Breaking News

Trending right now:
Description
 
Mar 01, 2016

ആ അപകടം ഉറങ്ങിയതു കൊണ്ടോ, പൊട്ടിയതു കൊണ്ടോ അതോ തെന്നിയതിനാലോ?

Thomas Mathai Karikkampallil
image മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന ഔദ്യോഗിക കാര്‍ കേരള സ്‌റ്റേറ്റ് 1 പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടതു സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണം. നിയന്ത്രണം വിട്ടനിലയില്‍ ഓടയിലേക്കിറങ്ങി മതിലില്‍ ഇടിച്ചു നില്ക്കുകയായിരുന്നു. അപകടങ്ങള്‍ കഴിവതും ഒഴിവാക്കുന്ന തരത്തിലുള്ള റോഡു നിര്‍മ്മിക്കണമെന്നു കഴിഞ്ഞ അഞ്ചു വര്‍ഷം അപേക്ഷിച്ചിട്ടും കേരളത്തില്‍ അതിനു സര്‍ക്കാര്‍ തലത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഈ സംഭവം അടിവരയിട്ടു വെളിപ്പെടുത്തുന്നത്.

 

അപകടം നടന്ന ശേഷം മുഖ്യമന്ത്രി പറഞ്ഞത് ഒറ്റക്കാര്യം. മുഖം മുന്‍സീറ്റില്‍ ഇടിച്ചുവെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതു കൊണ്ട് വലിയ പരിക്കേറ്റില്ല എന്ന്. മാധ്യമങ്ങള്‍ അതിന്റെ മഹത്വവുമായി മുന്നോട്ടു പോകും. അടിസ്ഥാന അപകടകാരണങ്ങള്‍ അവിടെ അങ്ങനെതന്നെ കിടക്കും!

പതിവുപോലെ വാര്‍ത്താമാധ്യമങ്ങളുടെ അപകടകാരണ കണ്ടെത്തല്‍ ഇങ്ങനെ: ഡ്രൈവര്‍ ഉറങ്ങിപ്പോയി അല്ലെങ്കില്‍ ടയര്‍ പൊട്ടിത്തെറിച്ചു!

ഇവയ്ക്കു സാധ്യത വളരെക്കുറവ്. കാരണം ഒന്നാം നമ്പര്‍ സംസ്ഥാന വണ്ടി അത്ര കണ്ടീഷനിലല്ലാത റോഡിലിറക്കുമെന്നു വിശ്വസിക്കാന്‍ വയ്യ. അങ്ങനെയാണെങ്കില്‍ അതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണം. ഡ്രൈവര്‍ ഉറങ്ങിയെന്നത് തള്ളിക്കളയാനാകില്ല. മനുഷ്യനല്ലേ? അതു സംഭവിക്കാം. ഏതായാലും ആദ്യം വന്ന വാര്‍ത്തകളില്‍ ഡ്രൈവറെക്കുറിച്ചു പരാമര്‍ശമില്ല. പക്ഷേ, സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് ജോലിക്കിടയില്‍ ആവശ്യമായ വിശ്രമം ലഭിച്ചിട്ടില്ലെങ്കില്‍ അതു ഗുരുതരപ്രശ്‌നമാണ്. സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് നിയമപ്രകാരം നല്‌കേണ്ട വിശ്രമ സമയം അനുവദിക്കാതെയാണ് അവരെ ഉപയോഗിക്കുന്നതെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ ഋഷിരാജ്‌സിംഗ് ആലപ്പുഴയില്‍ പ്രസംഗിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക് വേറെ പല കാരണങ്ങളും കണ്ടെത്താം

ഏറണാകുളം- വൈക്കം-കോട്ടയം റോഡില്‍ ഏറ്റുമാനൂര്‍ കാണക്കാരി പള്ളിപ്പടിയില്‍ നടന്ന അപകടത്തിനു കാരണം ചക്രങ്ങള്‍ തെന്നി കാര്‍ ചെരിഞ്ഞതാണെന്നാണ് സമീപവാസികളില്‍ നിന്നു കിട്ടിയ വിവരം. അതുമല്ല, അവിടം വര്‍ഷങ്ങളായി അപകടങ്ങള്‍ നിരന്തരം ഉണ്ടാകുന്ന വളവുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മറ്റു വാഹനങ്ങള്‍ അവിടെ അപകടത്തില്‍പ്പെടുന്നതു പോലെ മുഖ്യമന്ത്രിയുടെ വാഹനവും പെട്ടുവെന്നേയുള്ളു. അപകടം ഇവിടെ തുടര്‍ക്കഥയാണ്. രണ്ടു പതിറ്റാണ്ടായി ഇതു തുടരുന്നു! പല അപകടമരണങ്ങള്‍ ഇവിടെ നടന്നു. ഇരുചക്രവാഹനങ്ങള്‍ സ്ഥിരമായി തെന്നി വീണു യാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്നു. റോഡു നിര്‍മാണത്തിലെ സാങ്കേതിക പിഴവുകളാണ് അപകട കാരണമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടും അതു സംബന്ധിച്ചു ഔദ്യോഗിക പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഈ പറയുന്ന സ്ഥലത്ത് റോഡില്‍ വന്‍കുഴി കുഴിച്ചിട്ട് രാത്രിയില്‍ ആവശ്യമായ അപകട മുന്നറിയിപ്പ് സ്ഥാപിക്കാത്ത കാലവുമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ ഓര്‍ക്കുന്നു.

