Breaking News

Trending right now:
Description
 
Jan 19, 2016

കൈയേറ്റം ഒഴിപ്പിക്കല്‍ സുഗമമായ ഗതാഗതം ഉറപ്പാക്കണം

image പട്ടണാതിര്‍ത്തിയിലെ റോഡു-പൊതുസ്ഥലം കൈയേറ്റം ഒഴിപ്പിക്കല്‍ ജനങ്ങളുടെ സുരക്ഷിതത്വവും സുഗമമായ ഗതാഗതവും തുടര്‍ച്ചയായി ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

ആലപ്പുഴ പട്ടണത്തിലെ കൈയേറ്റങ്ങള്‍ 2016 ജനുവരി 19 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഉത്തരവുകള്‍ ആവര്‍ത്തിച്ചുണ്ടായിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഇപ്രാവശ്യമെങ്കിലും ഫലപ്രദമായി നടപടികള്‍ സ്വീകരിക്കണമെന്ന് ടി.ആര്‍.എ ചൂണ്ടിക്കാട്ടി. റോഡു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ തന്നെ നാടിന്റെ മുഖച്ഛായ ഏറെ മാറുകയും ഗതാഗതം സുഗമമാകുകയും ചെയ്യും. പല നഗരങ്ങളിലും വിധി നടപ്പിലാക്കിയിട്ടുണ്ട്.

വഴിവാണിഭവും വഴിയോര തട്ടുകടകളും പട്ടണത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണ്. റോഡിലും നടപ്പാതയിലുമുള്ള ബോര്‍ഡുകളും ബാനറുകളും കൊടികളും തോരണങ്ങളും വാഹനാപകടങ്ങളും കുരുക്കും തുടര്‍ച്ചയായി ഉണ്ടാക്കുന്നു. റോഡു കൈയേറിയുള്ള അനധികൃത കച്ചവടം ഒരു കാരണവശാലും അവകാശമായും ജീവനോപാധി മാര്‍ഗമായും അനുവദിക്കേണ്ടതില്ല. മുഷ്ടിബലം പ്രയോഗിച്ചുള്ള അങ്ങനെ നടത്തുന്ന വഴിക്കച്ചവടവും തട്ടുകടകളും നാട്ടില്‍ നിയമം പാലിച്ചു ജീവിക്കുന്ന സാധാരണജനങ്ങളോടുള്ള വെല്ലുവിളിയും അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും വന്‍തോതിലുള്ള റോഡപകട കാരണവുമാണ്. സംഘടിതരായ ന്യൂനപക്ഷ കൈയേറ്റക്കാര്‍ക്കു വേണ്ടി ഭുരിപക്ഷം വരുന്ന അംസഘടിതരായ സാധാരണ ജനങ്ങളെ അധികൃതര്‍ ബുദ്ധിമുട്ടിലാക്കരുത്. റോഡുകള്‍ വാഹനഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്കും വേണ്ടി മാത്രമുള്ളതാണ് എന്ന തത്ത്വം കൃത്യമായി നടപ്പിലാക്കുക മാത്രമാണ് വേണ്ടത്.

റോഡിലെ ഫഌക്‌സ് ബോര്‍ഡുകളും സര്‍ക്കാര്‍ ഭൂമിയില്‍ സംഭരിച്ചിരിക്കുന്ന സാധനസാമഗ്രികളും മറ്റു വസ്തുവകകളും നീക്കം ചെയ്യുന്നതിനോടൊപ്പം വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചില പൊതു തീരുമാനങ്ങള്‍ എടുത്ത് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കുകയും ചെയ്താല്‍ പട്ടണത്തിലെ ഗതാഗതം പ്രശ്‌നരഹിതമാകുമെന്നും ടി.ആര്‍.എയുടെ നിവേദനത്തില്‍ എടുത്തുകാട്ടി.

അതിനായി പരിഗണിക്കണമെന്നു അഭ്യര്‍ഥിച്ചിട്ടുള്ള കാര്യങ്ങള്‍:

>കടകളിലെ കച്ചവടം ഷട്ടറിനുള്ളില്‍ മാത്രമാക്കുക. വ്യാപാരസ്ഥാപനം ആരംഭിച്ച ശേഷമുള്ള ഏച്ചുകെട്ടലുകള്‍, വഴിക്കു വിലങ്ങനെയുള്ള ബോര്‍ഡുകള്‍, റോഡിലേക്കു സാധനങ്ങള്‍ നിരത്തിയുള്ള കച്ചവടം, കാണകള്‍ വരെ മൂടിയുള്ള തറവിസ്തീര്‍ണം കൂട്ടല്‍ എല്ലാം നീക്കം ചെയ്യുക.

