Breaking News

Trending right now:
Description
 
Feb 04, 2016

മാര്‍ ജോസ്‌ പുളിക്കലിന്റെ മെത്രാഭിഷേകം ഇന്ന്‌

image കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ ജോസ്‌ പുളിക്കല്‍ ഇന്ന്‌ അഭിഷിക്തനാകും. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന അഭിഷേക കര്‍മങ്ങള്‍ക്കു ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്‌ ഡോ. സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വചനസന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേകകമ്മിറ്റി ചെയര്‍മാനുമായ റവ.ഡോ. മാത്യു പായിക്കാട്ട്‌ ആര്‍ച്ച്‌ ഡീക്കനാകും. നിയുക്ത മെത്രാന്റെ നിയമന ഉത്തരവ്‌ രൂപതാ ചാന്‍സലര്‍ റവ.ഡോ.കുര്യന്‍ താമരശേരിയും മലയാള പരിഭാഷ രൂപതാ വൈസ്‌ ചാന്‍സലര്‍ റവ.ഡോ.മാത്യു കല്ലറയ്‌ക്കലും വായിക്കും. ചടങ്ങുകള്‍ക്കു മുന്നോടിയായി നടക്കുന്ന പ്രദക്ഷിണത്തില്‍ എണ്‍പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുക്കും. പ്രദക്ഷിണപാതയുടെ ഇരുവശങ്ങളിലായി രൂപതയിലെ 143 ഇടവകകളെ പ്രതിനിധീകരിച്ച്‌ പ്രത്യേക വേഷത്തില്‍ 143 മാതാക്കള്‍ കൊടികളും 143 പുരുഷന്മാര്‍ മുത്തുക്കുടകളും വഹിക്കും.