Breaking News

Trending right now:
Description
 
Mar 02, 2016

റോഡുകളിലേക്കു അപകടകരമായി ചാഞ്ഞു കിടക്കുന്ന വൃക്ഷശാഖകള്‍ കോതിയൊതുക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ റോഡുകളിലേക്കും കനാലുകളിലേക്കും അപകടകരമായി ചാഞ്ഞും പടര്‍ന്നും കിടക്കുന്ന വൃക്ഷശാഖകള്‍ കോതിയൊതുക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് ലൈനുകളിലേക്കു തൊട്ടിരിക്കുന്ന വൃക്ഷത്തലപ്പുകള്‍ മഴക്കാലത്തിനു മുന്‍പു വെട്ടിനീക്കുന്നതു പോലെയുള്ള പതിവ് ഏര്‍പ്പാടാണ് വേണ്ടത്.

റോഡിലേക്കു ചെരിഞ്ഞുള്ള മരങ്ങളിലെ ദ്രവിച്ച ശാഖകള്‍ മഴയത്തും കാറ്റത്തും അടര്‍ന്നു വീഴുന്നതും കണ്ടെയ്‌നര്‍ പോലുള്ള ഉയരമുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ മുട്ടി പച്ചത്തടികള്‍ ഒടിയുന്നതും പ്രശ്‌നമാണ്. ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന ചില്ലകള്‍ പിന്നാലെ വരുന്ന വാഹനങ്ങളിലേക്കോ കാല്‍നടക്കാരുടെ പുറത്തേക്കോ ആയിരിക്കും വീഴുക. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇങ്ങനെയുണ്ടായ പല അപകടങ്ങളില്‍ നിന്നു ആള്‍ക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒടിഞ്ഞു വീണിട്ടുള്ള കഷണങ്ങള്‍ പലതും റോഡുവക്കില്‍ കിടപ്പുണ്ട്. ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പലപ്രാവശ്യം രേഖാമൂലം അറിയിച്ചിട്ടും പ്രയോജനമില്ല.

റോഡിന്റെ ഒരു വശത്തു നില്ക്കുന്ന മരങ്ങള്‍ പടര്‍ന്നു പന്തലിച്ച് എതിര്‍വശത്തുള്ള ഇലക്ട്രിക് ലൈനുകളില്‍ മുട്ടിയുണ്ടാകുന്ന അപകടങ്ങള്‍ വേറെ. ഇതുകാരണം പലപ്പോഴും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ആവര്‍ത്തിച്ചു പരാതി ഉയര്‍ന്നപ്പോള്‍ ജില്ലാ കോടതി വളപ്പില്‍ നിന്നു റോഡും കടന്നു എതിര്‍വശത്തുള്ള പ്രസ് ക്ലബ് കെട്ടിടത്തിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും മുട്ടി നിന്നിരുന്ന വൃക്ഷക്കൊമ്പുകള്‍ വെട്ടിക്കളഞ്ഞിരുന്നു. അപകടമരണങ്ങള്‍ സംഭവിക്കും വരെ ഇത്തരം കാര്യങ്ങളില്‍ അലംഭാവം കാട്ടുന്നത് അധികൃതരുടെ രീതിയായി മാറിയിരിക്കുന്നു.

റോഡിലേക്കുള്ള ശാഖകളില്‍ ചേക്കേറുന്ന പക്ഷികള്‍ തുടര്‍ച്ചയായി കാഷ്ഠിക്കുന്നതും കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും പോകുന്ന നാട്ടുകാര്‍ക്കു ശല്യമാണ്. വാഹനങ്ങളുടെ വിന്‍ഡ്‌സ്‌ക്രീനില്‍ തെറിച്ചുവീഴുന്ന കാഷ്ഠവും പെട്ടെന്നുള്ള അപകടകാരണമാകാം. കാഷ്ഠം ശരീരത്തും വസ്ത്രത്തിലും വീഴുന്നതു മൂലം പലരുടെയും യാത്രയ്ക്കും തടസ്സമുണ്ടാകാറുണ്ട്. 

