Breaking News

Trending right now:
Description
 
Feb 17, 2016

ഇത്‌ പോരാട്ടമല്ല,അതിജീവനം സമരം: നഴ്‌സുമാര്‍ വീണ്ടു സമരത്തിലേയ്‌ക്ക്‌, ജാസ്‌മിന്‍ഷായുടെ നിരാഹാര സമരം 25 മുതല്‍ സെക്രട്ടറിയേറ്റ്‌ പടിക്കല്‍

image
കൊച്ചി: കണ്‍ചിമ്മാതെ രാവെളുക്കോളം പണിയെടുത്തിട്ടും ജീവിതം കൂട്ടിമുട്ടിക്കാനാവാത്ത നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തിലേയ്‌ക്ക്‌. നഴ്‌സുമാര്‍ക്ക്‌ ന്യായമായ ശമ്പളം ലഭിക്കണമെന്നാവെശ്യപ്പെട്ടാണ്‌ യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷായുടെ  നിരാഹാര സമരം ഫെബ്രുവരി 25ന്‌ തിരുവന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിക്കുന്നു. തുടര്‍ന്ന്‌ സമരത്തില്‍ മറ്റു സംസ്ഥാന നേതാക്കളും നിരാഹാര സമരം അനുഷ്‌ഠിക്കും. 

നഴ്‌സിംഗ്‌ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമരരംഗത്ത്‌ ശക്തമായി നിലകൊണ്ട യുഎന്‍എയുടെ ആദ്യ സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ ഒന്നാടിയുലഞ്ഞിരുന്നു. തുടര്‍ന്നു ശമ്പള വര്‍ധനവടക്കമുള്ള നടപടികള്‍ ഉറപ്പു നല്‍കിയതോടെ സര്‍ക്കാര്‍ വാക്ക്‌ വിശ്വസിച്ചു നഴ്‌സുമാര്‍ കഴിഞ്ഞ രണ്ടുവര്‍
ഷമായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ആശുപത്രികളില്‍ ലഭിക്കുന്ന ദിവസ വേതനം 300, 400 രൂപയാണ്‌. എല്ലാ മൂന്നു വര്‍ഷവും ശമ്പളം പുതുക്കി നിശ്ചയിക്കാമെന്നായിരുന്നു അന്ന്‌ തൊഴില്‍ കരാര്‍ ഉണ്ടാക്കിയപ്പോഴത്തെ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസഥയില്‍ നിന്നു ആശുപത്രികള്‍
പിന്‍മാറിയിരിക്കുന്നു.
2013 ജനുവരിയിലാണ്‌ പ്രാബല്യത്തില്‍ വന്ന മിനിമം വേതനം 2016 ജനുവരിയില്‍ പുതുക്കാന്‍ ആശുപത്രികള്‍ തയാറാകാത്തതാണ്‌ സമരത്തിനു കാരണം. 
പതിനേഴര ലക്ഷം വരുന്ന നഴ്‌സുമാരുടെ ശമ്പളം പുതുക്കി തരാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ രണ്ടു വര്‍ഷത്തെ സമയമാണ്‌ ചോദിച്ചത്‌. എന്നാല്‍ മന്ത്രിയുടെ വാക്ക്‌ വിണ്‍വാക്കായ സ്ഥിതിക്കാണ്‌ സമരത്തിലേയ്‌ക്ക്‌ പോകുന്നതെന്ന്‌ ജാസ്‌മിന്‍ ഷാ വ്യക്തമാക്കി. 
തങ്ങളുടെ ചോര കൊണ്ടാണ്‌ നഴ്‌സിംഗ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുള്ളുവെങ്കില്‍ അതിനും തയാറാണെന്ന്‌ ജാസ്‌മിന്‍ പറഞ്ഞു. 
ആദ്യം ജാസ്‌മിന്‍ ഷാ ആയിരിക്കും നിരാഹാര സമരം ആരംഭിക്കുക, പരിഹാരം കാണുന്നില്ലെങ്കില്‍ സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കാളിയാകും. പിന്നീട്‌ പണിമുടക്കു സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യം. അതോടെ കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖല സ്‌തംഭിക്കും. 

യുഎന്‍എയുടെ നേതൃത്വത്തില്‍ 2012ല്‍ ആരംഭിച്ച സമരത്തിന്റെ ഫലമായാണ്‌ നേഴ്‌സുമാര്‍ക്ക്‌ ലഭിച്ചിരുന്ന തുച്ഛമായ വേതനമായ മൂവായിരം- രണ്ടായിരത്തി അഞ്ഞൂറു രൂപ പതിനായിരം രൂപയായി ഉയര്‍ന്നത്‌. ബലരാമന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഉള്ള ശമ്പളം രണ്ടുവര്‍ഷത്തിനകം നടത്തി തരാമെന്നു മന്ത്രിയുടെ ഉറപ്പു പാഴായതോടെ നഴ്‌സുമാര്‍ ഈ വര്‍ഷാദ്യം ചെറിയ തോതില്‍ സമരം ആരംഭിച്ചിരുന്നു. 
സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ മൂന്നു മാസം മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ വാക്കില്‍ വിശ്വാസമില്ലാത്തതിനാലാണ്‌ സമരത്തിലേയ്‌ക്ക്‌ നഴ്‌സുമാര്‍ വീണ്ടും എത്തിയിരിക്കുന്നതെന്ന്‌ ജാസ്‌മിന്‍ ഗ്ലോബല്‍ മലയാളത്തോടു പറഞ്ഞു.