Breaking News

Trending right now:
Description
 
Feb 01, 2016

യാത്രക്കാര്‍ക്ക് പക്ഷിക്കാഷ്ഠത്തില്‍ നിന്നു പെട്ടെന്നു മോചനം നല്കൂ..

image

ആലപ്പുഴ പട്ടണത്തിലെ റോഡുകളിലേക്കു പടര്‍ന്നു കിടക്കുന്ന വൃക്ഷങ്ങളില്‍ ചേക്കേറുന്ന പക്ഷികള്‍ തുടര്‍ച്ചയായി കാഷ്ഠിച്ചുകൊണ്ടിരിക്കുന്നതു വളരെയേറെ ബുദ്ധിമുട്ടുകളാണ് യാത്രക്കാര്‍ക്കു വരുത്തിക്കൊണ്ടിരിക്കുന്നത്. കാല്‍നടക്കാരും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞാല്‍ മനസിലാകില്ല. വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡിലേക്കു കാഷ്ഠം വീഴുന്നതും പ്രശ്‌നമാകുന്നുണ്ട്.

വഴിയിലേക്കുള്ള എല്ലാ വൃക്ഷശാഖകളും വെട്ടിമാറ്റുക തന്നെ വേണം. പക്ഷികളുടെ ശല്യം ഇല്ലെങ്കില്‍ തന്നെയും അതു ചെയ്യണം. മരക്കൊമ്പ് ഒടിഞ്ഞുവീണും വൈദ്യുത കമ്പിയില്‍ മുട്ടിയും ഉണ്ടാകുന്ന അപകടങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇക്കാര്യം പരാതിപ്പെട്ടിട്ട് ഫലപ്രദമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ റോഡിലൂടെ അറപ്പും വെറുപ്പോടെയുമാണ് നടക്കുന്നത്. എവിടെയെങ്കിലും ഒരുങ്ങി പോകാനിറങ്ങുന്നവരുടെ മേല്‍ കാഷ്ഠം വീണാല്‍ യാത്ര മുടങ്ങിയതു തന്നെ.

ശാഖകള്‍ വെട്ടണമെന്നു പറയുമ്പോള്‍ അതിനെതിരെ വൃക്ഷ-പക്ഷി സ്‌നേഹികള്‍ എന്നു അവകാശപ്പെടുന്നവര്‍ പതിവുപോലെ രംഗത്തെത്തും. ഒരു മരം പോലും നട്ടുവളര്‍ത്താത്തവരും പക്ഷികള്‍ക്കു വീട്ടുമുറ്റത്ത് അല്പം ശുദ്ധജലം വച്ചുകൊടുക്കാത്തവരും ആയിരിക്കും അവര്‍ എന്നതിനു സംശയം വേണ്ട. എതിര്‍പ്പുള്ളവര്‍ ഉടുത്തൊരുങ്ങി വരുമ്പോള്‍ ധാരയായി പക്ഷിക്കാഷ്ഠം വീഴുന്ന റോഡില്‍ ഒരു മിനിട്ടു നില്ക്കാമോ എന്നു ചോദിച്ചാല്‍ അവരെ പിന്നീട് ആ വഴി കാണില്ല! നാട്ടില്‍ തത്ത്വം പറയാന്‍ ഒത്തിരിപ്പേരുണ്ട്!! കാറില്‍ നടക്കുന്ന ഭരണാധികാരികള്‍ക്ക് ഇതടക്കമുള്ള ഒത്തിരിക്കാര്യങ്ങള്‍ പ്രശ്‌നമായി തോന്നുകയേ ഇല്ല!

റോഡില്‍ പക്ഷിക്കാഷ്ഠം വീഴാനിടയാക്കുന്ന മരക്കൊമ്പുകള്‍ ഉടനെ വെട്ടിനീക്കണം. ടാറിട്ട കറുത്ത റോഡുകള്‍ ഇത്തരം സ്ഥലങ്ങളില്‍ വെളുത്താണ് കിടക്കുന്നത്! ദുര്‍ഗന്ധം അതിനു പുറമെ. മഴക്കാലത്ത് കാഷ്ഠം റോഡിലൂടെ പരന്നൊഴുകും.

പക്ഷിക്കാഷ്ഠം നിറഞ്ഞു കിടക്കുന്ന വൈ.എം.സി.എ പാലം - വഴിച്ചേരി പാലം തെക്കേക്കര റോഡാണ് ഫോട്ടോയില്‍.