Breaking News

Trending right now:
Description
 
Dec 31, 2012

വേട്ടയാടപ്പെട്ട "സത്യ" എന്നെ ചുട്ടുപൊള്ളിക്കുന്നു, അവള്‍ക്കും നീതി കിട്ടുമോ......?

ഇ. എസ്‌ ബിജിമോള്‍ എംഎല്‍എ, പീരുമേട്‌, 9446225273
image
രാജ്യത്തെങ്ങും ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ പ്രക്ഷോഭം നടന്നു വരുകയാണ്‌. ഇതുവരെ കാണാത്ത ഊര്‍ജ്ജസ്വലതയോടെ വൃദ്ധരായ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമുഖത്തേയ്‌ക്ക്‌ ഒഴുകി എത്തുകയായിരുന്നു. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ഈ സംഭവം വഴിതെളിക്കട്ടെയെന്ന്‌ ഞാന്‍ ആശിക്കുകയാണ്‌.

കാരണമുണ്ട്‌, അവള്‍ എനിക്ക്‌ ചുറ്റും ഒരു പ്രഭാവലയം തീര്‍ത്ത്‌ എന്നെ ശല്യപ്പെടുത്താറുണ്ട്‌, ഞാന്‍ എത്ര നിസഹായയാണ്‌ ഈ നിയമവ്യവസ്ഥയ്‌ക്ക്‌ മുന്നിലെന്ന്‌ അവളെ എങ്ങനെ മനസിലാക്കും? ഇപ്പോള്‍ എനിക്ക്‌ ധൈര്യം തോന്നുന്നു. ഇന്ന്‌ ഇന്ത്യയില്‍ ഉണര്‍ന്ന ജനശക്തി അവളുടെ വേദന മനസിലാക്കുമെന്ന്‌. അവള്‍ക്കു വേണ്ടിയാണ്‌ ഞാന്‍ നിങ്ങളോട്‌ ഇത്‌ പറയുന്നത്‌.

അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സ്‌ത്രീകളുടെ കൂട്ടത്തില്‍ എന്റ നാട്ടില്‍ നിന്ന്‌ ഒരു കൊച്ചു പെണ്‍കുട്ടിയുണ്ട്‌. പേര്‌ സത്യ. അവളുടെ ചോരപ്പാട്‌ വീണ്‌ മാന്തി പൊളിഞ്ഞ മുഖം ഇപ്പോഴും പകല്‍ വെളിച്ചത്തില്‍ എന്റെ മുന്നില്‍ തെളിഞ്ഞ്‌ വന്ന്‌ നീതി നടത്തി തരണമെന്ന്‌ എന്നെ ഓര്‍മ്മിപ്പിക്കുന്നു. 

ഈ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു പീരുമേട്‌ ലാന്‍ഡ്രം എസ്റ്റേറ്റ്‌ തൊഴിലാളികളായ ചന്ദ്രന്‍-സുശീല ദമ്പതികളുടെ മകളായ ഈ പതിനാലുകാരി തമിഴ്‌നാട്ടിലെ ഒരു മുന്‍ എംഎല്‍എയുടെ വീട്ടില്‍ വേലയ്‌ക്ക്‌ എത്തിയത്‌. ആ എംഎല്‍എയ്‌ക്ക്‌ ഇതേ പ്രായത്തില്‍ ഒരു മകളുണ്ടെന്നും അവള്‍ക്ക്‌ തുണയായി ഇവളെ വിടണമെന്നുമാണ്‌ ഏജന്റ്‌ ആവശ്യപ്പെട്ടത്‌. അവര്‍ സത്യയെ പഠിക്കാന്‍ വിടുമെന്ന്‌ നിരക്ഷരരും ദരിദ്രരുമായ മാതാപിതാക്കളെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. 


പാട്ടും നൃത്തവും സ്വപ്‌നം കണ്ട ആ കൊച്ചുപെണ്‍കുട്ടി പീരുമേട്‌ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. ടീച്ചറാകുക എന്ന വലിയ സ്വപനവും പേറിയാണ്‌ ആ വലിയ മനുഷ്യന്റെ വീട്ടില്‍ അവള്‍ എത്തിയത്‌. എന്നാല്‍ ചിത്ര ശലഭത്തെ പോലെ പാറി നടക്കേണ്ട പ്രായത്തില്‍ അവള്‍ അനുഭവിച്ച നരകയാതനയ്‌ക്ക്‌ കാരണം അവള്‍ക്ക്‌ സ്‌ത്രീയുടെ രൂപം ഉണ്ടായിപോയി എന്നതു കൊണ്ടാണ്‌.

