Breaking News

Trending right now:
Description
 
Feb 26, 2016

ടേബിള്‍ ടെന്നിസ്: ഗണേശന്‍ അന്താരാഷ്ട്ര തലത്തില്‍ അഞ്ച് മത്സരങ്ങളുടെ പ്രധാന നിയന്ത്രിതാവ്

image തിരുവനന്തപുരം: ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള അനേകം ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തിട്ടുള്ള പ്രമുഖ ഇന്റര്‍നാഷണല്‍ റഫറിയും ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) കോമ്പറ്റീഷന്‍ മാനേജരുമായ തിരുവനന്തപുരം സ്വദേശി ഗണേശന്‍ നീലകണ്ഠ അയ്യര്‍ 2016 -ലെ അന്താരാഷ്ട്ര തലത്തിലുള്ള അഞ്ച് മത്സരങ്ങളുടെ പ്രധാന നിയന്ത്രിതാവ്.

ഇന്‍ഡോര്‍ വേള്‍ഡ് ജൂണിയര്‍ സര്‍ക്യൂട്ട് ടേബിള്‍ ടെന്നിസ് ഫൈനല്‍സ് (ജനുവരി 22 - 24) ചീഫ് റഫറി, ഷില്ലോംഗ് സാഫ് ഗയിംസ് ടേബിള്‍ ടെന്നിസ് (ഫെബ്രുവരി ആറ് - 10) ഡെപ്യൂട്ടി കോമ്പറ്റീഷന്‍ മാനേജര്‍ എന്നിവ ഇതിനകം നടന്നുകഴിഞ്ഞു. കോലാലംപൂര്‍ പേര്‍ഫെക്ട് വേള്‍ഡ് ടീം ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് (ഫെബ്രുവരി 28 - മാര്‍ച്ച് ആറ്) ഡെപ്യൂട്ടി റഫറി, ഓസ്‌ടേലിയ ബന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്‌സ് (മാര്‍ച്ച് 20 - 24) കോമ്പറ്റീഷന്‍ മാനേജര്‍, ബെന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ഒളിമ്പിക് ക്വാളിഫിക്കേഷന്‍ ടൂര്‍ണമെന്റ് (മാര്‍ച്ച് 22 -25) കോമ്പറ്റീഷന്‍ മാനേജര്‍ എന്നിവയാണ് ഇനിയുള്ളത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 25 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യാക്കാരനു റഫറിഷിപ് കിട്ടുന്നത്. 1991-ലാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ നിന്നുള്ളയാള്‍ റഫറിയായിട്ടുള്ളത്.

ദേശീയ തലത്തില്‍ 1998 മുതല്‍ മത്സര നിയന്ത്രണ രംഗത്തുള്ള ഗണേശന്‍ 2009 മുതല്‍ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ (ഐടിടിഎഫ്) കോമ്പറ്റീഷന്‍ മാനേജരായും റഫറിയായും അനേകം രാജ്യങ്ങളിലെ മത്സരങ്ങളില്‍ മധ്യസ്ഥനായിട്ടുണ്ട്. ഏഷ്യയിലെ മിക്ക മത്സരങ്ങളിലും പങ്കെടുത്തു. 2011 മുതല്‍ ഇന്ത്യയിലെ റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ഒഫിഷ്യലാണ്. കൂടാതെ വിവിധ ടെക്‌നിക്കല്‍ കമ്മിറ്റികളില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 30 വര്‍ഷത്തെ സേവനത്തിനു ശേഷം ടേബിള്‍ ടെന്നിസിനോടുള്ള അതിതാത്പര്യത്തെത്തുടര്‍ന്നു വിരമിച്ചു ടേബിള്‍ ടെന്നിസ് സംഘാടക രംഗത്തേക്കിറങ്ങിയ ഗണേശന്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എം.ബി.എ വിദ്യാര്‍ഥിയുമാണ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഫീസറായ വി.മീനാക്ഷിയാണ് ഭാര്യ. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ സൗമ്യ മകള്‍.