Breaking News

Trending right now:
Description
 
Feb 05, 2016

മുനിസിപ്പല്‍ ബജറ്റില്‍ ആലപ്പുഴയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: ഓരോ വര്‍ഷവും ആലപ്പുഴ പട്ടണത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ളതാകണം മുനിസിപ്പല്‍ ബജറ്റ് എന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍.

ബജറ്റ് തുകകളുടെ വരവും പോക്കും സംബന്ധിച്ച് സാധാരണ പൊതുജനങ്ങള്‍ക്കു യാതൊരു വിവരവും നിലവില്‍ ലഭ്യമല്ല. ബജറ്റ് രേഖകള്‍ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എല്ലാവരുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നു അഞ്ചു വര്‍ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ അവസാനം പേരിനു വേണ്ടി ഏറ്റവും അവസാനത്തേതു പ്രസിദ്ധീകരിച്ചു.

മുനിസിപ്പല്‍ പട്ടണത്തിന്റെ ബജറ്റില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങളും പ്രതിഫലിക്കേണ്ടതുണ്ട്. അതിനായി മുന്‍കൂട്ടിയുള്ള പൊതുബജറ്റ് ചര്‍ച്ചകള്‍ നടത്തുകയും ആശയങ്ങള്‍ ക്രോഡീകരിക്കുകയും വേണം. ഏതായാലും അങ്ങനെയൊരു പതിവ് ഇതുവരെയില്ല.

നികുതി ഈടാക്കാതെ സര്‍ക്കാരിനോ മുനിസിപ്പാലിറ്റിക്കോ മുന്നോട്ടു പോകാനാകില്ല. എന്നാല്‍ അത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കാതെ വേണംതാനും. ഉദാഹരണത്തിനു പലതരം നികുതികള്‍ മുന്‍കൂട്ടി നല്കിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വീടുകള്‍ സംരക്ഷിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും പിന്നെയും പലതിനും നികുതി നല്കണം. എന്നാല്‍ ഭവനങ്ങള്‍ കൊണ്ടു ഉടമകള്‍ക്കു ചെലവല്ലാതെ വരുമാനം ഇല്ല. അതിനാല്‍ വീടുകള്‍ക്കും വസ്്തുവിനുമുള്ള നികുതി ഒരു കാരണവശാലും ഉയര്‍ത്താന്‍ പാടില്ല.

മുനിസിപ്പാലിറ്റിയുടെ നികുതി പിരിവുകള്‍ നേരിട്ട് സ്വന്തം ജീവനക്കാരെ ഉപയോഗിച്ചായിരിക്കണം നടത്തേണ്ടത്. ഇടനിലക്കാരെയോ കരാറുകാരെയോ നികുതി പിരിവ് ഏല്പ്പിക്കരുത്. മുനിസിപ്പാലിറ്റിക്കു ലഭിക്കേണ്ട പണം മൊത്തമായി കരാറുകാര്‍ക്കു ലഭിക്കുകയും മുനിസിപ്പാലിറ്റിയുടെ വിഹിതം നാമമാത്രമാകുകയും ചെയ്യുകയാണപ്പോള്‍. 

എല്ലാത്തരം നികുതി അസസ്‌മെന്റുകള്‍ക്കും മാനദണ്ഡങ്ങളും കൃത്യതയും ഉറപ്പാക്കി നികുതി പിരിവ് ഏകരൂപമാക്കുകയും കൈക്കൂലിക്കും അഴിമതിക്കുമുള്ള അവസരം ഇല്ലാതാക്കുകയും ചെയ്യണം.

വസ്തുനികുതിയോടൊപ്പം വര്‍ഷങ്ങളായി മുനിസിപ്പല്‍ ലൈബ്രറി സെസ് പിരിക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. അങ്ങനെ ലഭ്യമാകുന്ന പണം ഉപയോഗിച്ച് മുനിസിപ്പല്‍ ലൈബ്രറിയും പട്ടണ ചത്വരവും ചേര്‍ത്തുള്ള ഒരു ഉല്ലാസ-വിനോദ-വിജ്ഞാന-വിശ്രമ കോംപ്ലക്‌സിനു രൂപം നല്കണം.

വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തേണ്ടതാണ്. അതില്‍ നിന്നു ലഭിക്കുന്ന ഫീസ് നായ്ക്കളുടെ മരുന്നുകള്‍ക്കും തെരുവുനായ നിയന്ത്രണത്തിനും വിനിയോഗിക്കണം.

പട്ടണത്തില്‍ വര്‍ധിച്ചു വരുന്ന 'പേ ആന്‍ഡ് പാര്‍ക്ക'് വാഹന പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുകയും സേവനങ്ങള്‍ ഉറപ്പാക്കുകയും വേണം. യാതൊരു സേവനവും നല്കാത്ത 'പേ ആന്‍ഡ് പാര്‍ക്കു'കള്‍ക്കു അനുമതി നല്കരുത്. വാഹനങ്ങള്‍ വെയിലും മഴയും കൊള്ളാതെയിടാന്‍ തക്ക മേല്‍ക്കൂര ഉള്‍പ്പടെയുള്ള സുരക്ഷിതത്വ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കണം.

വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, പരസ്യ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റും കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവയ്ക്കു അവയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇടനിലക്കാര്‍ കൂടാതെ നേരിട്ട് ലൈസന്‍സ് തുക ഈടാക്കണം. നിലവില്‍ അത് ഊര്‍ജിതമായി നടത്തുന്നില്ല. ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കാന്‍ പ്രത്യേക ഇടങ്ങള്‍ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്യണം. ഗതാഗത, കാല്‍നടയാത്ര തടസം ഉണ്ടാക്കുന്ന പരസ്യബോര്‍ഡുകളും കമാനങ്ങളും അനുവദിക്കരുത്. 

വ്യാപാര കേന്ദ്ര റോഡുകളുടെ വശങ്ങളില്‍ ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിച്ചു സ്ഥാപനങ്ങളുടെ പരസ്യം നല്കുന്നതിനു ഫീസ് ഈടാക്കാവുന്നതാണ്. പ്രദേശത്തിന്റെ അഴകു വര്‍ധിപ്പിക്കാനും കാല്‍നടക്കാര്‍ റോഡിലേക്ക് ഇറങ്ങി നടക്കാതിരിക്കാനും അനധികൃത വഴിവാണിഭം ഒഴിവാക്കാനും ഇത് ഉപകരിക്കും.

താമസത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ ലോഡ്ജുകളായും ഡോര്‍മിറ്ററികളായും മാറ്റി വാടകയ്ക്കു നല്കുമ്പോള്‍ അവയുടെ ഉടമകളില്‍ നിന്നു നിശ്ചിത തുക വാര്‍ഷിക ഫീസ് ഈടാക്കണം. കെട്ടിടത്തിന്റെ പരിധിയില്‍ കവിഞ്ഞ് ആള്‍ക്കാരെ താമസിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യരുത്.

പഴകിയ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളില്‍ നിന്നു വന്‍ പിഴത്തുക മുനിസിപ്പാലിറ്റി ഈടാക്കണം. അത്തരം സ്ഥാപനങ്ങളുടെ പേരുകള്‍ മുനിസിപ്പല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം: ടി.ആര്‍.എ ആവശ്യപ്പെട്ടു.