വൃക്ഷശാഖകളുടെ കീഴിലുള്ള ടാറിട്ട റോഡ് പെട്ടെന്നു തകരുന്നതായും കണ്ടുവരുന്നുണ്ട്. പക്ഷിക്കാഷ്ഠവും ഇലകളില്‍ നിന്നു കുത്തിവീഴുന്ന മഴത്തുള്ളികളും ടാറും മെറ്റലും ഇളകി കുണ്ടുംകുഴിയുമാകാന്‍ പര്യാപ്തമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മരങ്ങളില്‍ നിന്നു റോഡിലേക്കു വീഴുന്ന ഇല തൂത്തു കൂട്ടുകയാണ് മുനിസിപ്പല്‍ തൂപ്പു ജോലിക്കാരുടെ പ്രധാന ജോലി. കരിയില നിര്‍മാര്‍ജനം ചെയ്യാന്‍ മുനിസിപ്പാലിറ്റിക്കു സംവിധാനം ഇല്ലാത്തതിനാല്‍ റോഡുവക്കില്‍ തന്നെ കൂട്ടിയിട്ടു കത്തിക്കുകയാണ് പതിവ്. അതു കത്താതെയുണ്ടാകുന്ന പുക ശ്വസിക്കുന്നതു മൂലം വഴിയാത്രക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയും അസുഖങ്ങളും ഉണ്ടാകുന്നതായും പരാതിയുണ്ട്.

ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ വളപ്പുകളില്‍ നിന്നു റോഡിലേക്കു നീണ്ടു നില്ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിനീക്കണം. ജില്ലാ കോടതി വളപ്പ് അടക്കമുള്ളയിടങ്ങളിലെ മരങ്ങളില്‍ നിന്നു സമീപ റോഡുകളിലേക്കു വീഴുന്ന ഇല തൂത്തു കൂട്ടാനാണ് ദിവസവും മുനിസിപ്പല്‍ ജീവനക്കാര്‍ കൂടുതല്‍ സമയവും വിനിയോഗിക്കുന്നത്. സര്‍ക്കാര്‍ ഓഫീസ് പരിസരവും ചുറ്റുപാടുകളും വൃത്തിയാക്കിയിടുന്നതിന്റെ ഭാഗമാണിതെങ്കിലും തുപ്പുജോലിക്കാരെ മറ്റിടങ്ങളിലേക്കു നിയോഗിക്കാന്‍ മുനിസിപ്പാലിറ്റിക്കു ഇതുമൂലം കഴിയാതെവരുന്നു.

റോഡിലേക്കുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിനീക്കി ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതൊന്നും നേരിട്ടു ബാധിക്കാത്തവരും ശല്യം അനുഭവിക്കാത്തവരുമായ മറ്റിടങ്ങളില്‍ നിന്നുള്ള വൃക്ഷ, പക്ഷി സ്‌നേഹികളാണ് എതിര്‍പ്പുമായി രംഗത്തു വരാറുള്ളത്. അവരെ അവഗണിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടത്. അത്തരക്കാര്‍ തടസ്സമുണ്ടാക്കാന്‍ മുന്നില്‍ നില്ക്കുമെന്നല്ലാതെ വൃക്ഷങ്ങള്‍ നട്ടുപരിപാലിക്കുകയോ പക്ഷികളെ സംരക്ഷിക്കാന്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യുകയോയില്ല. റോഡുകള്‍ക്കു വീതി കൂട്ടിക്കൊണ്ടിരിക്കുന്നതിനാലും കാല്‍നടപ്പാതകള്‍ ആവശ്യമായതിനാലും പട്ടണങ്ങളില്‍ തണല്‍വൃക്ഷങ്ങള്‍ എന്ന ആശയത്തിനു വലിയ പ്രസക്തിയില്ലാത്ത കാലഘട്ടം കൂടിയാണിത്. എന്നാല്‍ കഴിയുന്നത്ര സര്‍ക്കാര്‍, സ്വകാര്യ പറമ്പുകളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും വേണം.


ഫോട്ടോ: 

റോഡിലേക്കു പടര്‍ന്നും ഇലക്ട്രിക് ലൈനുകളില്‍ മുട്ടിയും ഗതാഗതതടസ്സമായുള്ള വൃക്ഷങ്ങള്‍. ആലപ്പുഴ വാടക്കനാല്‍ വടക്ക് വൈ.എം.സി.എ റോഡിന്റെ ദൃശ്യം. റോഡുവക്കില്‍ ഒടിഞ്ഞു വീണ മരക്കൊമ്പുകളും കാണാം.