Breaking News

Trending right now:
Description
 
Mar 08, 2016

കൊട്ടാരക്കര പൊലീസ്‌ സ്റ്റേഷന്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ആക്രമിച്ചു

image കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സംഘടിച്ചെത്തിയ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ്‌ സ്റ്റേഷനു നേരെ ആക്രമണം നടത്തി. സിഐയും എസ്‌ഐയും അടക്കം അഞ്ചുപൊലീസുകാര്‍ക്കു പരുക്കേറ്റു. കല്ലേറിലും മര്‍ദ്ദനത്തിലുമാണ്‌ പരുക്ക്‌. മൂന്നു പൊലീസ്‌ ജീപ്പുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സ്റ്റേഷന്റെ ജനല്‍ ഗ്ലാസും ഓടും ഷീറ്റും കല്ലേറില്‍ തകര്‍ന്നു. തിങ്കളാഴ്‌ച അര്‍ധ രാത്രിയോടെയാണ്‌ സംഭവം. പൊലീസ്‌ ജീപ്പ്‌ തടഞ്ഞുനിര്‍ത്തിയാണ്‌ സിഐ അടക്കമുള്ളവരെ ആയുധങ്ങളുമായി അക്രമികള്‍ നേരിട്ടത്‌. പരുക്കേറ്റ പൊലീസുകാര്‍ കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സതേടി. പൊലീസ്‌ രാത്രി നടത്തിയ വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരോട്‌ മോശമായി പെരുമാറിയ ആര്‍എസ്‌എസ്‌ താലൂക്ക്‌ പ്രചാരകന്‍ തിരുവനന്തപുരം സ്വദേശി ബിനിഷിനെ പൊലീസ്‌ സ്റ്റേഷനില്‍ എത്തിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. ബിനീഷിനെ പൊലീസ്‌ മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ സംഘടിച്ച്‌ സ്റ്റേഷനില്‍ എത്തി ഇയാളെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞെത്തിയ സിഐ സജികുമാര്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരോട്‌ സ്റ്റേഷന്‌ പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ പ്രവര്‍ത്തകര്‍ സിഐയെ ആക്രമിക്കാനും ശ്രമിച്ചു. പിന്നീട്‌ പുറത്തേക്കുപോയ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കല്ലേറ്‌ നടത്തുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കല്ലേറില്‍ വനിതാ സിഐയുടെ ജീപ്പിനും കേടുപാടുണ്ടായി. പൊലീസ്‌ ലാത്തിവീശിയതോടെ ഓടിയ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ സമീപത്തെ ഗണപതി ക്ഷേത്രവളപ്പിലും ആര്‍എസ്‌എസ്‌ കാര്യാലയത്തിലും ഒളിച്ചു. തുടര്‍ന്ന്‌ പട്രോളിംഗിനിറങ്ങിയ സിഐയുടെ ജീപ്പ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ തടയുകയും സിഐ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു. പൊലീസ്‌ ജീപ്പും അടിച്ചുതര്‍ത്തു. വിവരമറിഞ്ഞ്‌ കുണ്ടറയില്‍ നിന്നും കൊട്ടാരക്കരയിലേക്ക്‌ വരികയായിരുന്ന പൊലീസ്‌ ജീപ്പും സംഘം അടിച്ചുതകര്‍ത്തു. മൂന്നു മണിക്കൂറോളം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയാണ്‌ പൊലീസ്‌ കേസ്‌ എടുത്തു.