>വഴിയരുകിലും മീഡിയനുകളിലും പാലങ്ങളിലുമുള്ള പോസ്റ്റുകളില്‍ യാതൊരു വിധ ബോര്‍ഡുകളും കൊടിതോരണങ്ങളും അനുവദിക്കരുത്. വഴിയരുകിലെ ബോര്‍ഡുകള്‍ ദേഹത്തു മുട്ടുന്നതിനാലും വഴിനടക്കാര്‍ക്കു തടസ്സമായതിനാലും റോഡിലേക്കിറങ്ങി നടക്കാന്‍ നിര്‍ബന്ധിതമാകും. പോസ്റ്റുകളില്‍ ചെരിച്ചു കെട്ടിവയ്ക്കുന്ന കൊടിക്കാലുകള്‍ ചേര്‍ന്നു പോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്കു അപകടരവുമാണ്.

>റോഡ് വളവുകള്‍, പാലങ്ങളുടെ വായ്ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ കച്ചവട ഏര്‍പ്പാടുകളും വിശ്രമകേന്ദ്രങ്ങളും സ്റ്റാന്‍ഡുകളും നീക്കം ചെയ്യുക. വാഹനങ്ങളുടെ സഞ്ചാരത്തിനു ഇത്തരം കൈയേറ്റങ്ങള്‍ തടസ്സമുണ്ടാക്കുന്നുണ്ട്.

>ജംഗ്ഷനുകളുടെ വളവുകള്‍, പാലങ്ങളുടെ കയറ്റിയിറക്കങ്ങള്‍ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ കര്‍ശനമായി നിരോധിക്കുക. ഇത്തരം സ്‌റ്റോപ്പുകളാണ് പട്ടണത്തില്‍ കൂടുതല്‍ അപകടങ്ങളും കുരുക്കുകളും ഉണ്ടാക്കുന്നത്. സ്ഥലമുള്ളയിടങ്ങളിലെല്ലാം ഉടനെ ബസ് ബേകള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തുക.

>പെര്‍മിറ്റ് വ്യവസ്ഥയനുസരിച്ച് വാഹനങ്ങള്‍ എല്ലാം അതാത് ഗാരേജ്, പാര്‍ക്കിംഗ് ഇടങ്ങളിലാണോ നിറുത്തിയിടുന്നതെന്നു പരിശോധിക്കുക. ലോറികള്‍, ടാങ്കറുകള്‍, ബസുകള്‍, ജനറേറ്റര്‍ വാഹനങ്ങള്‍ തുടങ്ങിയവ സ്ഥിരമായി വ്യവസ്ഥ ലംഘിച്ച് റോഡില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കരുത്. ഓരോരോ വ്യാപാര, വാണിജ്യ, സേവന ഏര്‍പ്പാടുകള്‍ക്കു ആവശ്യമായ വാഹനപാര്‍ക്കിംഗ്, കയറ്റിയിറക്കു സ്ഥലം പ്രത്യേകം ഉണ്ടെങ്കില്‍ മാത്രമേ അവ നടത്തുന്നതിനുള്ള അനുമതിയും ലൈസന്‍സും നല്കാവൂ. കച്ചടവടത്തിനും സേവനത്തിനുമായുള്ള വില്പന, സാധന സാമഗ്രികള്‍ റോഡു വക്കില്‍ സംഭരിച്ചു വയ്ക്കാന്‍ അനുവദിക്കരുത്. റോളര്‍, മിക്‌സര്‍ തുടങ്ങിയ റോഡു നിര്‍മാണ ഉപകരണങ്ങള്‍ ഉപയോഗത്തിനു ശേഷം റോഡില്‍ സ്ഥിരമായി ഇടുന്നതു സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവാക്കണം.

