Breaking News

Trending right now:
Description
 
Dec 29, 2012

കുമ്പളങ്ങി ഗ്രാമത്തിലേയ്‌ക്ക്‌ ഒരു ക്രിസ്‌മസ്‌ യാത്ര

ജനറ്റ്‌ ആന്‍ഡ്രൂസ്‌, അസിസ്റ്റന്റ്‌ മാനേജര്‍, എസ്‌ബിഐ, വാഴക്കുളം ബ്രാഞ്ച്‌
image
അന്തവും കുന്തവുമില്ലാത്ത ജോലിത്തിരക്കുകളുടെ ലോകം പലപ്പോഴും മടിപ്പിക്കുന്നതാണ്‌. വായ്‌പയും നിക്ഷേപവും പിന്നെ പലിയക്കണക്കുകളുമാണ്‌ ബാങ്കിന്റെ ലോകം. ഈ ഫയല്‍ കൂമ്പാരങ്ങളില്‍നിന്ന്‌ ഒന്നുമാറിനിന്നു കുറച്ചു നേരത്തേയ്‌ക്ക്‌ മാത്രം. ഒരുതരം "ഒളിച്ചേ കണ്ടേ.." കളി പോലെയായിരുന്നു ഇത്തവണത്തെ ക്രിസ്‌മസ്‌. വലിയ തയാറെടുപ്പുകളില്ലാത്തൊരു യാത്ര. പായ്‌ക്കേജ്‌ ടൂറൊന്നുമല്ല. കണ്ണടച്ച്‌ ഒരു മൂളിപ്പാട്ടും പാടി ചുമ്മാതങ്ങ്‌ പോകാന്‍ എത്രയെത്ര കാഴ്‌ച്ചകളുള്ള നാടാണ്‌ നമ്മുടെ കേരളം. പാവയ്‌ക്ക പോലെ ഇന്ത്യയുടെ മാപ്പിന്റെ അറ്റത്ത്‌ അറബികടലിന്റെ തിരമാലകളേറ്റ്‌ സുഖമായി കിടക്കുന്ന കേരളത്തില്‍ തന്നെയായിരുന്നു ഞങ്ങളുടെ യാത്രയും.

ക്രിസ്‌മസ്‌ ആയതു കൊണ്ടു തന്നെ ഭക്തിസാന്ദ്രമായിരുന്നു യാത്ര. അര്‍ത്തുങ്കല്‍ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിനെ വണങ്ങി കടല്‍കാഴ്‌ചകള്‍ കണ്ട്‌ അന്ധകാരനഴി വഴി ചെല്ലാനത്തേയ്‌ക്ക്‌. 

യാത്രയ്‌ക്കിടയില്‍ ഒരു സ്‌റ്റോപ്പ്‌ അനുവദിച്ചു. മറവക്കാട്‌. ഇവിടെ കടലിനോട്‌ ചേര്‍ന്ന്‌ ചെറിയൊരു പള്ളിയുണ്ട്‌. കുരിശടിയെന്നു പറയാം. വേളാങ്കണ്ണി മാതാവിന്റെ ഈ കുരിശടിയ്‌ക്ക്‌ പറയാന്‍ ഒരു അത്ഭുത കഥയുണ്ട്‌ . കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ പ്രദേശത്തെ കടലോരത്ത്‌ അടിഞ്ഞ കക്കകളില്‍ എല്ലാം വേളാങ്കണ്ണി മാതാവിന്റെ രൂപം പതിഞ്ഞുവത്രേ. എന്തായാലും മാതാവിനെ കണ്ട്‌ ഒരു ഹായ്‌ പറയാതെ ഈ ക്രിസ്‌മസ്‌ കാലത്ത്‌ എന്തു യാത്ര. അവിടെ നിന്ന്‌ ചെല്ലാനം വഴി കുമ്പളങ്ങിയിലേയ്‌ക്ക്‌.

കൊച്ചി എന്ന നഗരസുന്ദരിക്ക്‌ സമീപം വലിയ നാട്യങ്ങളില്ലാതെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ അലസമായി കിടക്കുന്ന കുമ്പളങ്ങി എന്ന കൊച്ചു ദ്വീപിന്‌ അവകാശപ്പെടുവാന്‍ വലിയ പാരമ്പര്യങ്ങള്‍ ഒന്നുമില്ല. പാടശേഖരവും ചെമ്മീന്‍ പാടങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ പ്രകൃതിയ്‌ക്ക്‌ ലാളിത്യത്തിന്റെ കയ്യൊപ്പ്‌.