കേരളത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഇടങ്ങളില്‍ അപകടസാധ്യയുള്ള മേഖല എന്നെഴുതിയ ബോര്‍ഡു സ്ഥാപിക്കുന്നതോടെ സര്‍ക്കാരിന്റെ കര്‍ത്തവ്യം കഴിഞ്ഞുവെന്നാണ് വിചാരം. ഒരിടത്തു പോലും അപകടസാധ്യതകള്‍ നീക്കം ചെയ്ത് ബോര്‍ഡ് എടുത്തുമാറ്റിയിട്ടില്ല!

റോഡുകളുടെ അശാസ്ത്രീയ നിര്‍മിതിയേയും അതുകാരണമുണ്ടാകുന്ന അപകടങ്ങളേയും ചൂണ്ടിക്കാട്ടി എത്രയോതവണ സര്‍ക്കാരിനു നിവേദനം നല്കിയിരിക്കുന്നു. സാധാരണക്കാര്‍ നല്കുന്ന ഇത്തരം നിവേദനങ്ങള്‍ക്കു സര്‍ക്കാര്‍ യാതൊരു വിലയും കല്പ്പിക്കില്ല എന്നറിയാമെങ്കിലും പൊതുജന കടമയെന്ന നിലയില്‍ തുടരുകയാണ്.

ആലപ്പുഴയിലെ ചില റോഡുകളില്‍ ഒന്നും ചെയ്യാതെ മാതൃകാ റോഡുകളായി പ്രഖ്യാപിച്ചതുമായും നാഷണല്‍ ഹൈവേയില്‍ പാച്ച് വര്‍ക്ക് ചെയ്യുന്നതിലെ അപാകതകളുമായും ബന്ധപ്പെട്ടു കഴിഞ്ഞ മാസവും ബന്ധപ്പെട്ട അധികൃതര്‍ക്കു നിവേദനം അയച്ചിരുന്നതാണ്.

ഞങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ പ്രധാനപ്പെട്ടവ:

റോഡില്‍ ടാര്‍ ഇളകി കുഴിയാകുന്ന ഇടങ്ങള്‍ ഉടനെ നന്നാക്കണം.

കഷണം കഷണമായി പാച്ച് വര്‍ക്കു ചെയ്യുന്നയിടങ്ങളില്‍ മെറ്റലുകള്‍ കൂര്‍ത്തു കിടക്കുകയോ പൊങ്ങിനില്ക്കുകയോ കൂടുതല്‍ മിനുസമാകുകയോ പാടില്ല.

പഴയറോഡും പുതിയ ടാറിംഗും ചേരുന്നയിടം ഒറ്റനിരപ്പിലാക്കണം. (ഇതു എന്തുകൊണ്ട് കേരളത്തില്‍ സാധിക്കുന്നില്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു.)

റോഡിന്റെ പൊക്കത്തിനൊപ്പം വശങ്ങളും പൊക്കണം. താഴ്ചവ്യത്യാസമാണ് അപകടത്തിനു ഏറെ കാരണമാകുന്നത്.

റോഡുകളുടെ അരികുകള്‍ അടര്‍ന്നിരിക്കാന്‍ ഒരിക്കലും അനുവദിക്കരുത്.

റോഡില്‍ ആവശ്യമായ രേഖകള്‍ വരയ്ക്കുകയും റിഫഌക്ടറുകള്‍ സ്ഥാപിക്കുകയും ചെയ്യുക.

റോഡിലെ കൂടുതല്‍ മിനുസവും അതുമൂലമുണ്ടാകുന്ന സ്‌കിഡിംഗും വലിയ പ്രശ്‌നമാണെന്നു വാഹനം ഓടിക്കുന്നവര്‍ക്കെന്നല്ല, ബസില്‍ സഞ്ചരിക്കുന്നവര്‍ക്കു പോലും മനസിലാകും. റോഡിലെ വെള്ളരേഖകളുടെ കനം കൂടിയാല്‍ പോലും അതിനു മുകളിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങള്‍ തെന്നും. ഇക്കാര്യം എത്രയോ പ്രാവശ്യമായി ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

അതൊക്കെ ശരിയാക്കാതെയും വേണ്ടതൊക്കെ ഏര്‍പ്പെടുത്തുകയും ചെയ്യാതെ സീറ്റ് ബെല്‍റ്റില്ലാത്തതിനും ഹെല്‍മറ്റില്ലാത്തിനും പിഴപ്പിരിവു നടത്താന്‍ റോഡു നീളെ പോലീസിനെ നിര്‍ത്തിയിട്ടു എന്തു നേടാന്‍? റോഡു വേണ്ട രീതിയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ വാഹനം തെന്നുകയും അപകടത്തില്‍പ്പെടുകയും തന്നെ ചെയ്യും. അതിനു റോഡിനു ചെലവാക്കേണ്ട തുക ആരും വെട്ടിച്ചുകൊണ്ടു പോകാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാതെ കൈനീട്ടിയാല്‍ നിര്‍ത്തിക്കൊടുക്കുന്നവന്റെ മേല്‍ കുതിരകയറാന്‍ ആളെ വിട്ടിട്ടു കാര്യമില്ല. ജനങ്ങള്‍ക്കു വേണ്ടി ഒത്തിരി എന്തൊക്കെയോ ചെയ്യുന്നുവെന്നു പരസ്യം ചെയ്തുകൊണ്ടിരുന്നിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നടപ്പിലാക്കണം. അതു നടപ്പിലാക്കിയെന്നു ജനങ്ങള്‍ക്കു തോന്നണം.