Breaking News

Trending right now:
Description
 
Mar 10, 2016

ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടി രൂപീകരിച്ചു

image ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ചെയര്‍മാനായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തില്‍ നിന്നു രാജിവച്ചവരാണ്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചിച്ചത്‌. ഡോ. കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റണി രാജു കരട്‌ ഭരണഘടന അവതരിപ്പിച്ചു. കേരള കോണ്‍ഗ്രസ്‌-എമ്മില്‍ നിന്നു രാജിവച്ച പി.സി. ജോസഫ്‌, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന്‍, സണ്ണി മണ്ണത്തൂക്കാരന്‍ തുടങ്ങിയ നേതാക്കളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിവിധ പോഷക സംഘടനകളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. മതേതര പുരോഗമന ശക്തികളുമായി ചേര്‍ന്നു പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ വ്യക്തമാക്കി. സംഘടനാ സംവിധാനം രൂപീകരിക്കുന്ന പ്രക്രിയ പൂര്‍ത്തിയായാല്‍ ഇടതുപക്ഷവുമായുള്ള ചര്‍ച്ചകള്‍ നടക്കും. പാര്‍ട്ടി രൂപീകരണ യോഗത്തില്‍ കേരള കോണ്‍ഗ്രസ്‌-എമ്മില്‍നിന്നു രാജിവച്ച 326 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുവെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയാകും പുതിയ പാര്‍ട്ടി നിലനില്‍ക്കുക. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കും. പുതിയ പാര്‍ട്ടി എന്ന നിലയില്‍ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണ്‌. ദൈവത്തില്‍ ആശ്രയിച്ച്‌ ത്യാഗനിര്‍ഭരമായുള്ള പ്രവര്‍ത്തനമാണ്‌ ആവശ്യം. കേരള രാഷ്‌ട്രീയത്തിലെ നിര്‍ണായക ശക്തിയായി പുതിയ പാര്‍ട്ടി മാറും. കേരള കോണ്‍ഗ്രസ്‌-എം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്‌. കൂടുതല്‍പേര്‍ പുതിയ പാര്‍ട്ടിയില്‍ എത്തും. കേരള കോണ്‍ഗ്രസ്‌-എം പാര്‍ട്ടിയെ കോര്‍പറേറ്റുകള്‍ക്ക്‌ അടിയറ വയ്‌ക്കാനും വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികളുമായി സന്ധി ചെയ്യിക്കാനുമാണു നേതൃത്വം ശ്രമിക്കുന്നത്‌. ബിജെപിയുമായി ചര്‍ച്ച നടത്തിയതു പാര്‍ട്ടിയില്‍ ആലോചിച്ചല്ലെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ കുറ്റപ്പെടുത്തി. ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ കെ.എം. മാണി രാജിവയ്‌ക്കാന്‍ വിമുഖത കാണിച്ചു. രാജിവച്ചപ്പോള്‍ മന്ത്രിസ്ഥാനം മറ്റ്‌ എംഎല്‍എമാര്‍ക്കു നല്‍കാത്തതിന്‌ കെ.എം. മാണി മറുപടി പറയണം. ലയനശേഷം ജോസഫ്‌ വിഭാഗത്തോടു മാണി നീതി കാണിച്ചിട്ടുണ്ടോ എന്ന്‌ പി.ജെ. ജോസഫ്‌ വ്യക്തമാക്കണം. കര്‍ഷകര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിനോ പാര്‍ട്ടിക്കോ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. പുതിയ പാര്‍ട്ടിയുടെ ആസ്ഥാനം കോട്ടയത്ത്‌ ആയിരിക്കും. ഈമാസം 16നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.