Breaking News

Trending right now:
Description
 
Mar 05, 2016

മാമ്പഴത്തെ കീടബാധകളില്‍ നിന്നു സംരക്ഷിക്കാന്‍ ജൈവകീടനിയന്ത്രണ നടപടി വേണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ വീട്ടുമുറ്റങ്ങളില്‍ നില്ക്കുന്ന മാവുകളിലുണ്ടാകുന്ന മാമ്പഴത്തെ കീടബാധകളില്‍ നിന്നു സംരക്ഷിക്കാന്‍ ആവശ്യമായ ജൈവകീട നിയന്ത്രണ നടപടികള്‍ വ്യാപകമായി സ്വീകരിക്കണമെന്നു അധികൃതരോടു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

പലതരം രോഗബാധകളാലും പുഴുശല്യത്താലും വര്‍ഷംതോറും മാങ്ങ വന്‍തോതിലാണ് നഷ്ടപ്പെടുന്നത്. വീട്ടുമുറ്റങ്ങളില്‍ കുറഞ്ഞ സ്ഥലത്തു നില്ക്കുന്ന ഒന്നോ രണ്ടോ മാവില്‍ മരുന്നടിക്കാനും മറ്റും ആള്‍ക്കാരെ ലഭിക്കാത്തതിനാല്‍ കൃഷിവകുപ്പു താത്പര്യമെടുത്തു കുറഞ്ഞ ചെലവില്‍ മരുന്നടിക്കുകയും മാമ്പഴയീച്ചക്കെണികള്‍ വിതരണം ചെയ്യുകയെങ്കിലും വേണം. സ്വകാര്യ കച്ചവടക്കാര്‍ വില്ക്കുന്ന കെണിയുടെ നാലിലൊന്നു വിലയ്ക്ക് സര്‍ക്കാര്‍ വിചാരിച്ചാല്‍ അവ വിതരണം ചെയ്യാന്‍ സാധിക്കും. ഒരു പ്രദേശം മുഴുവനായി ഒരുമിച്ചു പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രയോജനമില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതഭാഗത്തു നിന്നു ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഇതേസമയം, ഈ വര്‍ഷം പട്ടണപ്രദേശത്ത് വിളവു കുറവായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണ നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ പൂക്കാറുള്ള മാവുകള്‍ ഈ വര്‍ഷം ജനുവരി - ഫെബ്രുവരി മാസത്തിലാണ് പൂത്തുതുടങ്ങിയത്. എന്നുമാത്രമല്ല, പൂപ്പ് മൊത്തത്തില്‍ കുറവാണുതാനും. സ്ഥലപരിമിതിയാലും നല്ല മാങ്ങ ലഭിക്കാത്തതിനാലും പട്ടണപ്രദേശത്തെ വീട്ടുകാര്‍ പലരും മാവ് വെട്ടിക്കളയുകയും ചെയ്യുന്നു.