ചീനവലകള്‍ക്കും കായലോരത്തേയ്‌ക്ക്‌ എത്തി നോക്കുന്ന തെങ്ങിന്‍തലപ്പുകള്‍ക്കും കൊതുമ്പുവള്ളങ്ങള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും ഞങ്ങളെ കണ്ടതായ യാതൊരു ഭാവവുമില്ല. കാരണമുണ്ട്‌. മീന്‍പിടുത്തം പ്രധാന ഉപജീവന മാര്‍ഗമാക്കിയ ഈ ദ്വീപ്‌ ഒരു ടൂറിസ്റ്റ്‌ വില്ലേജായി മാറുന്നത്‌ 2003 മുതലാണ്‌. കണ്ടല്‍കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചത്‌ ഈ കൊച്ചുദ്വീപിന്റെ പരിസ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഗ്രാമീണടൂറിസത്തിന്റെ സാധ്യകള്‍ പഠിച്ച്‌ അന്നത്തെ ഗ്രാമപഞ്ചായത്താണ്‌ ഈ ദ്വീപിനെ ഒരു ഇക്കോ ഫ്രണ്ട്‌ലി ടൂറിസ്റ്റ്‌ വില്ലേജാക്കി മാറ്റിയത്‌. ഈ ഗ്രാമത്തിലെ വീടുകളോട്‌ ചേര്‍ന്ന്‌ ബാത്ത്‌ അറ്റാച്ച്‌ഡ്‌ ആയി രണ്ടു മുറികള്‍ നിര്‍മ്മിച്ചു. അത്രമാത്രം മതിയായിരുന്നു ടൂറിസ്റ്റുകളെത്താന്‍. പ്രാതലും കഴിച്ച്‌, മീന്‍പിടിച്ച്‌, കായലോരത്തെ തണുത്ത കാറ്റടിച്ച്‌ പുസ്‌തകം വായിച്ചിരിക്കാന്‍ എത്തുന്ന അതിഥികള്‍ ഇന്നേറെയുണ്ട്‌ ഈ ദ്വീപില്‍.

നോട്ടംകൊണ്ട്‌ വിവസ്‌ത്രയാക്കാതെ സന്ദര്‍ശകരുടെ സ്വകാര്യത അവര്‍ക്ക്‌ വിട്ടുകൊടുക്കുവാന്‍ ഗ്രാമവാസികള്‍ മാത്രമല്ല പ്രകൃതിയും പഠിച്ചിരിക്കുന്നു. അതാണ്‌ ഞങ്ങളെ കണ്ടപ്പോള്‍ ഒന്നു തഴുകി തന്റെ സ്വകാര്യ ദുഃഖങ്ങള്‍ തന്റേത്‌ മാത്രമാക്കി പ്രകൃതിപോലും മിണ്ടാതിരുന്നത്‌. 



 
നാളെ ക്രിസ്‌മസ്‌. എല്ലാം ക്രിസ്‌ത്യാനികളും പാപങ്ങള്‍ ഏറ്റു പറഞ്ഞ്‌ കുമ്പസാരിച്ച്‌ തിരുപിറവിയ്‌ക്കായി ഒരുങ്ങേണ്ട ദിവസം. കുമ്പസാരിച്ച്‌ ഒരുങ്ങണമെന്ന്‌ മനസ്‌ ഏറെ ശക്തമായ ആഗ്രഹം. ഞങ്ങള്‍ കുമ്പളങ്ങി പള്ളിയിലേയ്‌ക്ക്‌ നടന്നു. പഴമയുടെ പ്രൗഢിയില്‍ തിളങ്ങി നില്‌ക്കുന്ന ഒരു പഴയ ദേവാലയം. ഈ ലാളിത്യത്തിന്റെ മടിയിലേയ്‌ക്കാവും യേശു ക്രിസ്‌തു ആദ്യം പിറക്കാനിരിക്കുന്നതെന്ന ചിന്തയോടെയാണ്‌ കുമ്പസാരം കഴിഞ്ഞ്‌ ഞാന്‍ വെളിയിലേയ്‌ക്ക്‌ ഇറങ്ങിയത്‌.

