Breaking News

Trending right now:
Description
 
Dec 31, 2012

വരുന്നൂ, സൗന്ദര്യവും കരുത്തുമായി ഫോഡിന്റെ ഇക്കോസ്‌പോര്‍ട്ട്‌

ഇവാന പീറ്റര്‍
image
നഗരങ്ങളില്‍ റോഡുകളില്‍ പറപറക്കാന്‍, ഗ്രാമീണ റോഡുകളിലെ കുഴിയും കുണ്ടും കണ്ടില്ലെന്നു വച്ച്‌ മുന്നോട്ടുപോകാനും പറ്റിയ പുതിയ അര്‍ബന്‍ എസ്‌ യുവിയാണ്‌ ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട്ട്‌. ഫോര്‍ഡ്‌ ഫിഗോയുടെ കിടിലന്‍ വിജയത്തിനുശേഷം ഇന്ത്യയില്‍ ഫോഡ്‌ അവതരിപ്പിക്കുന്ന പ്രധാന വാഹനമാണിത്‌. പതിവുമട്ടിലുള്ള രൂപകല്‍പ്പനയല്ല എന്നതാണ്‌ ഇക്കോസ്‌പോര്‍ടിനെ ആകര്‍ഷകമാക്കുന്നത്‌. കണ്ടുമടുക്കാത്ത രീതിയിലുള്ളതാണ്‌ ഗ്രില്‍. മുന്‍വശത്തെ ആംഗുലാര്‍ രൂപം പ്രത്യേകതയാണ്‌.

ഫോഡ്‌ ഫിയസ്റ്റയുടെ പ്ലാറ്റ്‌ഫോമില്‍ തീര്‍ത്തിരിക്കുന്ന ഇക്കോസ്‌പോര്‍ട്ടിന്റെ എടുത്തുപറയേണ്ടതാണ്‌ ഡ്രൈവിംഗ്‌ കംഫര്‍ട്ട്‌. മികച്ച ഗ്രിപ്പ്‌. വളരെയെളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്‌ സ്‌റ്റീയറിംഗ്‌. ഉയര്‍ന്ന സ്‌പീഡിലേയ്‌ക്കു കയറുമ്പോള്‍ വാഹനത്തിലുള്ളവര്‍ അത്‌ അറിയുകയേയില്ല

ജനുവരിയില്‍ ഇന്ത്യയില്‍ നിരത്തിലിറങ്ങുന്ന ഈ സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനത്തിന്‌ 200 എംഎം വരെയാണ്‌ ഗ്രൗണ്ട്‌ ക്രിയറന്‍സ്‌. വെള്ളം നിറഞ്ഞൊഴുകുന്ന വഴികളിലൂടെ ഓടിക്കേണ്ടി വന്നാലും പേടിക്കേണ്ട. 550 എംഎം വരെ വെള്ളം ഉള്ളിലേയ്‌ക്കു കടക്കുകയേയില്ല. ഉയര്‍ന്ന ബോണറ്റ്‌ ലൈന്‍, പ്രത്യേകതകളുള്ള ഫോഗ്‌ ലൈറ്റ്‌ എന്നിവയും എടുത്തുപറയണം. പിന്നിലെ ഡോര്‍ ഹാന്‍ഡില്‍ ടെയ്‌ല്‍ ലൈറ്റിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. 

സെഡാന്റെ സൗകര്യങ്ങളും ഉയര്‍ന്ന സാങ്കേതികവിദ്യയുമാണ്‌ പുതിയ വാഹനത്തിന്റെ പ്രത്യേകത. തിരക്കുള്ള നിരത്തുകളില്‍പോലും വളരെവേഗം പാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്‌ രൂപകല്‍പ്പന.

മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഇക്കോസ്‌പോര്‍ടിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്‌ ഉയര്‍ന്ന ശക്തിയുള്ള ബോറോണ്‍ സ്‌റ്റീലിലാണ്‌. മുന്‍വശത്തും സൈഡ്‌ കര്‍ട്ടനിലും എയര്‍ബാഗുകളുണ്ട്‌. 

