ലണ്ടന്‍: വരുന്ന വര്‍ഷത്തിന്റെ അവസാനം സൗരയൂഥത്തില്‍ പ്രവേശിക്കുന്ന സൂപ്പര്‍ വാല്‍നക്ഷത്രം ചന്ദ്രനെ നിക്ഷ്പ്രഭമാക്കിയേക്കും. സി/2012 എസ് 1 (ഐഎസ്ഒഎന്) എന്നു പേരിട്ടിരിക്കുന്ന വാല് നക്ഷത്രം നവംബറില്‍ സൂര്യനു സമീപത്തുകൂടി കടന്നുപോകും. സൂര്യനോട് അടുക്കുന്തോറും വര്‍ധിച്ച ചൂടേറ്റ് വാല്‍നക്ഷത്രത്തിലെ ഹിമകണങ്ങള്‍ ബാഷ്പീകരിക്കപ്പെട്ട് ഉജ്വലമായ വാല് ദൃശ്യമാകും.
ഒക്ടോബര്‍ മുതല്‍ 2014 ജനുവരിവരെയുള്ള രാത്രികളില്‍ ടെലിസ്കോപ്പിന്റെയോ ബൈനോക്കുലറിന്റെയോ സഹായമില്ലാതെ വാല് കാണാനാകും. 1997-ല്‍ ഹാലി-ബോപ് വാല്‍നക്ഷത്രം കടന്നുപോയപ്പോഴും ഇതേ പ്രതിഭാസം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യയിലെ രണ്ടു ശാസ്ത്രജ്ഞരാണ് പുതിയ വാല്‍നക്ഷത്രം കണ്ടെത്തിയത്. 4.6 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇതു രൂപപ്പെട്ടത്. വാല് ദൃശ്യമാകുകയാണെങ്കില്‍, ഇത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് സൗരയൂഥത്തിനു പുറത്തു രൂപപ്പെട്ട വസ്തുക്കള്‍ കാണാനുള്ള അപൂര്‍വ അവസരമാണ് ശാസ്ത്രജ്ഞര്‍ക്കു ലഭിക്കുക.
അതേസമയം, സൂര്യനോട് അടുക്കുമ്പോള്‍ വാല്‍നക്ഷത്രം പൊട്ടിത്തെറിച്ചു തകരാനോ അല്ലെങ്കില്‍ വാല് ഉത്പാദിപ്പിക്കപ്പെടാതിരിക്കാനോയുള്ള സാധ്യതയും നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.