Breaking News

Trending right now:
Description
 
Feb 29, 2016

ഓപ്പറേഷന്‍ ടേബിളില്‍നിന്ന്‌ ഷോപ്പിംഗ്‌ മാളിലേയ്‌ക്ക്‌

റഹിയാനത്ത്‌, നരിക്കുനി, കോഴിക്കോട്‌
image കോഴിക്കോട്‌ നഗരത്തില്‍നിന്ന്‌ 30 കിലോമീറ്റര്‍ അകലെ നരിക്കുനിയിലാണ്‌ എന്റെ വീട്‌. നാലുവയസുള്ള മകനും ഭര്‍ത്താവിന്റെ കുടുംബവുമൊത്ത്‌ വീട്ടുകാര്യങ്ങള്‍ നോക്കി ജീവിച്ചിരുന്ന എനിക്ക്‌ സ്വന്തംകാര്യങ്ങള്‍ ശ്രദ്ധിക്കാനായി സമയമേയുണ്ടായിരുന്നില്ല. കുറെ നാളായി എനിക്ക്‌ തുടര്‍ച്ചയായി ചുമയുണ്ടായിരുന്നു.

ഒരു ദിവസം ചുമയ്‌ക്കൊപ്പം പനിയും വന്നു. സാധാരണ ഡോസിലുള്ള ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ട്‌ പനി മാറിയില്ല. അങ്ങനെയാണ്‌ ഞങ്ങളുടെ കുടുംബഡോക്ടര്‍ രക്തപരിശോധന വേണമെന്ന്‌ പറഞ്ഞത്‌. രക്തത്തിലെ ഇഎസ്‌ആര്‍ വളരെ കൂടുതലായിരുന്നു. ടിബിയായിരിക്കുമെന്നാണ്‌ ഡോക്ടര്‍മാര്‍ സംശയിച്ചത്‌. എന്നാല്‍, എക്‌സ്‌റേ പരിശോധനയില്‍ ടിബിയില്ലെന്ന്‌ തെളിഞ്ഞു. പിന്നീട്‌ സിടി-സ്‌കാന്‍ പരിശോധനയില്‍ നെഞ്ചിനുള്ളില്‍ മുഴയുണ്ടെന്ന്‌ കണ്ടു. ഇതോടെ പള്‍മണോളജി, ശ്വാസരോഗ വിദഗ്‌ധരെ കാണണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ്‌ ഞാന്‍ ആസ്‌റ്റര്‍ മിംസ്‌ ആശുപത്രിയില്‍ ഡോ. കെ. മധുവിനെ കാണുന്നത്‌. ബയോപ്‌സി പരിശോധനയ്‌ക്കു ശേഷം എത്രയും വേഗം ശസ്‌ത്രക്രിയ നടത്തണമെന്ന്‌ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

സത്യത്തില്‍ ഞാന്‍ ആകെ വിഷമിച്ചുപോയി. ശസ്‌ത്രക്രിയ എന്നു കേള്‍ക്കുന്നതുതന്നെ എനിക്ക്‌ പേടിയായിരുന്നു. എന്നാല്‍, രണ്ടുപേര്‍ എനിക്ക്‌ ധൈര്യം തന്നു. എന്റെ ഭര്‍ത്താവും ആസ്‌റ്റര്‍ മിംസിലെ കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക്‌ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. അനില്‍ ജോസും. എന്റെ വിഷമം കണ്ട്‌ വീഡിയോ അസിസ്‌റ്റഡ്‌ തൊറോകോസ്‌കോപിക്‌ സര്‍ജറി (വാറ്റ്‌സ്‌) എന്ന പേരിലുള്ള താക്കോല്‍ദ്വാര ശസ്‌ത്രക്രിയ ചെയ്യാമെന്ന്‌ ഡോ. ജോസ്‌ നിര്‍ദ്ദേശിച്ചു. പേശികള്‍ക്കും കലകള്‍ക്കും വളരെ കുറച്ചുമാത്രം നാശമേ വരൂ എന്നതിനാല്‍ പെട്ടെന്നുതന്നെ സുഖം പ്രാപിക്കും എന്നതാണ്‌ അതിന്റെ മെച്ചം. 