വെല്ലിംഗ്‌ടണ്‍ ഐലന്‍ഡില്‍ നിന്ന്‌ ബോട്ടില്‍ കയറി ഞങ്ങള്‍ അവിടെ നിന്ന്‌ കൊച്ചിയിലേയ്‌ക്ക്‌ തിരിച്ചു. ഗ്ലോബല്‍ വില്ലേജ്‌ കാണുന്നതിനു മുമ്പ്‌ വല്ലാര്‍പാടം പള്ളിയിലേയക്ക്‌ അനുഗ്രഹംതേടി ഒരു തീര്‍ത്ഥയാത്ര. വെല്ലിംഗ്‌്‌ടണ്‍ ഐലന്‍ഡ്‌ പ്രകൃതി നിര്‍മിച്ചതല്ല, മനുഷ്യനിര്‍മിതമാണ്‌. 1939-ലോ മറ്റോ കൊച്ചിന്‍ പോര്‍ട്ട്‌ ആഴപ്പെടുത്തിയപ്പോള്‍ കിട്ടിയ മണ്ണ്‌ നിക്ഷേപിച്ച്‌ രൂപപ്പെട്ടതാണ്‌ ഈ ഐലന്‍ഡ്‌. വല്ലാര്‍പാടത്തെ മാതാവിന്റെ പള്ളിയില്‍ കയറി കുറെനേരം പ്രാര്‍ത്ഥനാനിര്‍ഭരമായി ചെലവഴിച്ചപ്പോള്‍ ശരിക്കും മനസില്‍ ഉണ്ണി യേശു ജനിച്ച നവ്യാനുഭൂതി. 

ഞങ്ങള്‍ അവിടെ നിന്ന്‌ പിന്നീട്‌ പോയത്‌ ബോള്‍ഗാട്ടിയിലെ ഗ്ലോബല്‍ വില്ലേജ്‌ കാണുവാനാണ്‌. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ്‌ഫെസ്റ്റാണ്‌ ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

പതിവുകള്‍ തെറ്റിച്ച്‌ മൊബൈലിനും ടിവിക്കും അവധികൊടുത്ത്‌ ആത്മീയതയുടെ നിറവില്‍ നടത്തിയ ഹൃദ്യമായ ക്രിസ്‌മസ്‌ ഈവായിരുന്നു ഞങ്ങളുടെ ഈ യാത്ര. കുട്ടികളും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു യാത്രയുടെ ഓരോ നിമിഷവും. ബോട്ട്‌ യാത്രയ്‌ക്ക്‌ ചെലവ്‌ വെറും രണ്ടു രൂപ. കപ്പലും കടലും കണ്ടുള്ള ബോട്ടുയാത്രയില്‍ കടലയും കൊറിച്ച്‌ കുട്ടികള്‍ അത്ഭുതം കൂറി: വെറും രണ്ടു രൂപയോ? ആധുനികവും അത്യന്താനുകവുമായ നാഗരികആഘോഷങ്ങളില്ലാതെ നാട്ടിന്‍പുറത്തിന്റെ നന്മയില്‍ ക്രിസ്‌മസിന്റെ യഥാര്‍ത്ഥ സ്‌പിരിറ്റ്‌ പകര്‍ന്നുതന്നു നൈറ്റ്‌ ഡ്രൈവ്‌. ക്രിസ്‌മസ്‌ പാപ്പാഞ്ഞിമാരെ കണ്ട്‌ എത്ര തവണ വണ്ടി നിര്‍ത്തിച്ചെന്നോ കുട്ടിപ്പട്ടാളം?

"യഹൂദയായിലെ ഒരു ഗ്രാമത്തില്‍, ഒരു ധനുമാസത്തില്‍ ഒരു കുളിരും രാവില്‍..." ഈ നൊസ്റ്റാള്‍ജിക്‌ ഗാനംപാടി മണ്ണെണ്ണ വിളക്കും ഡ്രമ്മുമായി താളമിടുമ്പോള്‍ ഒറിജിനല്‍ ജാസിനെ വെല്ലുന്ന താളബോധം. കാലുകള്‍ പാട്ടിനൊപ്പം താളം പിടിക്കുമ്പോള്‍ തലയാട്ടി ആരും കേള്‍ക്കാതെ എന്റെ മാത്രം ഈണത്തില്‍ ഞാനും പാടി...."യഹൂദയായിലെ...."

 
വീട്ടില്‍ തിരികെ എത്തുമ്പോള്‍ സമയം പത്തുമണി. ഇന്നലെ വന്ന കരോളുകാര്‍ ട്രോളിയില്‍ ക്രിസ്‌മസ്‌ ട്രീയും ഉന്തി വന്നിട്ട്‌ പോയതേയുളളുവെന്നു കേട്ടപ്പോള്‍ കുട്ടികള്‍ക്കൊപ്പം എനിക്കും ഒരു നഷ്ടബോധം. ഇനി അടുത്ത ക്രിസ്‌മസിനായി കാത്തിരുപ്പ്‌... അപ്പോഴും കുമ്പളങ്ങിയാത്രയുടെ ഓര്‍മകള്‍ മനസില്‍ നിറഞ്ഞുനില്‍ക്കുമെന്നതു തീര്‍ച്ച.