Breaking News

Trending right now:
Description
 
Mar 12, 2016

കതിരൂര്‍ മനോജ്‌ വധക്കേസ്‌: നുണപരിശോധനയ്‌ക്ക്‌ പി.ജയരാജന്‍ വിസമ്മതിച്ചു

image കതിരൂര്‍ മനോജ്‌ വധക്കേസില്‍ നുണപരിശോധനയ്‌ക്ക്‌ താല്‍പര്യമില്ലെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സിബിഐയെ അറിയിച്ചു. ജയരാജന്റെ റിമാന്‍ഡ്‌ കോടതി ഏപ്രില്‍ എട്ടുവരെ നീട്ടിയിട്ടുണ്ട്‌. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മൂന്നുദിവസമായി സിബിഐ നടത്തുന്ന ചോദ്യം ചെയ്യല്‍ ഇന്നലെ അവസാനിച്ചു. ജയരാജനെ ജയിലില്‍വച്ചു ഫലപ്രദമായ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ്‌ സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. മനോജ്‌ വധത്തിനു പിന്നിലെ ഗൂഢാലോചനയും മറ്റു വിശദാംശങ്ങളും പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചു നടത്തിയ ചോദ്യം ചെയ്യലിനോട്‌ ജയരാജന്‌ സഹകരണം ഒട്ടുമില്ലായിരുന്നു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ സിബിഐ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ചോദ്യം ചെയ്യലിന്റെ അവസാനദിവസമായ ഇന്നലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട്‌ താന്‍ നിരപരാധിയാണെന്നായിരുന്നു ജയരാജന്റെ മറുപടി. എങ്കില്‍ നുണപരിശോധനയ്‌ക്ക്‌ തയാറാണോ എന്നചോദ്യത്തിന്‌ വിസമ്മതം അറിയിക്കുകയും ചെയ്‌തു. അടച്ചിട്ട മുറിയിലായിരുന്നു സിബിഐയുടെ ചോദ്യം ചെയ്യലെന്നും താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങളില്‍വരുന്നുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ പി.ജയരാജന്‍ കോടതിയെ അറിയിച്ചു. ഇന്നലെ രണ്ടരയ്‌ക്കായിരുന്നു വീഡിയോ കോണ്‍ഫറന്‍സ്‌. വീഡിയോ കോണ്‍ഫറന്‍സിലാണ്‌ പ്രന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി പി.ജയരാജന്റെ റിമാന്‍ഡ്‌ നീട്ടിയത്‌. മറ്റാരുടെയും ഇടപെടല്‍ ഇല്ലാതെ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ട്‌ സിബിഐ ഈമാസം പതിനാലിനു കോടതിയെ സമീപിക്കും.