ഉയര്‍ന്ന സീറ്റുകളായതിനാല്‍ പുറംകാഴ്‌ചകള്‍ ആവോളം ആസ്വദിച്ചു മുന്നോട്ടുനീങ്ങാം. ഉയരമുള്ളവര്‍ക്കു പോലും സൗകര്യപ്രദമായ രീതിയിലുള്ളതാണ്‌ വിശാലമായ ലെഗ്‌റൂം. പുറത്തെ ശബ്ദശല്യമൊന്നും അകത്തുകേള്‍ക്കുകയേയില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത. ഉള്‍വശത്ത്‌ ഏറ്റവും കുറഞ്ഞ ശബ്ദമുള്ള വാഹനമാണിതെന്നാണ്‌ നിര്‍മാതാക്കളുടെ അവകാശവാദം.

മികച്ച ഇന്റീരിയര്‍, ഗുണമേന്മയുള്ള ഫേബ്രിക്‌, ഇന്‍സ്‌ട്രമെന്റ്‌ പാനലില്‍ ഐസ്‌ ബ്ലൂ ലൈറ്റിംഗ്‌ എന്നിവ ശ്രദ്ധേയമാണ്‌. 

മികച്ച സ്റ്റോറേജ്‌ സൗകര്യങ്ങളാണ്‌ ഇക്കോസ്‌പോര്‍ട്‌സിലുള്ളത്‌. ആകെ ഇരുപത്‌ സ്റ്റോറേജ്‌ സ്‌പേയ്‌സുകളുണ്ട്‌. ഗ്ലോവ്‌ബോക്‌സ്‌ എയര്‍കണ്ടീഷണര്‍ ഉപയോഗിച്ച്‌ കൂളറായി ഉപയോഗിക്കാം. 346 ലിറ്റര്‍ ട്രങ്ക്‌ കപ്പാസിറ്റിയും 560 ലിറ്റര്‍ റിയര്‍ സ്‌പേയ്‌സുമുണ്ട്‌. 60:40 അനുപാതത്തില്‍ സീറ്റുകള്‍ മടക്കി വയ്‌ക്കാം.
കയറ്റം കയറുമ്പോള്‍ പിന്നിലേയ്‌ക്ക്‌ ഉരുളാതിരിക്കാന്‍ ഹില്‍ ലോഞ്ച്‌ അസിസ്‌റ്റ്‌ സംവിധാനം ഒരുക്കിയിട്ടുണ്ട്‌ ഇക്കോസ്‌പോര്‍ട്ടില്‍. കീലെസ്‌ എന്‍ട്രിയാണ്‌.

4250 എംഎം നീളവും 2060 എംഎം വീതിയും 1670 എംഎം ഉയരവുമുള്ള ഇക്കോസ്‌പോര്‍ട്ടിന്റെ വീല്‍ബേസ്‌ 2520 എംഎം. 1243 കിലോ ഭാരമുള്ളതാണ്‌ നിലവില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പുറത്തിറക്കിയിരിക്കുന്ന ഇക്കോസ്‌പോര്‍ട്ട്‌. 

നാലു സിലിണ്ടര്‍ 1596 സിസി പെട്രോള്‍ എന്‍ജിനാണ്‌ സ്‌റ്റാ്‌ന്‍ഡേഡ്‌ ഇക്കോസ്‌പോര്‍ട്ടില്‍. ആറായിരം ആര്‍പിഎമ്മില്‍ 113 ബിഎച്ച്‌പി പവര്‍ ലഭിക്കും. 4250 ആര്‍പിഎമ്മില്‍ 15.9 കെജിഎം ടോര്‍ക്ക്‌. 

ഫൈവ്‌ സ്‌പീഡ്‌ ഗിയര്‍ബോക്‌സും 52 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കുമാണ്‌ ഈ വാഹനത്തിന്‌. 

ആറു മുതല്‍ ഒന്‍പതു ലക്ഷം രൂപവരെയാണ്‌ ഇക്കോസ്‌പോര്‍ട്ടിന്റെ വില എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.