Breaking News

Trending right now:
Description
 
Mar 09, 2016

കേരളത്തിലെത്തി രണ്ടുദിവസം കൊണ്ട്‌ കോടീശ്വരന്‍; ജീവന്‍ ഭയന്ന്‌ പൊലീസ്‌ സ്റ്റേഷനില്‍ അഭയംതേടി

image കെട്ടിടനിര്‍മാണ ജോലിക്കായി രണ്ടുദിവസം മുമ്പ്‌ ബംഗാളില്‍നിന്ന്‌ കേരളത്തിലെത്തിയ മൊഫിജില്‍ റഹ്‌മാന്‍ ഷേഖ്‌ (22) ഒറ്റദിവസം കൊണ്ട്‌ കോടീശ്വരനായി. കാരുണ്യ ലോട്ടറിയാണ്‌ ഒരുകോടി മൊഫിജിനു നേടിക്കൊടുത്തത്‌. കോഴിക്കോട്‌ വന്ന്‌ ആദ്യമായി എടുത്ത ടിക്കറ്റിന്‌ ഒന്നാം സമ്മാനം ലഭിച്ചെങ്കിലും ജീവന്‍ ഭയന്ന്‌ ഈ യുവാവ്‌ രണ്ടുദിവസം പൊലീസ്‌ സ്റ്റേഷനില്‍ അഭയം തേടുകയും ചെയ്‌തു. താമസിച്ചിരുന്ന വാടകമുറിയില്‍നിന്നു പുറത്തിറങ്ങുന്നതും ആളുകളെ കാണുന്നതും ഭയന്നാണ്‌ മോഫിജിന്‍ പൊലീസ്‌ സ്റ്റേഷനിലെത്തിയത്‌. ആറ്‌, ഏഴ്‌ തീയതികള്‍ ബാങ്ക്‌ അവധി ആയതിനാല്‍, ബാങ്ക്‌ തുറക്കുംവരെ, സ്റ്റേഷനില്‍ അഭയം നല്‌കണമെന്ന മൊഫിജിലിന്റെ ആഭ്യര്‍ഥന എസ്‌ഐ ചെവിക്കൊണ്ടു. അങ്ങനെ ശനിയാഴ്‌ച വൈകുന്നേരം മുതല്‍ ഇന്നലെ രാവിലെ വരെ ഭാഗ്യസ്വപ്‌നങ്ങള്‍ നെയ്‌ത്‌ അയാള്‍ സ്റ്റേഷനില്‍ കഴിഞ്ഞു. ഇന്നലെ രാവിലെ പൊലീസിന്റെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന്‌ എസ്‌ബിഐ ശാഖയില്‍ ടിക്കറ്റ്‌ സമര്‍പ്പിച്ചശേഷമാണ്‌ മൊഫിജില്‍ വാടകമുറിയിലേക്ക്‌ തിരിച്ചുപോയത്‌. വീട്ടില്‍ കടുത്ത പട്ടിണിയായതിനാലാണ്‌ ജോലി അന്വേഷിച്ച്‌ കേരളത്തിലെത്തിയതെന്നു മൊഫിജിന്‍ വ്യക്തമാക്കി. ഭാഗ്യദേവത കടാക്ഷിച്ചതിനാല്‍ അടുത്തുതന്നെ നാട്ടിലേക്കു തിരിക്കുമെന്നും വീടുവയ്‌ക്കുകയും ബിസിനസ്‌ നടത്തുകയുമാണ്‌ ആഗ്രഹമെന്നും ഈ കൊച്ചുകോടീശ്വരന്‍ പറയുന്നു.