Breaking News

Trending right now:
Description
 
Feb 26, 2016

കായല്‍ കയ്യേറ്റം: നടന്‍ ജയസൂര്യക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌

image എറണാകുളം കൊച്ചുകടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ അനധികൃതമായി നികത്തി ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മിച്ചു എന്ന ആരോപണത്തില്‍ നടന്‍ ജയസൂര്യക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരിഷ്‌ ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണു വിജിലന്‍സ്‌ കോടതി ഉത്തരവ്‌. കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ എന്‍.എം. ജോര്‍ജ്‌ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്‌. ജയസൂര്യ ഉള്‍പ്പെടെയുള്ളവരുടെ പങ്ക്‌ പ്രഥമദൃഷ്‌ട്യാ കോടതിക്കു ബോധ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ പേരുടെ പങ്ക്‌ വെളിപ്പെടുന്ന മുറയ്‌ക്കു മാത്രമേ അവരെ പ്രതിയാക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം വിജിലന്‍സ്‌ ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണ ചുമതല. ജയസൂര്യ കൊച്ചുകടവന്ത്രയില്‍ കായല്‍ നികത്തി ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മിച്ചതു സംബന്ധിച്ച്‌ 2013 ഓഗസ്റ്റ്‌ ഒന്നിനു കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറി മുമ്പാകെ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന്‌ ഗിരീഷ്‌ ബാബു തൃശൂര്‍ വിജിലന്‍സ്‌ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച തൃശൂര്‍ വിജിലന്‍സ്‌ കോടതിയുടെ നിര്‍ദേശപ്രകാരം കണയന്നൂര്‍ താലൂക്ക്‌ സര്‍വേയറുടെ നേതൃത്വത്തില്‍ ജയസൂര്യയുടെ വിവാദഭൂമി അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ മൂന്നു സെന്റ്‌ 700 സ്‌ക്വയര്‍ ലിങ്ക്‌സ്‌ കായല്‍ ഭൂമി ജയസൂര്യ അനധികൃതമായി നികത്തി കൈയേറിയതായി കണ്ടെത്തി. എറണാകുളം ജില്ലയുടെ അധികാര പരിധിയിലുള്ള വിജിലന്‍സ്‌ കോടതി മൂവാറ്റുപുഴയില്‍ ആരംഭിച്ചതോടെ തുടര്‍നടപടിക്കായി കേസ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയിലേക്കു മാറ്റി.