Breaking News

Trending right now:
Description
 
Mar 12, 2016

ക്ഷയരോഗത്തിനെതിരേയുള്ള യുദ്ധം തുടരുകയാണ്‌

മാര്‍ച്ച്‌ 12 - ലോക ക്ഷയരോഗദിനം
image ഡോ. ഗസന്‍ഫര്‍ ഷേയ്‌ക്ക്‌
ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ പള്‍മണോളജി റെസ്‌പിരേറ്ററി മെഡിസിന്‍, 
ആസ്റ്റര്‍ മിംസ്‌, കോട്ടയ്‌ക്കല്‍


ഒരാളില്‍നിന്ന്‌ മറ്റൊരാളിലേയ്‌ക്ക്‌ പകരാത്ത ജീവിതശൈലീ രോഗങ്ങള്‍ ഇന്ന്‌ നമ്മുടെയിടയില്‍ വര്‍ദ്ധിച്ചുവരികയാണ്‌. ഇതിനിടയിലും അധികം ശ്രദ്ധനേടാതെ പടരുന്നൊരു രോഗമുണ്ട്‌ - ക്ഷയം. ടിബി (ട്യൂബര്‍ക്കുലോസിസ്‌) എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗത്തെ കീഴടക്കാന്‍ പതിറ്റാണ്ടുകളായി യുദ്ധം തുടരുകയാണ്‌.

മനുഷ്യര്‍ അറിഞ്ഞതില്‍ ഏറ്റവും പഴക്കംചെന്ന രോഗമാണ്‌ ക്ഷയം. ഈജിപ്‌റ്റിലെ മമ്മികളിലും പുരാതന ഇന്ത്യയിലും ചൈനയിലും നിന്ന്‌ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളിലും ക്ഷയത്തിനു കാരണമാകാവുന്ന മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ്‌ എന്ന സൂക്ഷ്‌മജീവിയെ കണ്ടെത്തിയിട്ടുണ്ട്‌. പല പേരുകളില്‍ ഈ രോഗം അറിയപ്പെടുന്നുണ്ട്‌. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗി വിളറിവെളുക്കുമെന്നതിനാല്‍ `വൈറ്റ്‌ പ്ലേഗ്‌` എന്നും ഇതിന്‌ പേരുണ്ട്‌.

ലോകത്ത്‌ ഏറ്റവുമധികം ക്ഷയരോഗികളുള്ള രാജ്യമാണ്‌ ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 2.2 ദശലക്ഷം ക്ഷയരോഗികളുണ്ട്‌. ലോകമാകമാനം 9 ദശലക്ഷം ക്ഷയരോഗികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇന്ത്യന്‍ ജനതയില്‍ 40 ശതമാനം പേരിലും ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, ഇവരില്‍ മിക്കവരിലും സജീവമല്ലാതെ ഒളിഞ്ഞുകിടക്കുന്നതോ നിഷ്‌ക്രിയമായ രീതിയിലോ ആണ്‌ രോഗകാരികള്‍ കാണപ്പെടുന്നത്‌.

