍ഡുകളും മറ്റും നീക്കം ചെയ്തു ആലപ്പുഴ പട്ടണം വൃത്തിയാക്കാനും തുടര്‍ന്നു അതു നിലനിര്‍ത്താനും ജില്ലാ ഭരണകൂടത്തിനും മുനിസിപ്പാലിറ്റിക്കും കൈവന്നിരിക്കുന്ന നല്ല അവസരം പ്രയോജനപ്പെടുത്തണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കപ്പെടുന്നുവെന്നു ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ വകുപ്പു മേധാവികള്‍ക്കു പതിവു നിര്‍ദേശം കൊടുത്തിട്ടു മാത്രം കാര്യമില്ല. മുന്‍കാലങ്ങളിലൊന്നും അവ പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. പേരിനുവേണ്ടി എന്തെങ്കിലും ചെയ്തു കൂട്ടുകയാണ് പതിവ്. 2015 നവംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പു വേളയിലും ഇത്തരം 'ഉത്തര'വുണ്ടായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ റോഡില്‍ നോക്കിയാല്‍ ഇപ്പോഴും ധാരാളമായി കാണാം. പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളോ മറ്റു സംഘടനകളോ ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും മറ്റും സ്ഥാപിക്കുന്നതു കര്‍ശനമായി വിലക്കിയിട്ടുണ്ടെങ്കിലും ആരും അതു ഇതുവരെ വകവച്ചതായി കണ്ടിട്ടില്ല. ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടും ജില്ലാ കോടതിക്കു മുന്നില്‍പ്പോലും ഫഌക്‌സ് ബോര്‍ഡുകളുടെ പ്രളയമാണ് എപ്പോഴും. ജംഗ്ഷനുകളിലും പാലങ്ങളിലും റോഡുവക്കിലെ പോസ്റ്റുകളിലും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ കാല്‍നടയാത്രയും കാഴ്ചയും തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകുയും ചെയ്യുന്നു.അതതു സംഘടനകള്‍ തന്നെ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം അതു നീക്കുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സംഘടനകളില്‍ നിന്നു ഈടാക്കുമെന്നുമാണ് എപ്പോഴും പത്രക്കുറിപ്പുകളില്‍ പറയാറുള്ളത്. അതു ജനങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റു, നിയമസഭ, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ഇത്തരത്തില്‍ ഈടാക്കിയ തുകയുടെ വിവരങ്ങള്‍ വിശദമായി പട്ടികതിരിച്ച് ഉടനെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
സ്വകാര്യ മതിലുകളില്‍ എഴുതാനും പോസ്റ്റര്‍ ഒട്ടിക്കാനും ബാനര്‍ കെട്ടാനും തോരണം ചാര്‍ത്താനും മറ്റും ആള്‍ക്കാര്‍ അനുവദിക്കുന്നത് നല്ല മനസോടെയല്ല. പല സ്ഥാനാര്‍ഥികളും അനുവാദം ചോദിക്കാതെയാണ് അതു നടത്താറുള്ളതും. സംഘര്‍ഷം ഒഴിവാക്കാന്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ബന്ധപ്പെട്ടവരുടെ അനുമതി പത്രം നേടാതെ പതിച്ചിട്ടുള്ള പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഉടനെ നീക്കം ചെയ്തു പ്രദേശം വൃത്തിയാക്കാന്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനു നിര്‍ദേശം നല്കണമെന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പു വേളയിലെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയ്ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫിനും കത്ത് അയച്ചിട്ടുണ്ട്.