Breaking News

Trending right now:
Description
 
Dec 30, 2012

സൈന്യം കശക്കിയെറിഞ്ഞ മനോരമയെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

ഇ.എസ്‌. ജിജിമോള്‍, Special Correspondent
image
ന്യൂഡല്‍ഹിയിലെ രാജവീഥികളില്‍ പ്രതിഷേധത്തിന്റെ അഗ്നിയുയര്‍ത്തി യുവരോഷം പതഞ്ഞുപൊങ്ങിയത്‌ രാജ്യം കേള്‍ക്കുന്നുണ്ടോ? രാജ്യതലസ്ഥാനത്തെ ഓടുന്ന ബസില്‍ അതിക്രൂരമായി വധിക്കപ്പെട്ട പെണ്‍കുട്ടിയെയോര്‍ത്ത്‌ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ ചങ്കുപൊട്ടിക്കരയുകയായിരുന്നു. ഇന്ത്യയ്‌ക്ക്‌ അത്ര പരിചിതമല്ലാത്ത തരം പ്രതിഷേധമാണ്‌ ന്യൂഡല്‍ഹി കണ്ടത്‌. ഇതിന്റെ അലയൊലികള്‍ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലുയര്‍ന്നു. ഇതിന്റെ അനുരണനങ്ങള്‍ എന്തുമാറ്റമാണ്‌ നമ്മുടെ സമൂഹത്തില്‍ വരുത്തുന്നതെന്ന്‌ ചിന്തിച്ചുനോക്കണം. ഒന്നു പിടിച്ചു കുലുക്കി കടന്നുപോകുന്നതല്ലാതെ സ്ഥായിയായി സ്‌ത്രീയ്‌ക്കു നീതി കിട്ടുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നതാണ്‌ അടിസ്ഥാന ചോദ്യം. ഇതിനാണ്‌ ഭരണകൂടം ഉത്തരം നല്‌കേണ്ടത്‌. 

മണിപ്പൂരിലെ മനോരമ എന്ന പാവം വീട്ടമ്മയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? പലര്‍ക്കും ഓര്‍മ കാണില്ല. വാര്‍ത്തകളില്‍നിറഞ്ഞ്‌ മറ്റൊരു വാര്‍ത്തയുടെ തിളക്കത്തില്‍ നമ്മുടെ ഓര്‍മകളില്‍നിന്ന്‌ പോയ്‌മറഞ്ഞതാണ്‌ മനോരമ എന്ന പേരും. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട്‌ വലിച്ചെറിയപ്പെട്ട യുവതിയാണ്‌ മനോരമ. അവള്‍ ബലാത്സംഗം ചെയ്യപ്പെട്ടത്‌ ബസിലോ ട്രെയിനിലോ അല്ല.സ്വന്തം വീട്ടില്‍ വച്ചാണ്‌. ജനത്തെ കാത്തു സൂക്ഷിക്കേണ്ട സൈന്യംതന്നെയാണ്‌ മനോരമയെ കശക്കിയെറിഞ്ഞത്‌. 2004 ജൂലൈ പതിനൊന്നിന്‌ അര്‍ദ്ധരാത്രി മണിപ്പൂരിലെ തൊഴിലാളി കോളനിയില്‍ സൈന്യം വന്ന്‌ വിളിച്ചത്‌ ഒടുങ്ങാത്ത കാമം ശമിപ്പിക്കനാണെന്ന്‌ ആ പാവം കുടുംബം അറിഞ്ഞില്ല, അറിഞ്ഞാലും അവര്‍ക്ക്‌ പ്രതികരിക്കാന്‍ ആവില്ല. തോക്കും ബൂട്ടും ചവിട്ടി മെതിച്ചിരിക്കുന്നത്‌ സ്‌ത്രീയുടെ കണ്ണീരിനെയല്ല, അവളുടെ ശരീരത്തെയാണ്‌.

തോക്കുമായി വീടിനകത്തേയ്‌ക്ക്‌ കുതിച്ചു കയറിയ സൈനികര്‍ രണ്ട്‌ സഹോദരന്മാരെ ചവിട്ടി വീഴ്‌ത്തി, മനോരമയെന്ന മുപ്പതുകാരി സ്‌ത്രീയെ വീടിന്റെ വരാന്തയിലേയ്‌ക്ക്‌ വലിച്ചിറക്കി. അവളുടെ വസ്‌ത്രങ്ങള്‍ വലിച്ചു കീറി. സ്‌തനങ്ങള്‍ തോക്കിന്റെ പാത്തികൊണ്ട്‌ പൊക്കി നോക്കിയും തുടയില്‍ അമര്‍ത്തിയും നാലു സൈനികര്‍ രസിച്ചു. അപമാന ഭാരത്താല്‍ അവള്‍ നിലവിളിക്കുന്നത്‌ നോക്കി നിന്നു അവര്‍ പൊട്ടിച്ചിരിച്ചു. അര്‍ധപ്രാണരായ സഹോദരന്മാര്‍, പ്രായമായ അമ്മ അവരുടെ മുമ്പില്‍ കുറെ അപരിചിതരായ പുരുഷന്മാര്‍ ആ ശരീരം കളിപ്പാട്ടമായി രസിച്ചു. തീര്‍ന്നില്ല അവര്‍ തീവ്രവാദികളാണെന്ന്‌ വരുത്തിത്തീര്‍ത്ത സൈന്യം മനോരമയെ ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ എടുത്തു. 

