Breaking News

Trending right now:
Description
 
Mar 08, 2016

മറക്കാനാവില്ല ആ നൊമ്പരം, മഹാകവീ മാപ്പ്‌!

ഫ്രാന്‍സിസ്‌ തടത്തില്‍, ന്യൂജേഴ്‌സി
image 'മഹാകവി മാപ്പ്‌.' മലയാളത്തിന്റെ ആത്മാവും മലയാള കവിതയുടെയും സിനിമാഗാനങ്ങളുടെയും ആധുനിക രചനാവൈഭവംകൊണ്ട്‌ ലോകമെമ്പാടുമുള്ള മലയാളികളെ ത്രസിപ്പിച്ച മഹാകവിയുമായ പ്രഫ. ഒ.എന്‍.വി. കുറുപ്പ്‌ യാത്രയായപ്പോള്‍ ഓര്‍മ്മകള്‍ ബാക്കിവച്ചത്‌ ഒത്തിരി നൊമ്പരങ്ങള്‍ മാത്രം. ഇണങ്ങിയും പിണങ്ങിയും കവിയോടൊത്തുള്ള സൗഹൃദം ആദ്യം കയ്‌പ്പുനിറഞ്ഞതും പിന്നീട്‌ മധുരിക്കുന്നതുമായ അനുഭവമായിരുന്നു.

കവിയുടെ നിഷ്‌കളങ്കമായ സ്വഭാവത്തെ തിരിച്ചറിയാതിരുന്നതുകൊണ്ടല്ല പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യം നിര്‍വഹിച്ചപ്പോള്‍ കവിക്കുണ്ടായ വിഷമമാണ്‌ ഞങ്ങള്‍ക്കിടയിലെ നീരസങ്ങള്‍ക്ക്‌ കാരണം.

ഏതാണ്ട്‌ രണ്ട്‌ ദശാബ്ദങ്ങള്‍ക്കുമുമ്പ്‌ ദീപിക ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ എന്റെ കര്‍മ്മമണ്ഡലത്തില്‍ നേരായ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഞാന്‍ അവിചാരിതമായി മലയാളത്തിന്റെ ശ്രേഷ്‌ഠകവിയും മലയാള കവിതാ പിതാമഹന്മാരില്‍ ഒരാളുമായ മഹാകവി വള്ളത്തോളിന്റെ നാമഥേയത്തില്‍ ലോക പ്രശസ്‌തിയാര്‍ജ്ജിച്ച കേരള കലാമണ്ഡലം എന്ന കലയുടെ കേളികെട്ടുയരുന്ന സര്‍ഗഭൂമിയിലേക്ക്‌ എന്റെ ശ്രദ്ധപതിയുന്നത്‌. കൂത്തമ്പലങ്ങളും സംഗീതവും നൃത്തനൃത്യാദി കലകളെ മാത്രം പരിപോഷിപ്പിക്കുന്ന വടക്കാഞ്ചേരിയിലെ നിളയുടെ തീരത്തെ പടവുകള്‍ക്കിപ്പുറം കലയുടെ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ പേറുന്ന കലാമണ്ഡലം എന്ന കലാക്ഷേത്രത്തില്‍ രാഷ്ട്രീയത്തിന്റെ കത്തി കെട്ടിയാടുന്ന വാര്‍ത്ത പുറംലോകം അറിയാന്‍ തുടങ്ങിയത്‌. രാഷ്ട്രീയം അന്നുവരെ കടന്നുചെന്നിട്ടില്ലാത്തിടത്ത്‌ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കുതിരകയറ്റം എട്ടുംപൊട്ടും തിരിയാത്ത കുരുന്നു പ്രതിഭകളെ വിഷമവൃത്തത്തിലാക്കി.