സാധാരണഗതിയില്‍ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക്‌ നെഞ്ച്‌ തുറന്ന്‌ വാരിയെല്ലുകള്‍ക്ക്‌ കുറുകെ മുറിവുണ്ടാക്കി വേണം ചെയ്യാന്‍. അങ്ങനെ വരുമ്പോള്‍ സുഖമാകാന്‍ വളരെ നാളുകള്‍ വേണം. പോരെങ്കില്‍ വളരെ വേദനാജനകവുമായിരിക്കും. എന്നാല്‍, ചില അവസരങ്ങളില്‍ ഇതിനുപകരമായി വാറ്റ്‌സ്‌ പോലെ വളരെ കുറച്ചു മാത്രം മുറിവുകള്‍ ഉണ്ടാക്കുന്ന ശസ്‌ത്രക്രിയകള്‍ വഴി മുഴകളും മറ്റും പുറത്തെടുക്കാനാകുമെന്ന്‌ ഡോ. അനില്‍ ജോസ്‌ പറഞ്ഞു. വളരെ വഴക്കമുള്ള ട്യൂബും ടെലിസ്‌കോപ്പിക്‌ കാമറയും നെഞ്ചിലുണ്ടാക്കുന്ന ചെറിയ മുറിവിലൂടെ കടത്തിവിടുന്നു. ഇതില്‍നിന്നു കിട്ടുന്ന ചിത്രങ്ങളുടെ സഹായത്തോടെ രണ്ടുമൂന്ന്‌ ചെറിയ മുറിവുകളുണ്ടാക്കി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കടത്തി ട്യൂമറുകള്‍ നീക്കം ചെയ്യാനാകുമെന്ന്‌ ഡോക്ടര്‍ വിശദീകരിച്ചു.


ഡോ. അനില്‍ ജോസ്‌, കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക്‌ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌

മൂന്നു മണിക്കൂറാണ്‌ എന്റെ ശസ്‌ത്രക്രിയ നീണ്ടത്‌. അതിനുശേഷം ഒരു ദിവസത്തേയ്‌ക്ക്‌ എന്നെ ഐസിയുവിലേയ്‌ക്ക്‌ മാറ്റി. സാധാരണയായി വേദനയ്‌ക്കു നല്‌കുന്ന ഡോളോ -650 എന്ന മരുന്നു മാത്രമാണ്‌ ഡോ. ജോസ്‌ എനിക്ക്‌ നല്‌കിയത്‌. മൂന്നാം ദിവസം എന്നെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ഒരു മേജര്‍ ശസ്‌ത്രക്രിയയ്‌ക്കു ശേഷം മൂന്നാം ദിവസം, ദുബായില്‍നിന്ന്‌ ഒരാഴ്‌ചത്തെ അടിയന്തരഅവധിക്കു വന്ന ഭര്‍ത്താവുമൊത്ത്‌, ഹൈ-ലൈറ്റ്‌ മാളില്‍ ഞാന്‍ ഷോപ്പിംഗിന്‌ പോയി. എപ്പോഴും ആശുപത്രിയിലെ എന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്ന എന്റെ കൂട്ടുകാരും വീട്ടുകാരുമെല്ലാം ഇതുകണ്ട്‌ അതിശയിച്ചുപോയിരിക്കണം. നമുക്ക്‌ അനുഗ്രഹങ്ങള്‍ പല രൂപത്തില്‍ വരും. എന്നാല്‍, എന്റെ കാര്യത്തില്‍ എന്റെ രോഗങ്ങള്‍ മാറ്റുകയും ശസ്‌ത്രക്രിയയെക്കുറിച്ചുള്ള എന്റെ പേടി മാറ്റുകയും ചെയ്‌ത ഡോക്ടറായിരുന്നു എന്റെ അനുഗ്രഹം.