Breaking News

Trending right now:
Description
 
Feb 05, 2016

മാര്‍ ജോസ്‌ പുളിക്കല്‍ അഭിഷിക്തനായി

image ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി മാര്‍ ജോസ്‌ പുളിക്കല്‍ അഭിഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കത്തീഡ്രലിലും അങ്കണത്തിലും തിങ്ങിനിറഞ്ഞ അജഗണങ്ങള്‍ക്കൊപ്പം സഭാധ്യക്ഷന്മാരും സന്യസ്‌തരും സാക്ഷിയായ മെത്രാഭിഷേക ശുശ്രൂഷകളില്‍ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്‌ ഡോ. സാല്‍വത്തോറെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുവചസന്ദേശം നല്‍കി. രക്തസാക്ഷികളുടെ തിരുശേഷിപ്പു വന്ദനത്തോടുകൂടിയാണു മെത്രാഭിഷേക കര്‍മം ആരംഭിച്ചത്‌. തിരുശേഷിപ്പു സൂക്ഷിച്ചിരുന്ന പീഠത്തിങ്കല്‍ നിയുക്തമെത്രാന്‍ വന്ദിച്ച്‌ മൗനമായി പ്രാര്‍ഥിച്ചശേഷം വിശ്വാസപ്രഖ്യാപനവും വിധേയത്വപ്രതിജ്ഞയും എടുത്തു. സഭയോടുള്ള വിശ്വാസം ഏറ്റുപറഞ്ഞതോടൊപ്പം മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ തലവനായ ശ്രേഷ്‌ഠ മെത്രാപ്പോലീത്തയോടുമുള്ള വിധേയത്വം ഏറ്റുപറഞ്ഞു. തുടര്‍ന്നായിരുന്നു കൈവയ്‌പ്‌ പ്രാര്‍ഥന. പരിശുദ്ധാത്മാവിന്റെ കൃപയ്‌ക്കായി വിശ്വാസീസമൂഹം ഒന്നാകെ തീക്ഷ്‌ണമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ കൈവയ്‌പു ശുശ്രൂഷയിലൂടെ മാര്‍ ജോസ്‌ പുളിക്കലിനെ സഹായ മെത്രാനായി അഭിഷേകം ചെയ്‌തു. സഹകാര്‍മികരും സന്നിഹിതരായിരുന്ന മറ്റു ബിഷപ്പുമാരും കൈവയ്‌പു ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. കടമകള്‍ വിശ്വാസപൂര്‍വം നിര്‍വഹിക്കുന്നതിനു പ്രതിഫലമായി ലഭിക്കാനിരിക്കുന്ന നിത്യകിരീടത്തെ സൂചിപ്പിക്കുന്ന മുടി ശിരസില്‍ അണിയിച്ചയുടന്‍ അജഗണങ്ങളെ നയിക്കുന്ന ഇടയന്റെ അടയാളമായ അംശവടിയും അജഗണങ്ങളെ ആശീര്‍വദിക്കുന്നതിനുള്ള കൈശ്ലീവായും നല്‍കിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. മേല്‍പ്പട്ടക്കാരന്റെ ചുമതലയിലേക്ക്‌ ഉയര്‍ത്തപ്പെട്ട നവമെത്രാനെ സന്നിഹിതരായിരുന്ന മറ്റു മെത്രാന്മാര്‍ സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ആശ്ലേഷിച്ചു. സഹായ മെത്രാനായി ചുമതലയേറ്റെടുത്തതായുള്ള സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ നിന്നുള്ള രേഖകളില്‍ മാര്‍ ജോസ്‌ പുളിക്കലും കാര്‍മികരും ഒപ്പുവച്ചു. മെത്രാഭിഷേക ശുശ്രൂഷകളുടെ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസ്‌ പുളിക്കല്‍ മുഖ്യ കാര്‍മികത്വംവഹിച്ചു.