Breaking News

Trending right now:
Description
 
Mar 02, 2016

അച്ഛന്‍ ഈണം നല്‍കി; മകള്‍ പാടി: രണ്ടുപേര്‍ക്കും പുരസ്‌കാരം

image അച്ഛന്‍ ഈണം നല്‍കി മകള്‍ പാടിയ പാട്ടിന്‌ അച്ഛനും മകള്‍ക്കും പുരസ്‌കാരം. ഇടവപ്പാതി എന്ന സിനിമയിലെ- പശ്യതി ദിശി ദിശി..., എന്നു നിന്റെ മൊയ്‌തിനിലെ- ശാരദാംബരം ചാരു ചന്ദ്രികാ... എന്നീ ഗാനങ്ങള്‍ക്ക്‌ ഈണമിട്ട രമേഷ്‌ നാരായണന്‌ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ മധുശ്രീ നാരായണന്‍, അച്ഛന്റെ ഗാനമായ പശ്യതി ദിശി ദിശി... ആലപിച്ചു മികച്ച ഗായികയ്‌ക്കുളള അവാര്‍ഡ്‌ സ്വന്തമാക്കി. ദേശീയ അവാര്‍ഡ്‌ ലഭിച്ചാല്‍ പോലും ഇത്രയും സന്തോഷം ഉണ്ടാകില്ലെന്ന്‌ മധുശ്രീയെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്‌ രമേശ്‌ നാരായണ്‍ പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയായ മധുശ്രീ അഞ്ചു വര്‍ഷം മുമ്പാണ്‌ ഈ ഗാനം പാടി റിക്കാര്‍ഡ്‌ ചെയ്‌തത്‌. സിനിമയുടെ ഷൂട്ടിംഗ്‌ നീണ്ടതുകാരണമാണ്‌ ഇത്രത്തോളം വൈകിയത്‌. അച്ഛന്‍ ഒരുക്കുന്ന ഈണത്തില്‍ ഇനിയും പാടാന്‍ ആഗ്രഹമുണ്ടെന്നു മധുശ്രീ പറഞ്ഞു. രണ്ടു മണിക്കൂറെടുത്താണ്‌ അന്ന്‌ പാട്ടിന്റെ റിക്കാര്‍ഡിംഗ്‌ പൂര്‍ത്തിയാക്കിയത്‌. പാട്ടിറങ്ങി ഹിറ്റാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അവാര്‍ഡ്‌ പ്രതീക്ഷിച്ചില്ലെന്നും മധുശ്രീ വ്യക്തമാക്കി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത ഇടവപ്പാതിയിലെ പശ്യതി ദിശി ദിശി... ഗാനം നാം കേട്ടുതുടങ്ങുന്നതേയുള്ളൂ. ആ ചിത്രം ഇനിയും റിലീസായിട്ടില്ല. അടുത്തദിവസം തന്നെ അത്‌ യൂട്യൂബില്‍ റിലീസ്‌ ചെയ്യുമെന്നും രമേഷ്‌ നാരായണന്‍ വ്യക്തമാക്കി.