Breaking News

Trending right now:
Description
 
Mar 13, 2016

റോഡു കൈയേറ്റം ഒഴിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് തടസ്സമോ?

image നിയമസഭാ തെരഞ്ഞെടുപ്പു 2016 പ്രഖ്യാപിച്ചതോടെ ഭരണചക്രത്തിന്റെ തിരിവു പതിവു പോലെ ഞെരുങ്ങി നില്ക്കും. തെരഞ്ഞെടുപ്പും മുന്നൊരുക്കവും പിന്‍നടപടികളും എല്ലാം കൂടെ ഒരു അരവര്‍ഷമാണ് ജനങ്ങള്‍ക്ക് നഷ്ടപ്പെടുക. ഏത് ഓഫീസില്‍ ചെന്നാലും പഴിപറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പുണ്ട്! എല്ലാവരും ഇനി അതിന്റെ തിരക്കിലാണ്!!. അതു മാത്രമാണ് ചെയ്യാനുള്ള ജോലി. മറ്റൊരു കാര്യവും നടക്കില്ല.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് 2015-നും ഗതി ഇതു തന്നെയായിരുന്നു. ഫലത്തില്‍ ജനങ്ങള്‍ക്കു കാര്യസാധ്യത്തിനുള്ള ഒരു വര്‍ഷമാണ് ഇങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെടുന്നത്. ഇനി പാര്‍ലമെന്റു തെരഞ്ഞെടുപ്പു വരും. എന്നുവച്ച് ഭരണനടപടികള്‍ മാസങ്ങളോളം നിശ്ചലത്വത്തിലാക്കുന്നതു എന്തിനാണ്?

ഉദാഹരണത്തിന് ആലപ്പുഴ പട്ടണത്തിലെ റോഡു കൈയേറ്റങ്ങളും തടസ്സങ്ങളും നീക്കം ചെയ്യാന്‍ നിയമപ്രകാരം ജില്ലാ ഭരണകൂടത്തിനു കഴിയും. അതു തുടങ്ങിവച്ചതാണ്. അതിനു നിയമം അനുവദിക്കുന്നുമുണ്ട്. മുനിസിപ്പല്‍, പോലീസ് ഉദ്യോഗസ്ഥന്മാരുടെ സഹായം മാത്രമാണ് ഇക്കാര്യത്തിനു ലഭിക്കേണ്ടത്. അനധികൃത കൈയേറ്റം കൊണ്ട് ഗതാഗത തടസ്സവും റോഡപകടങ്ങളും തുടര്‍ക്കഥയാകുന്നതില്‍ ഖേദമില്ലാത്ത രാഷ്ട്രീയപാര്‍ട്ടിക്കാരെയും ജനപ്രതിനിധികളേയും ജനങ്ങള്‍ തിരിച്ചറിയും. ജില്ലാ ഭരണകൂടം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങിയാല്‍ മാത്രം മതി. നിയമലംഘകരെ നിലയ്ക്കു നിര്‍ത്താന്‍ ആവശ്യമായ അധികാരം പ്രയോഗിക്കാന്‍ എന്തിനാണ് മടിക്കുന്നതെന്നു സാധാരണക്കാര്‍ അമ്പരക്കുന്നു.

പട്ടണത്തിലെ ഏറെ ജനത്തിരക്കുള്ള എസ്.ഡി.വി റോഡിലെ സ്ഥിതി ഫോട്ടോയില്‍ കാണുക. കാണയ്ക്കു മുകളിലൂടെയാണെങ്കിലും നല്ലൊരു കാല്‍നടപ്പാത ഇവിടെയുണ്ട്. എന്നാല്‍ അതു ഉപയോഗിക്കാനുള്ള അവസരം നാട്ടുകാര്‍ക്കില്ല. അവര്‍ ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ റോഡിലൂടെ തന്നെ ജീവനും കൈയില്‍പ്പിടിച്ചു നടക്കണം. റോഡു നിരപ്പില്‍ നിന്നു നല്ല ഉയരത്തിലാണ് നടപ്പാത എന്നതിനാല്‍ അതിലേക്കു കയറാനും ഇറങ്ങാനും പ്രായമായര്‍ക്കും മറ്റും ബുദ്ധിമുട്ടാണെങ്കിലും അനേകം പേര്‍ക്ക് പ്രയോജനകരമാണ്. പക്ഷേ, റോഡിലെ വാഹന പാര്‍ക്കിംഗും വഴിയോര വാണിഭവും ഉന്തുവണ്ടി കച്ചവടവും റോഡിലേക്കുള്ള ഇറക്കുകളും ബോര്‍ഡുകളും എല്ലാം കൂടി യാത്രക്കാരുടെ കാര്യം അവതാളത്തിലാക്കും. ഇവിടെയാകട്ടെ നടപ്പാതയ്ക്കു കുറുകെയിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിനു കീഴിലൂടെ ആള്‍ക്കാര്‍ നൂഴ്ന്നു കടക്കുന്നതു അപകടകാരണമായപ്പോള്‍ ആള്‍ക്കാര്‍ കടക്കാത്തവിധം കുറുകെ കമ്പികളിട്ടു. അതോടെ നടപ്പാതയുടെ പ്രയോജനം പൂര്‍ണമായും നഷ്ടപ്പെട്ടു. വശത്തേക്കു വാഹനങ്ങള്‍ കയറേണ്ടയിടങ്ങളില്‍ ചെരിച്ചു കെട്ടില്ലാത്തതിനാല്‍ ടൈലുകള്‍ ഇളകി നടപ്പാതയും തകര്‍ന്നു തുടങ്ങി. റോഡിലേക്കിറങ്ങി നില്ക്കുന്ന തൂണുകളും അതിലെ പരസ്യങ്ങളും വേറെ.

ഇങ്ങനെയുള്ള തടസ്സങ്ങള്‍ നീക്കം ചെയ്തു ഗതാഗതം സുഗമാക്കാന്‍ നിയമസഭ ഭരണത്തിലുണ്ടായിരിക്കണം എന്നുണ്ടോ? അല്ല, ഉണ്ടെങ്കില്‍ തന്നെ വര്‍ഷങ്ങളായി ഇങ്ങനെയുള്ള തടസ്സങ്ങള്‍ ഭരണാധികാരികളും ജനപ്രതിനിധികളും കാണുന്നുമില്ലല്ലോ?! അവര്‍ അനുഭവിക്കുന്നില്ല. നടപടികള്‍ സ്വീകരിക്കുന്നുമില്ല. ആലപ്പുഴ ജില്ലാ കളക്ടറാണ് മറുപടി ഉടനെ നല്‌കേണ്ടത്. തെരഞ്ഞെടുപ്പിനു മുന്‍പു പെരുമാറ്റച്ചട്ടം നിലവിലുള്ള രണ്ടു മാസം ജനങ്ങളെ സംബന്ധിച്ച് വെറുതെ കളയാന്‍ അത്ര ചെറിയ കാലയളവല്ല.