Breaking News

Trending right now:
Description
 
Dec 30, 2012

പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീത്വം, കൈകൊട്ടിച്ചിരിക്കുന്ന ജനം, ശിക്ഷിക്കപ്പെടുന്നത്‌ വെറും ഗോവിന്ദച്ചാമിമാര്‍ മാത്രം

Vinod Mathai
image
"ഓ, പിന്നെ... പീഡനം പീഡനം എന്നു പറയാതെ ഒന്ന്‌ ഉറക്കെക്കരഞ്ഞിരുന്നെങ്കില്‍ ഞങ്ങളെല്ലാം കൂടി രക്ഷിക്കില്ലായിരുന്നോ?"

കേരളത്തിലെ കൂട്ട ബലാത്സംഗക്കേസുകളിലൊക്കെ പെണ്‍കുട്ടികള്‍ക്കു നേരെ ഒളിയമ്പെയ്‌തവര്‍ ഏതാണ്ട്‌ ഇതേ രീതിയിലാണ്‌ പ്രതികരിച്ചത്‌. ഉന്നതരും രാഷ്ടീയക്കാരും ഉള്‍പ്പെട്ട എത്രയോ വിവാദമായ കേസുകള്‍ നമ്മുടെ മനസിലേയ്‌ക്ക്‌ ഉയര്‍ന്നുവരുന്നുണ്ട്‌. ഓരോ സ്ഥലപ്പേരുചേര്‍ത്തു ഓരോ പീഡനകഥകള്‍ ഓര്‍മിച്ചെടുക്കാനുണ്ടാകും. മുന്‍കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും സിനിമാനടന്മാരും സഭാതലപ്പത്തെത്തിയവരും കോളജ്‌ അദ്ധ്യാപകരും പോലീസ്‌ മേധാവികളും അടക്കം എത്രയെത്രപേര്‍ പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ടു. ഇവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു? പീഡിപ്പിക്കപ്പെട്ട എത്ര പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭിച്ചു.

സൂര്യനെല്ലിയിലെ പീഡനത്തിന്റെ കഥതന്നെയെടുക്കൂ. 

മലയാളികള്‍ ഇന്നും ആഘോഷിക്കുകയാണ്‌ ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ സ്‌നേഹത്തെയും രോദനങ്ങളെയും. സുര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രണയം നടിച്ച്‌ പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ കാമുകന്‍ 42 പേര്‍ക്കാണ്‌ അവളെ കാഴ്‌ച വച്ചത്‌. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ വരെ പിടിയിലായ ഈ കേസില്‍ 35 പേരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ധര്‍മ്മരാജന്‍ എന്ന ഇടനിലക്കാരനെ ഒഴിച്ച്‌ ബാക്കിയെല്ലാവരെയും കുറ്റവിമുക്തരാക്കി. 

നീതിക്കായി ഇവള്‍ വീണ്ടും ഹര്‍ജി നല്‌കി, അതിനെ ഉന്നതരായ പ്രതികള്‍ നേരിട്ടത്‌ യുവതിയെ സാമ്പത്തിക കേസില്‍ പ്രതി ചേര്‍ത്താണ്‌. സര്‍വ്വീസ്‌ സംഘടനയില്‍ അംഗങ്ങളായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു. പ്രതിയായത്‌ ക്ലാസ്‌ ഫോര്‍ ജീവനക്കാരിയായ സൂര്യനെല്ലി പെണ്‍കുട്ടി മാത്രം. നാം മനസുകൊണ്ട്‌ എല്ലാം പുരുഷന്മാരുടെയും പീഡനങ്ങളെയും അംഗീകരിക്കുന്നു, ആസ്വദിക്കുന്നു അതാണ്‌ വാസ്‌തവം. 

ഇന്ന്‌ ഡല്‍ഹി പെണ്‍കുട്ടിക്ക്‌ വേണ്ടി നിലവിളിക്കുന്ന സമൂഹം ഒരു സ്‌ത്രീയുടെ അതിക്രൂരമായ ഒറ്റപ്പെടലുകളോട്‌ നിസംഗത കാണിച്ചുവെന്ന്‌ ഓര്‍മപ്പെടുത്താതെ വയ്യ. 2012 ഫെബ്രുവരിയില്‍ ജനമധ്യത്തില്‍ നിന്ന്‌ അവളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ അവളെ വിറ്റ്‌ വോട്ടു നേടിയ രാഷ്ട്രീയക്കാര്‍ നിശബ്ദരായിരുന്നു. 1996 മുതല്‍ നടത്തുന്ന 2012 വരെ നീളുന്ന നിയമയുദ്ധങ്ങള്‍ 16 വര്‍ഷമായി അവള്‍ നീതിക്കായി ഭരണകൂടങ്ങളുടെ കാലു പിടിക്കുന്നു. കുറ്റവാളിയെപ്പോലെ സമൂഹത്തില്‍ നിന്ന്‌ ഒളിച്ചു ജീവിക്കുകയാണ്‌ ഇന്നും നാം സൂര്യനെല്ലി പെണ്‍കുട്ടി എന്ന്‌ ഓമനപ്പേരിട്ട്‌ വിളിക്കുന്ന ഈ യുവതി.