കലാമണ്ഡലത്തില്‍നിന്നും ഓരോ ദിവസവും ഉയര്‍ന്നുവന്ന കഥകള്‍ തികച്ചും അരോചകവും അനഭിലഷണീയവുമായിരുന്നു. ഇക്കലയളവില്‍ ആ മഹാപ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നതാകട്ടെ പ്രഫസര്‍ ഒ.എന്‍.വി കുറുപ്പും. ദീപിക പത്രത്തില്‍ ഒരു ലീഡര്‍ പേജ്‌ പരമ്പര തുടങ്ങുക എന്ന്‌ ഉദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ ഫോട്ടോഗ്രാഫര്‍ എ.എസ്‌. സതീശുമൊത്ത്‌ കലാമണ്ഡലത്തില്‍ എത്തിയത്‌. കലാമണ്ഡലത്തിലെ കുരുന്നുപ്രതിഭകളേയും അധ്യാപകരേയും കളങ്കപ്പെടുത്തി നിലവധി നിറം പിടിപ്പിച്ച കഥകള്‍ ക്യാംപസുകളില്‍ ഉടനീളംപരന്നിരുന്നു. രാഷ്ട്രീയത്തില്‍ ചേരാന്‍ വിമുഖത കാട്ടിയവര്‍ക്കെതിരേ ആയിരുന്നു തന്ത്രങ്ങള്‍ ഏറെയും. ഈ സമയം ചെയര്‍മാന്‍ ഒ.എന്‍.വി. കുറുപ്പ്‌ കഥകളി കലാകാരന്മാരോടാപ്പം അമേരിക്കന്‍ ഐക്യനാടുകളില്‍ വിവിധ സ്റ്റേജ്‌ പ്രാഗ്രാമുകള്‍ക്കായി പരിശീലനത്തിലായിരുന്നു. ഈ സമയം കലാമണ്ഡലമാകട്ടെ നാഥനില്ലാക്കളരിയും.

കാക്കിപ്പടയ്‌ക്കു പ്രവേശനമില്ലാതിരുന്ന കലാമണ്ഡലമെന്ന കഥയുടെ വിശുദ്ധഭൂമിയില്‍ പോലീസ്‌ തേര്‍വാഴ്‌ച നടത്തി. നിഷ്‌കളങ്കരായ കുരുന്ന്‌ പ്രതിഭകളെ തല്ലിച്ചതച്ചു, അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മാനംകെടുത്തി. കലാമണ്ഡലമെന്ന കലാക്ഷേത്രം ഒരു കുരുക്ഷേത്രഭൂമിയായി മാറി. ഏഴു കടലുകള്‍ക്കപ്പുറം വിദേശ പര്യടനത്തിലായിരുന്ന ഒ.എന്‍.വി കുറുപ്പിന്‌ യാതൊരു നടപടിയും എടുക്കുവാന്‍ കഴിഞ്ഞില്ല. ഇതിനിടെ ക്യാംപസ്‌ അലങ്കോലപ്പെട്ടു. കലാക്ഷേത്രം അടച്ചുപൂട്ടി.

ഏതാണ്ട്‌ രണ്ടാഴ്‌ചക്കുശേഷമാണ്‌ ചെയര്‍മാന്‍ ഒ.എന്‍.വി മടങ്ങിയെത്തിയത്‌. ഇതിനിടെ ദീപിക പത്രത്തില്‍ ഏഴ്‌ അദ്ധ്യായങ്ങളായി എന്റെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. വിദേശത്തുനിന്നു മടങ്ങിയെത്തിയ ഒ.എന്‍.വി തൃശൂര്‍ പ്രസ്‌ ക്ലബില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി എന്റെ ലേഖന പരമ്പരയിലെ വസ്‌തുതകള്‍ക്കെതിരേ ആഞ്ഞടിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു.

