Breaking News

Trending right now:
Description
 
Dec 31, 2012

"പെണ്ണ്‌ ഫെമിനിസ്റ്റാണെങ്കില്‍ തടികേടാകും, എന്റെ അളിയാ..."

image
"എന്റെ അളിയാ നീ ഉടനെയെങ്ങാനും കല്ല്യാണം കഴിക്കുന്നുണ്ടോ? എങ്കില്‍ എനിക്ക്‌ കുറെ ഉപദേശങ്ങള്‍ തരാനുണ്ട്‌" 

സുഹൃത്തായ സാജു മധുവിധുവിന്റെ ലഹരി തീരുന്നതിനു മൂമ്പേ വിളിച്ച്‌ ഫോണില്‍ വിളിച്ച്‌ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതുപോലെ സംസാരിച്ചത്‌ നട്ടാപാതിരായ്‌ക്കാണ്‌.

" നീ കാര്യം പറ," കല്ല്യാണപ്രായം കഴിഞ്ഞിട്ടും ആരും പ്രണയിക്കാതെ പുര നിറഞ്ഞു നില്‌ക്കുന്ന ഒരു യുവാവിനോടാണ്‌ സുഹൃത്തിന്റെ കരുണയില്ലാത്ത ചോദ്യം. 

നീ കല്ല്യാണം ആലോചിക്കാന്‍ പോകുന്നതിനു മുമ്പ്‌ പെണ്ണിന്‌ സൗന്ദര്യം ഉണ്ടോ, കാശുണ്ടോ, രക്തഗ്രൂപ്പ്‌ ഏതാണെന്നൊക്കെ ചോദിച്ചില്ലെങ്കിലും ഒരു കാര്യം ഉറപ്പായും ചോദിക്കണം. പെണ്ണ്‌ ഫെമിനിസ്റ്റാണോയെന്ന്‌ അതല്ലെങ്കില്‍ നമ്മുടെ തടി കേടാകും അളിയാ..."

നല്ല പ്രായത്തില്‍ ഒരുപാട്‌ പെണ്ണുങ്ങളുടെ പ്രണയഭാജനമായിരുന്നു സാജു എന്ന പ്രിയ സ്‌നേഹിതന്‍. വിവാഹത്തിന്റെ ആദ്യനാളില്‍ അവന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത ഭാര്യ അവനെ ക്രൂരമായ പീഡനത്തിനു വിധേയമാക്കുകയാണെന്നാണ്‌ ഞാന്‍ ചിന്തിച്ചത്‌. പക്ഷേ, അതല്ലാ സംഭവിച്ചത്‌. കാര്യം അവന്റെ വാക്കുകളില്‍ തന്നെ പറയാം.

എവിടെയോ യാത്ര പോയതിനു ശേഷം അവര്‍ കോട്ടയം ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സമയം രാത്രി പത്തുമണി. തിരുവനന്തപുരം ബസിനായി കാത്തു നില്‌ക്കുമ്പോള്‍ ഭാര്യയ്‌ക്ക്‌ ഒരു കോഫി വേണമെന്ന്‌ ആഗ്രഹം. കോഫി കടയില്‍ കയറി അവള്‍ക്ക്‌ ഒരു ആവി പറക്കുന്ന ചൂടന്‍ കോഫി എല്ലാ ഭര്‍ത്തക്കന്മാരെ പോലെയും ആദ്യം വാങ്ങി കൊടുത്തു. ഞാനെന്റെ കോഫിയ്‌ക്കായി കാത്തു നില്‌ക്കുന്ന സമയത്താണ്‌ പുറകില്‍ നിന്ന്‌ ഒരു പുരുഷ നിലവിളി എന്റെ കാതില്‍ പതിച്ചത്‌. തിരിഞ്ഞു നോക്കുമ്പോള്‍ മാന്യമായി വസ്‌ത്രം ധരിച്ച ഒരു മധ്യവയസ്‌ക്കന്‍ കോഫിയില്‍ കുളിച്ചു നില്‌ക്കുന്നു. ചൂടു കാപ്പി മുഖത്ത്‌ ചില പൊള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ എന്റെ മനസ്‌ എന്നോട്‌ മന്ത്രിച്ചു. 

"ഛേ എന്തു പണിയാണ്‌ കാണിച്ചത്‌," എന്നു ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്‌ ഞാനെന്റെ ഭാര്യയുടെ കയ്യിലേയ്‌ക്ക്‌ നോക്കി. കാലി ഗ്ലാസ്‌. പെട്ടെന്ന്‌ ചുറ്റും കൂടുന്ന പുരുഷാരം. കാപ്പിയില്‍ കുളിച്ചു നിന്ന മനുഷ്യന്‍ ഉച്ചത്തില്‍ പറയുകയാണ്‌,

"ഞാന്‍ ഇവളെ പിടിച്ചില്ല, ഇതിലും സുന്ദരിയായ ഭാര്യ എനിക്ക്‌ വീട്ടിലുണ്ട്‌, പിന്നെ ഈ സാധനത്തെ ഞാന്‍ എന്തിനു തൊടണം..." 
ഇതു കേട്ട്‌ വെട്ടി വിയര്‍ത്തു നില്‌ക്കുകയാണ്‌ ഞാന്‍. 