>വലിയ കണ്ടെയ്‌നര്‍ ലോറികള്‍ക്കു കടന്നു പോകാന്‍ ആവശ്യത്തിനു വീതിയുള്ള റോഡുകള്‍, തിരിഞ്ഞു കയറാന്‍ ആവശ്യത്തിനു വീതിയുള്ള ഗേറ്റുകള്‍ തുടങ്ങിയവ ഇല്ലാത്ത സ്ഥാപനങ്ങളില്‍ ഹൗസ് സ്റ്റഫിംഗ്് അനുവദിക്കരുത്.

>താഴ്ന്നു കിടക്കുന്ന കേബിളുകള്‍ എല്ലാം നിശ്ചിത ഉയരത്തിലാക്കി കെട്ടാന്‍ നിര്‍ബന്ധിക്കണം. താഴ്ന്നും പൊട്ടിയും കിടക്കുന്ന കേബിളുകള്‍ ഇരുചക്രവാഹനയാത്രക്കാരെ സാധാരണ അപകടത്തിലാക്കുന്നുണ്ട്.

>ഒരേസമയം കൂടുതല്‍ ആള്‍ക്കാര്‍ ഒരുമിച്ചു വാഹനങ്ങളില്‍ എത്തുന്ന ആരാധാനാലയങ്ങള്‍, ഓഫീസുകള്‍, വ്യാപാര-വാണിജ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയയിടങ്ങളില്‍ റോഡുതടസ്സമുണ്ടാക്കാതെ സ്വന്തമായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഏര്‍പ്പാടുണ്ടാക്കണം. സിവില്‍ സ്‌റ്റേഷന്‍, കോടതികള്‍ തുടങ്ങിയ കൂടുതല്‍ നേരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉടന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തണം.

>റോഡിലേക്കു കയറിയും നടപ്പാത തടഞ്ഞുമുള്ള ഓട്ടോ റിക്ഷ, ടാക്‌സി സ്റ്റാന്‍ഡുകള്‍ ഒഴിവാക്കുക. കൂടുതല്‍ വാഹന എണ്ണമുള്ള സ്റ്റാന്‍ഡുകള്‍ക്കു പകരം കുറഞ്ഞ എണ്ണത്തിലുള്ളവയുടെ സ്റ്റാന്‍ഡുകള്‍ ഏര്‍പ്പെടുത്തുക.

>റിക്രിയേഷന്‍ ഗ്രൗണ്ടിലെ ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ അടുക്കും ചിട്ടയിലുമാക്കി ആ പ്രദേശത്തെ ഗതാഗതത്തിരക്ക് ഒഴിവാക്കി പൊതുജനങ്ങള്‍ക്കു സൗകര്യപ്രദമാകുന്ന രീതിയിലാക്കുക.

>ആരാധനയുടേയും ആചാരത്തിന്റെയും പേരില്‍ റോഡിലെ കാണിക്കവഞ്ചി, കൊടിമരം, ആല്‍ത്തറ തുടങ്ങിയവ വികസിപ്പിക്കുന്നതു തടയുകയും ഗതാഗതത്തിനും റോഡുവികസനത്തിനും തടസമാകുന്ന എല്ലാ നിര്‍മിതികളും നീക്കുകയും ചെയ്യുക.

>റോഡു കുത്തിക്കുഴിച്ചും വാഹനാപകടമുണ്ടാക്കുന്ന രീതിയിലും സ്ഥാപിക്കുന്ന തോരണക്കാലുകള്‍, ആര്‍ച്ചുകള്‍, ഗോപുരങ്ങള്‍ തുടങ്ങിയവയ്ക്ക് അനുമതി നല്കാതിരിക്കുക.

>റോഡിലേക്കിറങ്ങിയുള്ള എല്ലാ വൃക്ഷശിഖരങ്ങളും നീക്കം ചെയ്യുക. കമ്പ് ഒടിഞ്ഞു വീണുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ല.

>റോഡു കൈയേറ്റങ്ങളെക്കുറിച്ചു രേഖാമൂലമല്ലാത്ത പരാതി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തുക. വിവരം അറിയിക്കാന്‍ ടെലിഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും നല്കുകയും ചെയ്യുക. എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ വിവരങ്ങള്‍ നല്കുന്നവര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍,
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ജില്ലാ ഇന്‍ഫര്‍േഷന്‍ ഓഫീസര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍,
മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് നിവേദനം നല്കിയിട്ടുള്ളത്.