Breaking News

Trending right now:
Description
 
Mar 01, 2016

കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരെ അപമാനിച്ചു; ഭക്ഷ്യമേഖലയിലെ വിദേശനിക്ഷേപം പ്രത്യാഘാതമുണ്ടാക്കും: ഇന്‍ഫാം

image കോട്ടയം: വിലയിടിവുമൂലമുള്ള പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന റബര്‍മേഖലയ്‌ക്ക്‌ പ്രതീക്ഷയേകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരെ അപമാനിച്ചിരിക്കുന്നുവെന്നും റബര്‍ ബോര്‍ഡിന്റെ നടത്തിപ്പിനായി 132 കോടി നല്‍കുന്നതിന്റെ പേരില്‍ കര്‍ഷകര്‍ക്ക്‌ നേട്ടമുണ്ടാവില്ലന്നും ബജറ്റിലെ കാര്‍ഷിക നിര്‍ദ്ദേശങ്ങളെല്ലാം ഉത്തരേന്ത്യന്‍ കര്‍ഷകരെ ലക്ഷ്യംവച്ചുള്ളതാണന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. 
ബജറ്റിലെ കാര്‍ഷിക പ്രഖ്യാപനങ്ങളില്‍ മിക്കതും ദീര്‍ഘകാല പദ്ധതികളാണ്‌. വിലത്തകര്‍ച്ചയില്‍ അടിയന്തര ഇടപെടലുകള്‍ നടത്താതെ 5 വര്‍ഷം കൊണ്ട്‌ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം വിരോധാഭാസമാണ്‌. ഭക്ഷ്യ ഉല്‌പാദന സംഭരണ സംസ്‌കരണ വിപണന മേഖലകളില്‍ നൂറ്‌ശതമാനം വിദേശനിക്ഷേപത്തിനായി ഇന്ത്യയുടെ കാര്‍ഷികമേഖലയെ തുറന്നുകൊടുത്തിരിക്കുന്നത്‌ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത്‌ അന്താരാഷ്‌ട്ര കരാറുകളുടെ പിന്‍ബലത്തില്‍ വിദേശകുത്തകള്‍ക്ക്‌ സ്വാധീനമുറപ്പിക്കുവാന്‍ അവസരമൊരുക്കും. കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ലമെന്റംഗങ്ങളും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടതിന്റെ ബാക്കിപ്രതമാണ്‌ ബജറ്റിലെ നീതിനിഷേധമെന്നും വ്യത്യസ്ഥരാഷ്‌ട്രീയത്തിന്റെ മറവില്‍ റബര്‍ കര്‍ഷകരോടുകാണിച്ച നീതിനിഷേധം അതിക്രൂരമായിപ്പോയെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
9 ലക്ഷം കോടിയുടെ കാര്‍ഷിക വായ്‌പ കഴിഞ്ഞ നാളുകളിലേതുപോലെ വന്‍കിടക്കാരിലൂടെ അട്ടിമറിക്കപ്പെടാന്‍ സാധ്യതകളേറെയുണ്ട്‌. 15,000 കോടിയുടെ കാര്‍ഷിക കടാശ്വാസം ചെറുകിടകര്‍ഷകര്‍ക്ക്‌ ഉപകരിക്കില്ലെന്നുള്ളത്‌ കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്നു വ്യക്തമാണ്‌. വരള്‍ച്ചമൂലം കാര്‍ഷികരംഗത്തുണ്ടായ മുരടിപ്പ്‌ അതിജീവിക്കുവാന്‍ പ്രഖ്യാപിച്ചിരിക്കുന്ന 8500 കോടിയുടെ ജലസേചനപദ്ധതി സ്വാഗതാര്‍ഹമാണെങ്കിലും ഇത്‌ സമയബന്ധിതമായി നടപ്പിലാക്കുവാനുള്ള ക്രിയാത്മക ഇടപെടലുകള്‍ക്ക്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. 5ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും, കാര്‍ഷിക ഇന്‍ഷുറന്‍സിനുവേണ്ടി 5,500 കോടി മാറ്റിവയ്‌ക്കുമെന്ന നിര്‍ദ്ദേശവും വിളനാശത്തിന്‌ കൂടുതല്‍ നഷ്‌ടപരിഹാരം നല്‍കുമെന്നുള്ള പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്‌. കാര്‍ഷിക ഉല്‌പന്നങ്ങളുടെ വിപണനത്തിനായുള്ള ഇ-പ്ലാറ്റ്‌ഫോമും എഫ്‌സിഐ വഴിയുള്ള ഓണ്‍ലൈന്‍ സംഭരണവും സാധാരണക്കാരായ ചെറുകിടകര്‍ഷകര്‍ക്ക്‌ എത്രമാത്രം ഉപകരിക്കുമെന്നുള്ളത്‌ കണ്ടറിയണം. വടക്കുപടിഞ്ഞാറന്‍ മേഖലകളിലെ കര്‍ഷകര്‍ക്ക്‌ ധാന്യങ്ങളുടെ വിലസ്ഥിരതാഫണ്ടിനായി 900 കോടി പ്രഖ്യാപിച്ചവര്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന റബര്‍ മേഖലയ്‌ക്ക്‌ ഒരു സഹായവും നല്‍കാതെ മുഖം തിരിഞ്ഞുനില്‍ക്കുന്നത്‌ പ്രതിഷേധകരവുമാണെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.