Breaking News

Trending right now:
Description
 
Feb 06, 2016

ഫിഷര്‍ ഫ്രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി മലയാളത്തിലും

image ആലപ്പുഴ: കടലിലെ കാലാവസ്ഥ, മത്സ്യലഭ്യത, വിപണികളുടെ വിവരങ്ങള്‍, തിരമാലകളുടെ ഉയരം തുടങ്ങിയ അവശ്യവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ മലയാളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ ക്വാല്‍കോം വയര്‍ലെസ്‌ റീച്ച്‌ ഇനിഷ്യേറ്റീവും എം.എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനും (എംഎസ്‌എസ്‌ആര്‍എഫ്‌) സംയുക്തമായി നടപ്പാക്കുന്ന ഫിഷര്‍ ഫ്രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇനി കേരളത്തിലും ലഭ്യമാകും.

എംഎസ്‌എസ്‌ആര്‍എഫ്‌ നേതൃത്വം നല്‍കുന്ന വയര്‍ലെസ്‌ റീച്ച്‌ ഫണ്ടഡ്‌ പ്രോഗ്രാമിന്റെ മൂന്നാംഘട്ടത്തിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ കാലാവസ്ഥ, സമുദ്രസ്ഥിതി, മത്സ്യലഭ്യത കൂടിയ മേഖലകള്‍, വിപണികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ 3ജി/4ജി കണക്‌ടിവിറ്റിയുള്ള സ്‌മാര്‍ട്ട്‌ ഫോണില്‍ ലഭ്യമാകും. സുരക്ഷിതമായും ഉത്‌പാദനക്ഷമമായും ലാഭകരമായും മത്സ്യബന്ധനം നടത്തുന്നതിന്‌ ഇത്‌ അവരെ സഹായിക്കും.

2007 മുതല്‍ ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലായി 2000ലേറെ മത്സ്യത്തൊഴിലാളികള്‍ ഫിഷര്‍ഫ്രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ അവരുടെ മാതൃഭാഷയില്‍ ഉപയോഗിച്ചു വരുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുള്ള ഈ ആപ്ലിക്കേഷന്‍ നിര്‍ണായകഘട്ടത്തില്‍ മോശം കാലാവസ്ഥയില്‍ കുടുങ്ങിയ നാല്‍പ്പതിലേറെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ചു. തങ്ങളുടെ സ്ഥാനം സംബന്ധിച്ച്‌ വിവരം നല്‍കാന്‍ ആപ്ലിക്കേഷനിലെ ജിപിഎസ്‌ സൗകര്യം ഇവര്‍ പ്രയോജനപ്പെടുത്തി. മത്സ്യലഭ്യത കൂടുതലുള്ള മേഖലകള്‍ സംബന്ധിച്ച വിവരങ്ങളില്‍ നിന്നും സാമ്പത്തികമായി പ്രയോജനമുണ്ടാക്കാനും കഴിഞ്ഞതായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

മത്സ്യലഭ്യത, കാറ്റിന്റെ വേഗം, തിരയുടെ ഉയരം എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്‌ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഓഫര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസാണ്‌.

സമൂഹത്തിലെ ദുര്‍ബലവിഭാഗത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ വിവരങ്ങള്‍ ലഭിക്കുന്നതിലുള്ള പോരായ്‌മ പരിഹരിക്കുന്നതിന്‌ മൊബൈല്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതില്‍ പൊതു - സ്വകാര്യ പങ്കാളിത്തത്തിന്റെ മികവ്‌ സംബന്ധിച്ച ഉത്തമോദാഹരണമാണ്‌ ഫിഷര്‍ ഫ്രണ്ട്‌ പ്രോഗ്രാമെന്ന്‌ ക്വാല്‍കോമിന്റെ ഗവണ്‍മെന്റ്‌ കാര്യങ്ങള്‍ സംബന്ധിച്ച സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ബില്‍ ബോള്‍ഡ്‌ അഭിപ്രായപ്പെട്ടു.

ഫിഷര്‍ഫ്രണ്ടിന്റെ പ്രാഥമിക വിജയം അടിസ്ഥാനമാക്കി സമാനമായ പദ്ധതികള്‍ക്ക്‌ ബ്രസീല്‍, കൊളമ്പിയ, സെനഗല്‍ എന്നിവിടങ്ങളിലും മത്സ്യത്തൊഴിലാളികളെ ലക്ഷ്യമാക്കി വയര്‍ലെസ്‌ റീച്ച്‌ സാമ്പത്തികസഹായം നല്‍കിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡിന്റെ വ്യാപകമായ വ്യാപനം അടിസ്ഥാനമാക്കി ഫിഷര്‍ ഫ്രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രയോജനം 3ജി/4ജി കണക്‌ടിവിറ്റിയുള്ള ആന്‍ഡ്രോയിഡ്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കുന്ന എട്ടു ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭ്യമാകുമെന്നാണ്‌ വിലയിരുത്തല്‍.

മികവുറ്റ രീതിയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതിന്‌ തെളിവാണ്‌ ഫിഷര്‍ ഫ്രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷനെന്ന്‌ എംഎസ്‌എസ്‌ആര്‍എഫ്‌ സ്ഥാപകന്‍ പ്രൊഫ. എം.എസ്‌. സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും മറ്റ്‌ വികസ്വര രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഈ സേവനം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ സാമ്പത്തിക വികസനത്തില്‍ ഇതിനകം മൊബൈല്‍ സാങ്കേതികവിദ്യ നല്‍കിയിട്ടുള്ള മുന്നേറ്റം വിവിധതരത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള ക്വാല്‍കോം കൂടുതല്‍ നൂതനത്വവും പൊതുസുരക്ഷയും ലക്ഷ്യമിട്ട്‌ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌.

കാര്‍ഷിക, ഗ്രാമീണ വികസനത്തില്‍ ആധുനിക ശാസ്‌ത്രത്തിന്റെ ഉപയോഗം വേഗത്തിലാക്കുന്നത്‌ ലക്ഷ്യമിടുന്ന എംഎസ്‌എസ്‌ആര്‍എഫ്‌ സാങ്കേതികവിദ്യയുടെ പ്രചാരത്തിലൂടെ ഗിരിവര്‍ഗ, ഗ്രാമീണ ജനതതിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി യത്‌നിക്കുന്നു. http://www.mssrf.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ക്വാല്‍കോം, വയര്‍ലെസ്‌ റീച്ച്‌ എന്നിവ ക്വാല്‍കോം ഇന്‍കോര്‍പ്പറേറ്റഡിന്റെ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിലും മറ്റ്‌ രാജ്യങ്ങളിലും രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ട്രേഡ്‌മാര്‍ക്കുകളാണ്‌. ക്വാല്‍കോം ഇന്‍കോര്‍പ്പറേറ്റഡിന്റെ ട്രേഡ്‌മാര്‍ക്കുകളിലൊന്നാണ്‌ ഫിഷര്‍ ഫ്രണ്ട്‌.