ദിവസങ്ങളോളം എല്ലു മാത്രമായ ആ പിഞ്ചു ശരീരം കുറെ പേര്‍ ചേര്‍ന്നു പിച്ചി ചീന്തി. ഒരു ദിവസം ഫാം ഹൗസില്‍ എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്ന്‌ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കെ ആ പെണ്‍കുട്ടി പൂര്‍ണ നഗ്നയായി ആ കാപാലികരുടെ കയ്യില്‍ നിന്ന്‌ കുതറിയോടി. കൊട്ടാരം പോലെയുള്ള വീട്ടില്‍ നിന്ന്‌ കുറെ ദൂരം ഓടി ജനവാസമുള്ള ഒരു സ്ഥലം വരെയെത്തുവാന്‍ അവള്‍ക്കായി. 

"കാപ്പാത്തുങ്കോ" 

എന്ന അവളുടെ നിലവിളി ആ പാതിരാവിനെ കീറി മുറിച്ച്‌ ആരുടെയോ ചെവികളില്‍ എത്തിയതുകൊണ്ട്‌ ഈ ദാരുണ സംഭവം പുറം ലോകം അറിഞ്ഞു. അല്ലെങ്കില്‍ കാണാതാകുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായേനെ അവള്‍. ബോധഹീനയായി, നഗ്നയായി കിടന്ന ആ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഹോസ്‌പിറ്റലില്‍ എത്തിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ വച്ചാണ്‌ അവള്‍ മരിച്ചത്‌. അതിക്രൂര ബലാത്സംഗത്തിനിരയായ ആ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആരും കേസെടുത്തില്ല, 

"എനിക്ക്‌ പഠിക്കണം അപ്പാ, എന്നെ രക്ഷിക്കണം" , എന്ന്‌ ആ പെണ്‍കുട്ടിയും കരഞ്ഞപേക്ഷിച്ചുവെന്ന്‌ അന്നു കൂടെ ഉണ്ടായിരുന്ന പലരും പറഞ്ഞു. സത്യയുടെ മാതാപിതാക്കളെ അതിസമ്പന്നരായ അവര്‍ വിലയ്‌ക്ക്‌ എടുത്തു. സത്യയുടെ മരണത്തിനു കാരണക്കാരായവര്‍ പെണ്‍കുട്ടി പനി വന്ന്‌ മരിച്ചതാണെന്ന്‌ പോലീസിനോട്‌ മാതാപിതാക്കളെക്കൊണ്ട്‌ മൊഴി കൊടുപ്പിച്ചു. 

വിഷയം ശ്രദ്ധയില്‍പ്പെട്ട നാട്ടിലെ സ്‌ത്രീപ്രവര്‍ത്തകര്‍ എന്നെ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തില്‍ കൊണ്ടുവന്ന ബോഡി വീണ്ടും റീ പോസ്‌റ്റ്‌മാര്‍ട്ടം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഞാനും സഹപ്രവര്‍ത്തകരും പ്രക്ഷോഭം സംഘടിപ്പിച്ചു. 

വീണ്ടും പോസ്‌റ്റ്‌ മാര്‍ട്ടം ചെയ്‌തപ്പോള്‍ അതി ക്രൂരപീഡനത്തിന്റെ ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌. നീണ്ട യുദ്ധത്തിനു ശേഷം തമിഴ്‌നാട്‌ പോലീസ്‌ മുന്‍ എംഎല്‍എയെയും കൂട്ടരെയും അറസ്‌റ്റ്‌ ചെയ്യാന്‍ നിര്‍ബന്ധിതരായി. 

ഈ സമരത്തിനു നേതൃത്വം കൊടുത്ത എന്റെയും റീപോസ്‌റ്റമാര്‍ട്ടം നടത്തുവാനും കേസന്വേഷണത്തിനും നേതൃത്വം നല്‌കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും ഫോട്ടോകള്‍ വച്ച്‌ തമിഴ്‌നാട്ടില്‍ പോസ്‌റ്റര്‍ ഇറങ്ങി, ഇവര്‍ നമ്മുടെ തലൈവരെ അപമാനിക്കാന്‍ ശ്രമിക്കുന്നവരാണെന്ന്‌ കാണിച്ച്‌. 
.

