Breaking News

Trending right now:
Description
 
Mar 07, 2016

കലഭവന്‍ മണിക്ക്‌ വിട; സംസ്‌കാരം പൂര്‍ണബഹുമതികളോടെ വൈകിട്ട്‌ അഞ്ചിന്‌

image കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ഇന്നലെ അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍മണിയുടെ സംസ്‌കാരം ഇന്നു അഞ്ചിന്‌ പൂര്‍ണബഹുമതികളോടെ ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹം തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം മണിയുടെ നാടായ ചാലക്കുടിയില്‍ എത്തിക്കും. കലാഭവന്‍മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയില്‍ ഇന്ന്‌ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ മരണം. കരള്‍,വൃക്ക രോഗബാധയെത്തുടര്‍ന്ന്‌ ശനിയാഴ്‌ച ആശുപത്രിയില്‍ ചികിത്സതേടിയ മണിയുടെ മരണം ഇന്നലെ രാത്രി ഏഴേകാലോടെയായിരുന്നു. കരളിന്റെയും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. മണിയുടെ ശരീരത്തില്‍ മീഥേല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പൊലീസിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. മരണം നടന്ന്‌ ഏറെ കഴിയുംമുമ്പ്‌ അസ്വഭാവിക മരണത്തിന്‌ ചാലക്കുടി പൊലീസ്‌ കേസ്‌ എടുക്കുകയും ചെയ്‌തു. വിഷാംശം ഉള്ളില്‍ചെന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പോസ്‌റ്റുമോര്‍ട്ടം നടത്തിയത്‌. ഡിവൈഎസ്‌പി കെ.എസ്‌.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘത്തിനാണ്‌ അന്വേഷണ ചുമതല.

മരണസമയത്തു നാട്ടില്‍നിന്നുള്ള ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ്‌ മണിയുടെ അടുത്തുണ്ടായിരുന്നത്‌. ചാലക്കുടി ചേന്നത്തുനാട്‌ കുന്നിശേരി രാമന്റെയും അമ്മിണിയുടെയും മകനാണ്‌ മണി. ചെറുപ്പത്തിലേതന്നെ കടുത്തദാരിദ്ര്യത്തോടു പടവെട്ടിയാണ്‌ കലാരംഗത്തുവന്നത്‌. ഓട്ടോഡ്രൈവറായിരുന്ന മണി കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്‌റ്റുകൂടിയായിരുന്നു. സിബിമലയില്‍ സംവിധാനം ചെയ്‌ത അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷമിട്ടു സിനിമയില്‍ ആദ്യ ചുവടുവയ്‌പുനടത്തി. പിന്നീട്‌ ലോഹിതദാസ്‌-സുന്ദര്‍ദാസ്‌ ടീമിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിലൂടെയാണ്‌ മണി ശ്രദ്ധിക്കപ്പെട്ട താരമായത്‌. ഹാന്യനടനായി തുടങ്ങി സ്വഭാവനടനും വില്ലനുമായി വലിയ സ്‌ക്രീനില്‍ നിറഞ്ഞുനിന്ന മണി ഇരുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. തമിഴ്‌, തെലുങ്ക്‌, കന്നഡ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. മണിയെ നായകനിരയിലേക്ക്‌ ഉയര്‍ത്തിയത്‌ വിനയനാണ്‌. അദ്ദേഹം സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി. അന്ധഗായകനായ രാമു എ്‌ന്ന കഥാപാത്രത്തെയാണ്‌ മണി അവതരിപ്പിച്ചത്‌. ഇരുപതോളം സിനിമകളില്‍ പാടിയിട്ടുണ്ട്‌. മണിയുടെ നാടന്‍പാട്ട്‌ കേരളക്കര രണ്ടുകൈയ്യുംനീട്ടിയാണ്‌ സ്വീകരിച്ചത്‌. കണ്ണിമാങ്ങാ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ മാമ്പഴമാകട്ടേന്ന്‌.... എന്ന പ്രശ്‌സ്‌തമായ ഗാനം കേരളത്തില്‍ തരംഗമാകുകയും ചെയ്‌തു. ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറിപ്രൈസ്‌, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്‌ എന്നീ അംഗീകരങ്ങളും മണിയെ തേടിയെത്തി. മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകള്‍ നിമ്മിയാണ്‌ ഭാര്യ. ഏകമകള്‍: ശ്രീലക്ഷ്‌മി.