ഏത്‌ സ്‌ത്രീയും സ്വന്തം സൗന്ദര്യത്തെക്കുറിച്ച്‌്‌ അന്യപുരുഷന്മാര്‍ അപമര്യാദയായി സംസാരിച്ചാല്‍ തകര്‍ന്നു പോകുമെന്നാണ്‌ ഞാന്‍ എന്റെ സ്‌ത്രീ സഹവാസത്തില്‍ നിന്ന്‌ മനസിലാക്കിയിരിക്കുന്നത്‌. അവള്‍ക്ക്‌ യാതൊരുവിധ കൂസലുമില്ല, അയാള്‍ അവളെ പ്രശംസിച്ചു പറഞ്ഞതു പോലെയാണ്‌ അവളുടെ മുഖഭാവം. ഞാന്‍ പതുക്കെ അവളുടെ ചെവിയില്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, "ഇയാള്‍ പുറകില്‍ നിന്ന്‌ വന്ന്‌ എന്റെ തുടയില്‍ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ പിടിച്ചിട്ടില്ലെങ്കില്‍ ഞാന്‍ ഇയാളുടെ മുഖത്ത്‌ കാപ്പിയും ഒഴിച്ചിട്ടില്ല. അയാള്‍ കുടിച്ചുകൊണ്ടിരുന്ന കാപ്പി അയാളുടെ കൈ തട്ടി അയാളുടെ ദേഹത്ത്‌ വീണതാണ്‌."

ഞാന്‍ പതുക്കെയാണ്‌ ചോദിച്ചതെങ്കിലും അവള്‍ ഉത്തരം പറഞ്ഞത്‌ അവിടെ കൂടിയ എല്ലാവരോടുമായിട്ടാണ്‌. "എന്റെ അന്തോനീസ്‌ പുണ്യാളാ, വഴിയാത്രക്കാരുടെ സഹായകാ, കാത്തു രക്ഷിക്കണേ..." ഞാന്‍ അറിയാതെ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു പോയി. 

എന്നാലും കോഫിയൊക്കെ ഒഴിക്കാമോ? ഒരു കള്ളുകുടിയന്‍ പ്രതി്‌ക്ക്‌ സഹായഹസ്‌തവുമായി എത്തി. 

"ദേഹത്ത്‌ കയ്യൊന്ന്‌ മുട്ടിയാല്‍ ഇവളുമാര്‌ അങ്ങ്‌ ഉരുകി പോകുന്നതു പോലെ.. തട്ടാതെയും മുട്ടാതെയും ഇരിക്കണമെങ്കില്‍ ഇതിനെയൊക്കെ വീട്ടില്‍ വച്ചിട്ട്‌ വരണം അളിയാ."

ഞങ്ങള്‍ ആണുങ്ങളുടെ ലോകത്ത്‌ അനാവശ്യമായി പ്രവേശിച്ച്‌ ഞങ്ങളുടെ അവകാശത്തില്‍ കൈകടത്തിയ പെണ്ണിനെ കൈകാര്യം ചെയ്യാന്‍ അവിടെ കൂടിയ പുരുഷന്മാര്‍ രണ്ടായി തിരിഞ്ഞു. 

പെട്ടെന്നാണ്‌ കടക്കാരന്റെ സ്വരം പൊങ്ങിയത്‌. "ഇയാള്‍ പിടിക്കുന്നത്‌ ഞാന്‍ കണ്ടതാണ്‌. സാധാരണ സ്‌ത്രീകള്‍ ഇങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ സഹിച്ചങ്ങ്‌ പോകും, അതുകൊണ്ട്‌ ഞാനിതൊക്കെ കണ്ടാല്‍ മിണ്ടാറില്ല, ഇതുപോലെ പത്ത്‌ പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍ ഇവന്‍മാരൊക്കെ മര്യാദയാകത്തുള്ളു."

കടക്കാരന്‍ സംസാരിച്ചതോടെ ജനം പല സ്ഥലത്തേയ്‌ക്ക്‌ മാറി. കാപ്പിയില്‍ കുളിച്ചു നിന്നവന്‌ കടക്കാരന്‍ ഫ്രീയായി കുറെ വേസ്റ്റ്‌ തുണിയും നല്‌കി. കാപ്പി തുടയ്‌ക്കാന്‍. 

കോഫിക്കടക്കാരനോട്‌ ഒരു കോഫി കൂടി വാങ്ങി യാതൊരുവിധ ടെന്‍ഷനുമില്ലാതെ അവള്‍ നിന്ന്‌ കാപ്പി കുടിക്കുന്നതു കണ്ടപ്പോള്‍ അളിയാ എന്റെ ഹൃദയത്തില്‍ കൂടി ഒരിടിവാള്‍ കടന്നു പോയി. എന്നെ നാട്ടുകാരുടെ തല്ലില്‍ നിന്ന്‌ രക്ഷിച്ച ആ കടക്കാരന്‌ നൂറു രൂപ ഞാനെടുത്തു നല്‌കി. ബാക്കി വച്ചോയെന്നു ഞാന്‍ പറയുന്നതിനു മുമ്പ്‌ അവള്‍ ബാക്കി പൈസയും വാങ്ങിയിട്ട്‌ എന്നോട്‌ പറയുകയാ, കടക്കാരന്‍ അയാളുടെ ഡ്യൂട്ടിയാ ചെയ്‌തതെന്ന്‌. അതില്‍ എന്നെ ആക്കിയ ഒരു ധ്വനി ഉണ്ടായിരുന്നളിയാ...