Breaking News

Trending right now:
Description
 
Mar 05, 2016

വെള്ളാപ്പള്ളിയുടെ വര്‍ഗീയ ഭ്രാന്തിനു ചികിത്സ നല്‌കണമെന്നു സുധീരന്‍

image ശ്രീനാരായണ ധര്‍മ സന്ദേശം പരത്തേണ്ട എസ്‌എന്‍ഡിപി യോഗത്തിന്റെ തലപ്പത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ കാട്ടുന്ന വര്‍ഗീയ ഭ്രാന്തിനു കേരളീയ സമൂഹം ആവശ്യമായ ചികിത്സ നല്‌കണമെന്നു കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ വ്യക്തമാക്കി. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വി.ഡി. സതീശന്‍ എംഎല്‍എയെ വ്യക്തിഹത്യ നടത്തുന്ന വിധത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറവൂരില്‍ ഹിന്ദു ഐക്യവേദി സംഗമത്തില്‍ പ്രസംഗിച്ചതിനെതിരെ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. വെള്ളാപ്പള്ളിക്കു വര്‍ഗീയ ഭ്രാന്ത്‌ മൂര്‍ധന്യത്തിലെത്തിനില്‍ക്കുകയാണ്‌. മനുഷ്യനായ ഒരാള്‍ക്കു പറയാന്‍ കഴിയാത്ത പദപ്രയോഗമാണു വെള്ളാപ്പള്ളി നടത്തിയത്‌. നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ ചോദ്യംചെയ്യുന്ന രീതിയില്‍ സഭ്യതയുടെ സീമകളെല്ലാം ഇതു ലംഘിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയവരുടെ സംസ്‌കാരമാണ്‌ ഇതിലൂടെ പ്രതിഫലിക്കുന്നത്‌. ഔചിത്യബോധമില്ലായ്‌മയും മനുഷ്യത്വമില്ലായ്‌മയും ഇവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കു കൂടി അപചയം വരുത്തിവയ്‌ക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന പുതിയ പ്രവണതകള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്‌. ഇവര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്ത്‌ ഇതുവരെ കേള്‍ക്കാത്ത ചിലരുടെ തലതൊട്ടപ്പനായിരിക്കുകയാണ്‌ വെള്ളാപ്പള്ളി. മാനവികതയിലൂടെ ജനങ്ങളെ ഒന്നിപ്പിക്കേണ്ട എസ്‌എന്‍ഡിപി പോലുള്ള സംഘടനയുടെ തലപ്പത്തു വെള്ളാപ്പള്ളിയെ പോലുള്ള ഒരാള്‍ ഇരിക്കുന്നത്‌ ആ പ്രസ്ഥാനത്തിന്‌ അപമാനമാണ്‌. എസ്‌എന്‍ഡിപിയുടെ പേരില്‍ ആ സ്ഥാനത്തിരുന്ന്‌ കച്ചവടം നടത്തുകയാണ്‌ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങരയില്‍ ഇതിനായി കട തുറന്നുവച്ചിരിക്കുന്നു. ആര്‍എസ്‌എസിന്റെയും സംഘ പരിവാറിന്റയും ക്വട്ടേഷന്‍ ഏറ്റെടുത്താണ്‌ ബിഡിജെഎസ്‌ മുന്നോട്ടുപോകുന്നത്‌- സുധീരന്‍ ആരോപിച്ചു.