Breaking News

Trending right now:
Description
 
Jan 26, 2016

നടി കല്‍പ്പനയുടെ സംസ്‌കാരം ഇന്ന്‌ തൃപ്പൂണിത്തുറയില്‍

image അന്തരിച്ച ചലച്ചിത്ര നടി കല്‍പ്പനയുടെ സംസ്‌കാരം ഇന്നു വൈകിട്ട്‌ അഞ്ചിന്‌ തൃപ്പൂണിത്തുറയിലെ നഗരസഭാ ശ്‌മശാനത്തില്‍ നടക്കും. ഹൈദരാബാദില്‍ നിന്ന്‌ ഉച്ചയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം 2.30നു തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംക്ഷനിലെ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. തുടര്‍ന്നു താമസസ്ഥലമായ അബാദ്‌ ഡാഫോഡില്‍സ്‌ ഫ്‌ളാറ്റിലെത്തിക്കുന്ന മൃതദേഹം വൈകിട്ട്‌ അഞ്ചോടെ ശ്‌മശാനത്തില്‍ എത്തിക്കും. മലയാള സിനിമയില്‍ ഹാസ്യത്തിനു പകരംവയ്‌ക്കാനില്ലാത്ത കല്‍പ്പനയെ തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ എത്തിച്ചശേഷമാണ്‌ മരണം സ്ഥിരീകരിച്ചത്‌. ഹൃദയാഘാതമാണു മരണകാരണമെന്നാണ്‌ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌. ഹൃദയത്തിനും കരളിനും അസുഖബാധിതയായ കല്‍പന ഏറെ നാളായി ചികിത്സയിലായിരുന്നു. തെലുങ്ക്‌ സിനിമയുടെ ഷൂട്ടിങ്ങിനാണ്‌ ഹൈദരാബാദിലെത്തിയത്‌. മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ട കല്‍പ്പന മലയാളത്തില്‍ ജഗതിക്കും ഇന്നസെന്റിനും മാള അരവിന്ദനുമൊപ്പം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ചാര്‍ളിയാണു മലയാളത്തില്‍ പുറത്തിറങ്ങിയ അവസാനചിത്രം. 2012ല്‍ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. ഉഷാ ഉതുപ്പിനൊപ്പം ഒരു മ്യൂസിക്‌ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്‌. ഞാന്‍ കല്‍പ്പന എന്ന ആത്മകഥയും സമീപനാളില്‍ പുറത്തിറക്കി. സംവിധായകന്‍ അനിലാണ്‌ ഭര്‍ത്താവ്‌. ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു. വിദ്യാര്‍ഥിനിയായ ശ്രീമയി ഏക മകളാണ്‌.