കിളിരൂരിലെ ശാരിയുടെ മാതാപിതാക്കള്‍ നീതി തേടി ഇന്നും അലയുകയാണ്‌. തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചവരെ ശിക്ഷ വാങ്ങി കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌. കേസില്‍ ഉള്‍പ്പെട്ട വിഐപികളെ അറിയാമെന്ന്‌ അധികാരത്തിലേറാന്‍ വെറും വാക്ക്‌ വിളിച്ചു പറഞ്ഞവര്‍ പിന്നെ അത്‌ മറന്നത്‌ നാം കാണുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മകളെ പറഞ്ഞു വിട്ട മാതാപിതാക്കള്‍ മോശക്കാരായി. ഈ കേസും മറയും വിസ്‌മൃതിയിലേയ്‌ക്ക്‌. പുതിയ പീഡനവാര്‍ത്തകളുടെ വിശദാംശങ്ങള്‍ വായിച്ച്‌ രതിമൂര്‍ച്ഛ അനുഭവിക്കുവാന്‍ കാത്തിരിക്കുന്നവര്‍ക്കായി മഞ്ഞപ്പത്രങ്ങള്‍ വിസ്‌തരിച്ച്‌ ഇനിയും എഴുതും പീഡനപാഠങ്ങള്‍.

അനഘ എന്ന നമ്പൂതിരി കുടുംബം മകളുടെ മാനം നഷ്ടപ്പെട്ടതറിഞ്ഞ്‌ ആത്മഹത്യയിലാണ്‌ അഭയം തേടിയത്‌. ഇവിടെ ഐസ്‌ക്രീം കേസില്‍ ഉന്നതരായ രാഷ്ട്രീയക്കാര്‍ സ്‌ത്രീത്വത്തെ വിലയ്‌ക്ക്‌ എടുത്ത്‌ അമ്മാനം ആടുന്നത്‌ കണ്ടിട്ടും കേരളത്തിന്റെ തണുത്തുറഞ്ഞു പോയ മനസാക്ഷി ഉണര്‍ന്നില്ല. നേതാവിന്റെ കഴിവില്‍ നമ്മുടെ പുരുഷന്മാര്‍ അസൂയപ്പെട്ടു, അത്രമാത്രം.

കേരളത്തിലെ മാത്രം കാര്യമല്ലിത്‌. ബലാത്സംഗ വീരന്മാരെ ആദരിക്കുന്ന വേട്ടക്കാരുടെ ഭരണകൂടം ബലാത്സംഗ വീരന്മാരെ കല്ലെറിഞ്ഞു കൊല്ലുമെന്നു പ്രതീക്ഷിക്കണോ?

ഡല്‍ഹിയില്‍ പ്രതിഷേധം തണുപ്പിക്കാനായിരുന്നു ഡല്‍ഹി പെണ്‍കുട്ടിയുടെ പാതിജീവന്‍പോയ ശരീരം സിംഗപ്പൂരിനു കൊണ്ടുപോയതെന്നത്‌ ഇന്ന്‌ ജനം പരസ്യമായി ചര്‍ച്ച ചെയ്യുകയാണ്‌. ശിക്ഷിക്കപ്പെടുക ചില ഗോവിന്ദച്ചാമിമാര്‍ മാത്രം. 

മധ്യപ്രദേശിലെ ഒരു കഥ കൂടി കേള്‍ക്കൂ. 2011 ഒക്ടോബര്‍ നാലിന്‌ സോണി സോറി എന്ന ആദിവാസി അധ്യാപികയെ മാവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മധ്യപ്രദേശിലെ ദന്തേവാഡയില്‍ പോലീസ്‌ ഈ സ്‌ത്രീയെ ചോദ്യം ചെയ്‌തത്‌ ബലാത്സംഗം ചെയ്‌താണ്‌. തീര്‍ന്നില്ല ക്രൂരത, ചെറിയ ഉരുളന്‍ കല്ലുകള്‍ അവളുടെ യോനിയില്‍ കുത്തികയറ്റിയത്‌ പോലീസിന്റെ ഏറ്റവും ലഘുവായ വിനോദം.

ലൈംഗികവയവങ്ങളിലേയ്‌ക്ക്‌ ഇലക്‌ട്രിക്‌ ഷോക്‌ നല്‌കിയത്‌ മറ്റൊരു ഭേദ്യ രീതി. 2.5, 1.5, 1.0 സെന്റിമീറ്റര്‍ വലിപ്പമുള്ള കല്ലുകള്‍ അവളുടെ യോനിയില്‍ നിന്ന്‌ കണ്ടെത്തിയെന്ന്‌ പറയുന്നത്‌ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ്‌. 

ചാനല്‍ ചര്‍ച്ചകാരും മാനസിക വിദഗ്‌ധരും പറയുന്നതു പോലെ സുബോധം നഷ്ടപ്പെട്ട കുറെ പുരുഷന്‍മാര്‍ മാത്രം നടത്തുന്ന കൈക്രിയകളല്ല ബലാത്സംഗങ്ങള്‍. ഈ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഈ നടപടിയ്‌ക്ക്‌ നേതൃത്വം കൊടുത്ത എസ്‌ പി അജിത്ത്‌ അങ്കിത്ത്‌ എന്ന പോലീസ്‌ ഓഫിസറെ റിപ്പബ്ലിക്ക്‌ ദിനത്തില്‍ ഗാലറി അവാര്‍ഡ്‌ നല്‌കി ആദരിച്ചു. 

മണിപ്പൂരിലെ പാവപ്പെട്ട സ്‌ത്രീകളും സോണി സോറിയും സൂര്യനെല്ലി പെണ്‍കൂട്ടിയും ശാരിയും അനഘയും നീതി അര്‍ഹിക്കുന്നുവെങ്കില്‍ അവര്‍ക്കു വേണ്ടി കൂടി രാത്രി പകലാക്കി നമ്മുക്ക്‌ യുദ്ധം ചെയ്യാം. നാളെ ഒരു പീഡനം ഉണ്ടാകാതിരിക്കാന്‍.