നിസഹായായ ഒരു പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്‌ അന്ന്‌ മാധ്യമങ്ങള്‍ കാര്യമായി ശ്രദ്ധിച്ചില്ല, സ്വന്തം മാതാപിതാക്കള്‍ പോലും അവള്‍ 'നിര്‍ഭയ'യാണെന്ന്‌ പറഞ്ഞില്ല. 

പേരിനു വേണ്ടി ആളുകളിക്കുന്നവള്‍ എന്ന്‌ എന്നെയും ക്രൂരമായി പരിഹസിച്ചവര്‍ ഏറെയുണ്ട്‌. അപമാനിക്കുന്ന ഫീച്ചറുകള്‍ വരെ ചില മഞ്ഞ പത്രങ്ങള്‍ പടച്ചു വിട്ടു. അത്‌ വായിച്ച്‌ രസിച്ച്‌ കമന്റ്‌ പറഞ്ഞവരില്‍ നമ്മുടെ പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകളുമുണ്ട്‌. ഒരു സ്‌ത്രീ എത്ര ഉന്നതയായാലും അവളെ അപമാനിക്കാന്‍ പുരുഷന്‍ അവളുടെ സ്‌ത്രീത്വത്തെ തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ്‌ സത്യം. എന്നെ മാത്രമല്ല, രാഷ്ട്രീയ സാമൂഹ്യ രംഗത്ത്‌ നില്‌ക്കുന്ന എല്ലാ സ്‌ത്രീകള്‍ക്കും ഇത്തരത്തിലുള്ള ക്രൂരമായ വാക്കുകള്‍കൊണ്ടുള്ള ബലാത്സംഗങ്ങള്‍ക്ക്‌ എത്ര തവണ വിധേയയാകേണ്ടി വരുന്നു.

ബലാത്സംഗ വീരന്മാരായ ഗോവിന്ദച്ചാമിമാരുടെയും തെരുവിലെ നാലാം കിട ഗുണ്ടകളുടെയും ലൈംഗിക ശേഷി ഇല്ലാതാക്കുന്നതിന്‌ മുമ്പ്‌ സമൂഹത്തിലെ ഇത്തരത്തിലുള്ള മാന്യന്മാര്‍ക്ക്‌ ശിക്ഷ നല്‌കണം. സത്യയെ കൊന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല, നിയമ വ്യവസ്ഥകളോടുള്ള അനാദരവല്ല, മറിച്ച്‌ പണവും സ്വാധീനവും ഉള്ളവര്‍ക്ക്‌ ഏത്‌ സ്‌ത്രീയുടെ മാനവും വിലയ്‌ക്ക്‌ എടുക്കുവാന്‍ പാകത്തിന്‌ നമ്മുടെ ഭരണവ്യവസ്ഥയും സാമൂഹ്യവ്യവസ്ഥയും ദുഷിച്ചു പോകുന്നു. അത്‌ താഴെ തട്ടിലുള്ളവര്‍ മനസിലാക്കുമ്പോള്‍ സമൂഹത്തില്‍ ക്രിമിനല്‍ വല്‌ക്കരണം കൂടുതല്‍ ശക്തമായി കടന്നു വരുന്നു. 

ഇവിടെ ശിക്ഷ നടപ്പാക്കേണ്ടത്‌ താഴെ തട്ടില്‍ നിന്നല്ല, മുകളില്‍ നിന്ന്‌ ശുദ്ധി കലാശം ആരംഭിക്കണം. എത്ര ഉന്നതരായാലും സ്‌്‌ത്രീയെ പീഢിപ്പിച്ചാല്‍ ശിക്ഷ ഉറപ്പാണെന്ന്‌ മനസിലാക്കിയാല്‍ സ്‌ത്രീകള്‍ ഇവിടെ സുരക്ഷിതരാകും. നിയമം ഉണ്ടായാല്‍ പോരാ അത്‌ നടപ്പിലാക്കുവാന്‍ ഇച്ഛാശക്‌തിയുള്ള ഭരണാധികാരികള്‍ വേണം. അതില്ലാത്തത്‌ മൂലമാണ്‌ നമ്മുടെ സ്‌ത്രീകള്‍ ഇവിടെ അപമാനിതരാകുന്നത്‌. 

സത്യയോട്‌ ഈ സമൂഹം കാണിക്കാന്‍ മറന്ന നീതി ജ്വാലയോടെങ്കിലും കാണിക്കട്ടെ