പത്രപ്രവര്‍ത്തനത്തില്‍ തുടക്കക്കാരനായിരുന്ന എനിക്ക്‌ ഒട്ടനവധി പത്രപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭയമായിരുന്നു. എങ്കിലും വേറിട്ട വാശിയോടെ ഞാന്‍ ആരോപണങ്ങളില്‍ ഉറച്ചുനിന്നു. കവിയോടല്ല കേരളകലാമണ്ഡലത്തിനെതിരേയാണ്‌ എന്റെ ആരോപണങ്ങള്‍ എന്ന്‌ ഞാന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. പിന്നീട്‌ പത്രസമ്മേളനം കഴിഞ്ഞ്‌ ബ്യൂറോയില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ടെലിഫോണ്‍ സന്ദേശം വന്നു. എന്നെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 1997 കാലഘട്ടത്തിലായിരുന്നു ഈ സംഭവം. അന്ന്‌ 'മഹാകവി മാപ്പ്‌' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഈ ലേഖന പരമ്പരക്ക്‌ എനിക്ക്‌ 'പ്രഥമ പൂഴങ്കര ബാലനാരായണന്‍ എന്‍ഡോവ്‌മെന്റ്‌' പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട്‌ എന്റെ പ്രിയപ്പെട്ട കവിയും എഴുത്തുകാരനുമായി മാറിയ ഒ.എന്‍.വി കുറുപ്പ്‌ എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ മറക്കാനാവാത്ത വഴികാട്ടിയായിരുന്നു.

അദ്ദേഹത്തിന്റെ കവിതകള്‍ എന്നപോലെ പ്രസംഗവും എന്നെ ഏറെ ത്രസിപ്പിച്ചിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട്‌ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന പ്രഭാഷകനായിരുന്നു ഒ.എന്‍.വി കുറുപ്പ്‌. അദ്ദേഹത്തിന്റെ വാഗ്‌ധോരണികള്‍, സൂക്തങ്ങള്‍, അനര്‍ഗളമായ വാക്കുകളുടെ പ്രവാഹം, കേള്‍വിക്കാരെ ഏതോ ഒരു സുഖാനുഭൂതിയിലേക്കു നയിക്കുമായിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രക്ക്‌ ദേശീയ പുരസ്‌കാരവും ലോക പ്രശസ്‌തിയും നേടിക്കൊടുത്ത 'മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...' എന്ന ഒറ്റ ഒരു ഗാനം മതി ഈ മഹാകവിയുടെ പദങ്ങളുടെ ലാളിത്യവും നൈര്‍മ്മല്യവും സുഖാനുഭൂതിയുമറിയാന്‍. മലയാള മനോരമ മ്യൂസിക്‌ പുറത്തിറക്കിയ 'ഹേ ബാംസൂരി' എന്നു തുടങ്ങുന്ന കവിത ജി. വേണുഗോപാലിന്റെ മധുരമായ കണ്‌ഠത്തിലൂടെ ആലപിക്കപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിനു മലയാളികളാണ്‌ ആ കവിതയെ നെഞ്ചിലേറ്റിയത്‌.തിരുവനന്തപുരത്തായിരുന്നപ്പോള്‍ വിജെടി ഹാളിലും മറ്റും ഒ.എന്‍.വിയുടെ പ്രഭാഷണം ഉണ്ടെന്നു കേട്ടാല്‍ ഒരു കേള്‍വിക്കാരനായോ റിപ്പോര്‍ട്ടറായോ പോകുവാന്‍ മറക്കുമായിരുന്നില്ല. ഒരു ദശാബ്ദമായി അങ്ങയുടെ വാക്കുകള്‍ ശ്രവിച്ചിട്ട്‌. പക്ഷേ ഇന്ന്‌ കാസറ്റ്‌ കവിതകളിലും പുസ്‌തക കവിതകളിലും അങ്ങ്‌ നിറഞ്ഞുനില്‍ക്കുന്നു. ലോകമലയാളികളുടെ ഹൃദയത്തില്‍ മറക്കാനാവാത്ത ഒരു നൊമ്പരമായി മലയാള ചലച്ചിത്ര ഗാനരംഗത്ത്‌ തലമുറകള്‍ സ്‌മരിക്കപ്പെടുന്ന ഗാനശകലങ്ങളുടെ വക്താവായി. മറക്കില്ല ഒരിക്കലും ഒരുനാളും. ആ മഹാമനസ്സിനേറ്റ നൊമ്പരം... മഹാകവി മാപ്പ്‌....