പിറ്റേന്ന്‌ നാട്ടുകാര്‍ കണ്ടത്‌ പലരാല്‍ ബലാത്സംഗം ചെയ്‌ത്‌ കൊന്ന്‌ തള്ളിയ ശരീരം. ശരീരം മാന്തി പൊളിച്ച പാടുകള്‍, തുടയിലും ഗുഹ്യഭാഗത്തും കത്തി കുത്തിയിറക്കിയതിന്റെ ചോരപ്പാടുകള്‍, ബൂട്ടിട്ട്‌ ചവിട്ടി ഉടച്ച സ്‌തനങ്ങള്‍, അവസാനം മരണത്തോട്‌ മല്ലിടിച്ച ആ സ്‌ത്രീയെ അവര്‍ വെടിവച്ചു കൊന്നു.

സൈന്യത്തിന്റെ ഈ ക്രൂരതയില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിന്‌ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. വെറും സാധാരണക്കാരായ പന്ത്രണ്ട്‌ വീട്ടമ്മമാര്‍ സൈനിക ക്യാമ്പിനു മുന്നില്‍ പൂര്‍ണനഗ്‌നരായി സൈനിക ക്യാമ്പിനു മുന്നില്‍ നിന്ന്‌ അലറി വിളിച്ചു. "ഇന്ത്യന്‍ ആര്‍മി റേപ്‌ അസ്‌" എന്നു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കാമഭ്രാന്ത്‌ തീരാത്ത നരാധമന്മാര്‍ക്കു നേരെ ആ പ്രതിഷേധം. ലോകം മുഴുവന്‍ നടുങ്ങി ഈ നിലവിളി കേട്ട്‌‌. സംഘടനകള്‍ അവര്‍ക്ക്‌ പിന്തുണയുമായി എത്തി. അന്നും ചര്‍ച്ചകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കപ്പെട്ടു. പ്രതിഷേധ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ സര്‍ക്കാര്‍ നിരോധനാഞ്‌ജ എന്ന ഉമ്മാക്കി കാട്ടി ജനത്തെ പേടിപ്പിച്ചു. 

ലോകമെമ്പാടും പ്രതിഷേധം അണപൊട്ടിയപ്പോള്‍ ജസ്റ്റീസ്‌ ഉപേന്ദ്ര കമ്മീഷനെ നിയോഗിച്ചു. ഈ സൈനികര്‍ കുറ്റകാരെന്ന്‌ കമ്മീഷന്‍ കണ്ടെത്തിയിട്ടും പ്രതികളില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്‌ വസ്‌തുത. മണിപ്പൂരില്‍ ഇന്നും അനേകം സ്‌ത്രീകള്‍ കൂട്ട മാനഭംഗങ്ങള്‍ക്ക്‌ ഇടയാകുന്നു. വേലി തന്നെയാണ്‌ വിളവു തിന്നുന്ന ഈ നാട്ടില്‍ സ്‌ത്രീ ദേവതയായി ഇരിക്കുന്നതാവും നന്ന്‌. സാധാരണ മനുഷ്യ സ്‌ത്രീയായാല്‍ അവള്‍ തന്റെ വേദനകളോട്‌ പ്രതികരിക്കും. അവള്‍ക്ക്‌ ഒരു വൃക്തിത്വം ഉണ്ടെങ്കില്‍ അവള്‍ ഉച്ചത്തില്‍ സംസാരിക്കും...രണ്ടായിരത്തിനാലില്‍നിന്ന്‌ രണ്ടായിരത്തിപ്പതിമൂന്നില്‍ എത്തുമ്പോള്‍ ഒരോ മിനിട്ടിലും 20 സ്‌ത്രീകള്‍ ഇവിടെ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നാണ്‌ കണക്കുകള്‍. നിങ്ങളുടെ അമ്മയും ഭാര്യയും മകളും ഈ നിമിഷം ബലാത്സംഗത്തില്‍ നിന്ന്‌ രക്ഷപ്പെട്ടുവെങ്കില്‍ നിങ്ങള്‍ ആശ്വസിക്കേണ്ട. കാമകണ്ണുകളോടെ അവളെ ആരോ പിന്തുടരുന്നുണ്ട്‌.

"എനിക്ക്‌ രണ്ടു പെണ്‍മക്കളാണ്‌ ഉള്ളത്‌ അതുകൊണ്ട്‌ പ്രതിഷേധത്തിന്റെ പ്രാധാന്യം എനിക്കറിയാം" എന്നു പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയല്ലെന്ന്‌ നമുക്ക്‌ വിശ്വസിക്കാമോ? സോണിയയുടെ കണ്ണുനീര്‍ ആത്മാവില്‍ നിന്ന്‌ വന്നതാണെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുവോ.. , " 2004-ല്‍ സോണിയ -മന്‍മോഹന്‍സിംഗ്‌ കൂട്ടുക്കെട്ട്‌ ഇന്ത്യ ഭരിക്കുമ്പോള്‍തന്നെയാണ്‌ മനോരമയ്‌്‌ക്കും നീതി നിഷേധിക്കപ്പെട്ടത്‌.