Breaking News

Trending right now:
Description
 
Mar 07, 2016

പുറത്തുപോയവര്‍ പാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തിയവരാണെന്ന്‌ കെ.എം.മാണി

image കേരള കോണ്‍ഗ്രസ്‌-എമ്മില്‍നിന്നു വിട്ടുപോയവര്‍ പാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തുകയും ചതിക്കുകയും ചെയ്‌തവരാണെന്നു കേരള കോണ്‍ഗ്രസ്‌-എം ചെയര്‍മാന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ്‌-എമ്മിന്റെ കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇന്നലെ നടന്ന സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊഴിഞ്ഞുപോക്കിന്റെ പേരില്‍ ആരും പാര്‍ട്ടിയെ ചെറുതായി കാണേണ്ടതില്ല. പുറത്തുപോയവര്‍ ദുഖിക്കേണ്ടിവരും. വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തശേഷമാണ്‌ ഇവര്‍ പാര്‍ട്ടി വിട്ടത്‌. പാര്‍ട്ടിവിട്ടുപോയവര്‍ അധികം വൈകാതെതന്നെ തിരികെ എത്തും. കിണറ്റില്‍നിന്നു ഒരു ബക്കറ്റ്‌ വെള്ളം എടുത്താല്‍ കിണറിന്‌ ഒന്നും സംഭവിക്കില്ലെന്നും മാണി പറഞ്ഞു. പാര്‍ട്ടിക്കൊപ്പംനിന്നു കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഭരണത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചവര്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്നതു ലജ്ജാകരമാണ്‌. പാര്‍ട്ടി വിട്ടു പോയവര്‍ക്കു നീതികരണമില്ല. നിലനില്‍പ്പിനു വേണ്ടിമാത്രമാണു അവര്‍ ഇപ്പോള്‍ ദുരാരോപണം ഉന്നയിക്കുന്നത്‌. ഇതിനൊന്നും പൊതുസമൂഹം വിലകൊടുക്കില്ല. കേരളത്തിലെ കര്‍ഷകര്‍ നിലനില്‍പ്പിനായി തീക്ഷ്‌ണ പോരാട്ടം നയിച്ചുകൊണ്ടരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെയും സമരങ്ങളെയും തള്ളിപ്പറഞ്ഞവര്‍ നടത്തുന്നതു ഗുരുതരമായ രാഷ്‌ട്രീയ വഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റുകളില്‍ കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിട്ടുണ്ട്‌. കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റുകളില്‍ കേരളാകോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കില്ല. പൂഞ്ഞാറും കുട്ടനാടും കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍തന്നെയാണെന്നും മാണി പറഞ്ഞു.