Mar 13, 2016
മാണി രാജിവയ്ക്കാന്‍ വൈകിയത് കേരളാ കോണ്‍ഗ്രസിന് വന്‍നഷ്ടമുണ്ടാക്കി: ഫ്രാന്‍സിസ് ജോര്‍ജ്
ബാര്‍ കോഴ വിവാദത്തില്‍ മാണി രാജിവയ്ക്കാന്‍ വൈകിയതു കേരള കോണ്‍ഗ്രസിനു
വന്നഷ്ടമാണുണ്ടാക്കിയതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ്
ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു. അധികാരത്തിനായി കടിച്ചുതൂങ്ങുന്നവരാണു
കേരള കോണ്‍ഗ്രസുകാരെന്ന ധാരണ പരത്താന്‍ ഇതു കാരണമായി. അദ്ദേഹം
രാജിവച്ചിട്ടും മറ്റൊരാള്‍ക്കു മന്ത്രിസ്ഥാനം നല്കാതിരുന്നതു മറ്റ്
എംഎല്‍എമാര്‍ മാണിയുടെ കണ്ണില്‍ യോഗ്യരല്ലാത്തവരായിരുന്നതുകൊണ്ടോ
കഴിവില്ലാത്തവര്‍ ആയിരുന്നതുകൊണ്ടോ ആകാം. അല്ലെങ്കില്‍ ധനകാര്യവകുപ്പ്
തനിക്കും കുടുംബത്തിനും മാത്രമാണെന്ന ചിന്തയാകാം ഇതിനുപിന്നില്‍. രാജിവച്ച
മാണി തന്റെ വകുപ്പുകള്‍ പാര്‍ട്ടിയിലെ എംഎല്‍എമാര്‍ക്ക് കൈമാറാതെ
മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചത് അവരോടുള്ള വിശ്വാസക്കുറവുകൊണ്ടാണോ അതോ
കഴിവില്ലായ്മകൊണ്ടാണോ എന്നു വ്യക്തമാക്കണം. താനുള്‍പ്പെടെ
പാര്‍ട്ടിയില്‍നിന്നു വിട്ടുപോന്നവര്‍ പിന്നില്‍നിന്നു കുത്തിയെന്നു
പറയുന്ന മാണി ഈ 84-ാം വയസില്‍ ആത്മപരിശോധന നടത്തണം. ആ ഏര്‍പ്പാട് കേരള
രാഷ്ട്രീയത്തില്‍ തുടങ്ങിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ബാര്‍ കോഴ
സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ചും പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടിനെക്കുറിച്ചും പറയേണ്ടതും മാണി തന്നെയാണ്. കോഴക്കേസില്‍
ഗൂഢാലോചന നടത്തിയത് ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി
പറയുന്നുണ്ട്. ധൈര്യമുണ്ടെങ്കില്‍ അക്കാര്യം മാണി വെളിപ്പെടുത്തട്ടെ.
ധനമന്ത്രിയായിരിക്കെ രഹസ്യസ്വഭാവമുള്ള ബജറ്റ് കച്ചവടം ചെയ്തു
പണമുണ്ടാക്കിയെന്ന ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും കെ.എം. മാണി എന്തുകൊണ്ടു
നിയമ നടപടി സ്വീകരിക്കുന്നില്ല. ഒരു ധനകാര്യ മന്ത്രിക്കെതിരേ ഏറ്റവും
കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതു മാണിക്കെതിരേയാണ്. കേരള കോണ്‍ഗ്രസ്
എമ്മില്‍ ഏകപക്ഷീയവും കുടുംബ കേന്ദ്രീകൃതവുമായ നീക്കങ്ങളാണു
നടക്കുന്നതെന്നു ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി. എല്‍ഡിഎഫുമായി
ഇതുവരെ ഗൗരവമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എല്‍ഡിഎഫിന് പിന്തുണയുമായി
നില്ക്കുന്ന കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം, കേരളാ കോണ്‍ഗ്രസ്
സെക്യുലര്‍ തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമോ എന്ന മാധ്യമ
പ്രവര്‍ത്തകരുടെ ചോദ്യത്തിന് വലിയ മഹാത്മാക്കളുമായി ചര്‍ച്ച നടത്താനുള്ള
യോഗ്യത തങ്ങള്‍ക്കില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.