Breaking News

Trending right now:
Description
 
Mar 01, 2016

നഴ്‌സുമാരെ സര്‍ക്കാര്‍ വഞ്ചിച്ചു, യുഎന്‍എ പ്രതിനിധികള്‍ ഐആര്‍സിയില്‍ നിന്നു രാജിവച്ചു

image
തിരുവനന്തപുരം: നഴ്‌സുമാരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചതിച്ചു.ശമ്പളവര്‍ധനവ്‌ നടത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ചു യുഎന്‍എ പ്രതിനിധികള്‍ ഐആര്‍സിയില്‍ നിന്നു രാജിവച്ചു

മാനേജ്‌മെന്റ്‌ ശമ്പള വര്‍ധനവ്‌ നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ച്‌ ജാസ്‌മിന്‍ഷായുടെ നേതൃത്വത്തില്‍ യുഎന്‍എ ഫബ്രുവരി 25 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ ംആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ശമ്പള വര്‍ധനവ്‌ നടത്താമെന്നും സമരം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടത്‌. മാസങ്ങളായി മുടങ്ങി കിടന്ന ഐ ആര്‍സി സമ്മേളനം ഒന്നാം തീയതി വിളിച്ചു കൂട്ടാമെന്ന ഉറപ്പില്‍ ജാസ്‌മിന്‍ഷാ ഉപവാസ സമരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇന്ന്‌ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പങ്കെടുത്തില്ല. മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കിലും ശമ്പള വര്‍ധനവ്‌ നടപ്പില്‍ വരുത്തി നോട്ടിഫിക്കേഷന്‍ നല്‌കുമെന്ന ഉറപ്പിലായിരുന്നു യുഎന്‍എ അനിശ്ചിതകാല സമരം അവസാനിപ്പിച്ചത്‌. എന്നാല്‍ ഇന്ന്‌ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. അങ്ങനെ ഏകപക്ഷീയമായി നിലപാടെടുക്കുവാന്‍ സാധിക്കില്ലെന്നു തൊഴില്‍ മന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കി. ഇതിനെ അനുകൂലിച്ച്‌ യുഎന്‍എ ഒഴിച്ചുള്ള നഴ്‌സിംഗ്‌ രംഗത്തെ ട്രെയ്‌ഡ്‌ യൂണിയനുകളും രംഗത്ത്‌ എത്തി. അതോടെ ചര്‍ച്ച 9-ാംതീയതിയിലേയ്‌ക്ക മാറ്റിവച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. അതിനുമുമ്പ്‌ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ വരുമെന്ന ഉറപ്പായതിനാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതെ ശമ്പള വര്‍ധനവ്‌ നടപ്പില്‍ വരുകയില്ലെന്നു വ്യക്തമായി. 
തോട്ടം തൊഴിലാളികള്‍ സംഘടിച്ചു സമരം നടത്തിയപ്പോഴും തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണും ഉമ്മന്‍ചാണ്ടിയും തൊഴിലാളി അനുകൂല സമീപനവുമായി രംഗത്ത്‌ എത്തി ശമ്പള വര്‍ധനവ്‌ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്യത്തോടു അടുത്തപ്പോള്‍ തുച്ഛമായ തുക ശമ്പളവര്‍ധനവ്‌ എന്ന പേരില്‍ തൊഴിലാളിയ്‌ക്ക്‌ നല്‌കി മാനേജ്‌മെന്റ്‌ അനുകൂല തീരുമാനം എടുക്കുകയായിരുന്നു. ഇന്ന്‌ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന നഴ്‌സിംഗ്‌ മേഖലയെയും സമാന രീതിയില്‍ ചതിച്ചിരിക്കുകയാണ്‌ മുഖ്യമന്ത്രിയും കൂട്ടരും.