എല്ലാത്തരം കടുത്ത ചുമയുള്ളവര്‍ക്കും ടിബി പരിശോധന നടത്തേണ്ടത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. പനി, പ്രത്യേകിച്ച്‌ രാത്രിയിലുള്ള പനി, തൂക്കം കുറയുക, വിശപ്പില്ലായ്‌മ എന്നിവയാണ്‌ ക്ഷയത്തിന്റെ മറ്റ്‌ ലക്ഷണങ്ങള്‍. കഫ പരിശോധനയിലൂടെ ക്ഷയത്തിനു കാരണമാകുന്ന ബാക്ടീരിയകളെ കണ്ടെത്താം. അതുപോലെതന്നെ നെഞ്ചിന്റെ എക്‌സ്‌റേ പരിശോധനയിലൂടെ ബാക്ടീരിയകള്‍ ഉണ്ടാക്കിയിട്ടുള്ള നാശം തിരിച്ചറിയാനാകും. ഡോട്‌സ്‌ (ഡയറക്ട്‌ലി ഒബ്‌സേര്‍വ്‌ഡ്‌ ട്രീറ്റ്‌മെന്റ്‌, ഷോര്‍ട്ട്‌ കോഴ്‌സ്‌) എന്ന ചികിത്സാരീതിയാണ്‌ ഇപ്പോള്‍ ക്ഷയരോഗത്തിനായി നിര്‍ദ്ദേശിക്കുന്നത്‌. കുറഞ്ഞ ചെലവില്‍, ഉയര്‍ന്ന തോതില്‍ രോഗശമനം സാധ്യമാക്കുന്നതിനാണ്‌ ഡോട്‌സ്‌ പ്രാഥമികമായി ലക്ഷ്യമിടുന്നത്‌. ആറു മുതല്‍ ഒന്‍പത്‌ മാസം വരെയുള്ള കാലയളവിലാണ്‌ ചികിത്സ.വിവിധ മരുന്നുകളോട്‌ പ്രതിരോധിക്കുന്ന ക്ഷയരോഗാണുക്കള്‍ (മള്‍ട്ടിഡ്രഗ്‌ റെസിസ്‌റ്റന്റ്‌ ട്യൂബര്‍ക്കുലോസിസ്‌ - എംഡിആര്‍ ടിബി) വര്‍ദ്ധിച്ചുവരുന്നത്‌ ടിബി ചികിത്സയില്‍ വലിയ വെല്ലുവിളിയാണ്‌. ക്ഷയരോഗത്തിനെതിരേ ഉപയോഗിക്കുന്ന ഐസോണിയസിഡ്‌, റിഫാംപിസിന്‍ എന്നീ രണ്ട്‌ മരുന്നുകള്‍ക്കെതിരേ ക്ഷയരോഗാണുക്കള്‍ പ്രതിരോധം നേടുന്നുണ്ട്‌. പ്രത്യേക ലാബറട്ടറികളിലെ പരിശോധനകളിലൂടെ മാത്രമേ എംഡിആര്‍ ടിബി കണ്ടെത്താന്‍ സാധിക്കൂ. നൂതനവും വിലയേറിയതുമായ മരുന്നുകള്‍ ഉപയോഗിച്ച്‌ 18 മുതല്‍ 24 മാസം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സ വേണ്ടി വരും ഇത്തരം ക്ഷയരോഗം സുഖമാകാന്‍.ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിച്ചുപോകുന്നതാണ്‌ ക്ഷയരോഗ ചികിത്സയിലെ മറ്റൊരു വെല്ലുവിളി. എച്ച്‌ഐവി/എയ്‌ഡ്‌സ്‌, ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം എന്നിവ രോഗപ്രതിരോധശേഷി കുറയ്‌ക്കും. നേരത്തെ പട്ടിണി, പോഷകാഹാരക്കുറവ്‌, തിങ്ങിക്കൂടിയുള്ള ജീവിതം എന്നിവയോടു ചേര്‍ന്നായിരുന്നു ക്ഷയരോഗം കണ്ടിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ മധ്യവര്‍ഗമെന്നോ ഉയര്‍ന്നവര്‍ഗമെന്നോ വ്യത്യാസമില്ലാതെ ക്ഷയരോഗം കണ്ടുവരുന്നുണ്ട്‌. കേരളത്തിലെ ക്ഷയരോഗികളില്‍ പകുതിപ്പേരും പ്രമേഹബാധിതരാണ്‌. ക്ഷയരോഗചികിത്സയ്‌ക്കൊപ്പം പ്രമേഹം നേരത്തെ തന്നെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നത്‌ ക്ഷയരോഗചികിത്സയില്‍ ഗുണം ചെയ്യും.

ക്ഷയരോഗത്തിനെതിരേയുള്ള യുദ്ധം തുടരുകയാണ്‌. എച്ച്‌ഐവി, മറ്റ്‌ രോഗപ്രതിരോധശേഷി കുറയ്‌ക്കുന്ന രോഗങ്ങള്‍ എന്നിവയെ മുതലാക്കി ക്ഷയരോഗാണുക്കള്‍ തിരിച്ചടിക്കുന്നു. അതിനൊപ്പം മരുന്നുകള്‍ക്കെതിരേ പ്രതിരോധശേഷി നേടുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നുതന്നെയുള്ള രോഗനിര്‍ണയം പ്രധാന്യമര്‍ഹിക്കുന്നതാണ്‌. രോഗിക്ക്‌ പെട്ടെന്ന്‌ തന്നെ ശരിയായ ചികിത്സ നല്‌കുന്നതിനും മറ്റുള്ളവരിലേയ്‌ക്ക്‌ രോഗം പടരാതിരിക്കുന്നതിനും ഇത്‌ സഹായിക്കും.