Breaking News

Trending right now:
Description
 
Mar 08, 2016

പി.ജയരാജന്‍ സിബിഐ കസ്റ്റഡിയില്‍

image കതിരൂര്‍ മനോജ്‌ വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മൂന്ന്‌ ദിവസത്തേക്ക്‌ ഉപാധികളോടെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ ഉത്തരവ്‌. നാളെ രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക്‌ ജയരാജനെ സിബിഐ ചോദ്യം ചെയ്യും. ജയരാജനെ ജയിലിലോ ആശുപത്രിയിലോ ചോദ്യം ചെയ്യാനാണ്‌ സിബിഐക്ക്‌ അനുമതി ലഭിച്ചിരിക്കുന്നത്‌. രാവിലെ ഒന്‍പത്‌ മുതല്‍ വൈകിട്ട്‌ ആറ്‌ വരെയുള്ള സമയങ്ങളില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥര്‍ അല്ലാതെ ചോദ്യം ചെയ്യുന്ന സമയത്ത്‌ മറ്റ്‌ ആരുടെയും സാന്നിധ്യം പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അഭിഭാഷകന്റെയും ഡോക്ടറുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ജയരാജന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ ജയരാജനിപ്പോള്‍. ചികിത്സയില്‍ കഴിയുന്ന ജയരാജനിപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജയരാജന്‍ ചികിത്സയിലാണെന്നും കസ്റ്റഡി അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വാദം തള്ളി കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണെങ്കിലും ജയരാജന്‍ ഇതുവരെ ജയിലില്‍ കിടന്നിട്ടില്ല. റിമാന്‍ഡ്‌ ചെയ്‌തതിനു പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക്‌ ചികിത്സ തേടാന്‍ കോടതി ജയരാജനു അനുമതി നല്‍കുകയായിരുന്നു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ജയരാജന്‍ ചികിത്സ തേടി.