Breaking News

Trending right now:
Description
 
Jan 16, 2016

ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നു വൈ.എം.സി.എ

image ആലപ്പുഴ: വൈ.എം.സി.എ പാലം ജംഗ്ഷനുകളിലേയും സമീപ പ്രദേശങ്ങളിലേയും ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വൈ.എം.സി.എ പ്രസിഡന്റ് ഡോ. പി.കുരിയപ്പന്‍ വര്‍ഗീസ് അധികൃതര്‍ക്കു നിവേദനം നല്കി.

പട്ടണത്തില്‍ ദിവസേന അനേകം പേര്‍ വന്നുപോകുന്ന ഒരു പൊതുസ്ഥാപനമാണ് വൈ.എം.സി.എ. ഇവിടെ പ്രവര്‍ത്തിക്കുന്ന ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നിസ്, മ്യൂസിക്, ഡ്രോയിംഗ് അക്കാഡമികളിലേക്ക് വളരെ ചെറിയ കുട്ടികള്‍ അടക്കമുള്ളവരാണ് എത്തുന്നത്. ഇതില്‍ മിക്കവരും കാല്‍നടയായും സൈക്കിളിലുമാണ് എത്തുന്നത്.

വൈ.എം.സി.എയുടെ മുന്നിലുള്ള വൈ.എം.സി.എ പാലത്തിന്റെ ഇരുവശത്തുമുള്ള ജംഗ്ഷനുകള്‍ അനിയന്ത്രിതമായ വിവിധ അനധികൃത കൈയേറ്റങ്ങള്‍ കൊണ്ടും അശാസ്ത്രീയമായ ഗതാഗത ഏര്‍പ്പാടുകള്‍ മൂലവും വലിയ അപകട മേഖലയായി മാറിയിരിക്കുകയാണ്. വഴിച്ചേരിയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ആരംഭിച്ചതോടു കൂടി ഇതു വഴിയുള്ള ബസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടു കൂടി വാഹനങ്ങളുടെ എണ്ണം പതിമടങ്ങു വര്‍ധിക്കും. വേഗനിയന്ത്രണങ്ങള്‍ പാലിക്കാതെ പാലത്തിലൂടെയും വളവുകളിലൂടെയും പാഞ്ഞുപോകുന്ന വാഹനങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്ക്കാന്‍ കാല്‍നടക്കാര്‍ക്കു പലപ്പോഴും സാധിക്കുന്നില്ല. രാത്രിയില്‍ റോഡില്‍ വെളിച്ചത്തിനു മാര്‍ഗമില്ലാത്തതിനാല്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടുന്നു. അതിനാല്‍ വൈ.എം.സി.എ പ്രദേശത്തെ ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

റോഡിലെയും റോഡു വക്കിലേയും തടസ്സങ്ങള്‍ എല്ലാം ഒഴിവാക്കി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനമാണുണ്ടാകേണ്ടത്. കാല്‍നടക്കാര്‍ക്കു ആവശ്യമായ നടപ്പാത സൗകര്യങ്ങള്‍ കൂടിയൊരുക്കണം. ഗതാഗതം അപകടരഹിതമാക്കാന്‍ ജംഗ്ഷനുകളുടെ വികസനവും നടപ്പിലാക്കണം. അതിനായി പി.ഡബ്ലിയു.ഡി., ട്രാന്‍സ്‌പോര്‍ട്ട്, പോലീസ് അധികൃതരുമായി ചേര്‍ന്നുള്ള ഫലപ്രദമായ സംയുക്ത കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. 

>> ഗതാഗത തടസ്സങ്ങള്‍ നീക്കുന്നതിനും കാല്‍നടയാത്ര സുഗമമാക്കുന്നതിനും എടുക്കേണ്ട നടപടികള്‍:

> പാലത്തിലും പാലത്തിന്റെ കയറ്റിയിറക്കങ്ങളിലും ജംഗ്ഷനുകളുടെ വളവുകളിലും ബസ് നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് നിരോധിക്കുക.
> പാലത്തിന്റെ കയറ്റിയിറക്കങ്ങളിലും വാ ഭാഗങ്ങളിലുമുള്ള എല്ലാ ഓട്ടോ റിക്ഷ, ടാക്‌സി സ്റ്റാന്‍ഡുകളും അനധികൃത നിര്‍മിതികളും ഷെഡുകളും നീക്കം ചെയ്യുക.
> റോഡുവക്കില്‍ കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍, പണിയുപകരണങ്ങള്‍ തുടങ്ങിയവ എടുത്തു മാറ്റുക.
> പാലത്തിലെ നടപ്പാതയിലും റോഡു വക്കിലും നടത്തുന്ന വഴിവാണിഭവും തട്ടുകടകളും വാഹന ഭക്ഷണശാലകളും മീന്‍ കച്ചവടവും നിരോധിക്കുക.
> റോഡുവക്കില്‍ ഒരു നിയന്ത്രണവുമില്ലാതെ സ്ഥാപിച്ചിരിക്കുന്നതും കാല്‍നടക്കാര്‍ക്കു പ്രതിബന്ധവും ഡ്രൈവര്‍മാര്‍ക്കു കാഴ്ചതടസമുണ്ടാക്കുന്നതുമായ എല്ലാവിധ ബോര്‍ഡുകളും കൊടികളും തോരണങ്ങളും നീക്കം ചെയ്യുക.
> എല്ലാ പോസ്റ്റുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും പാലത്തിലുള്ള ലൈറ്റുകള്‍ കത്തിക്കുകയും ചെയ്യുക.
> പാലത്തിന്റെ വാ ഭാഗങ്ങളിലും കയറ്റിയിറക്കങ്ങളിലും വളവുകളിലും ഗതാഗതം തടസ്സപ്പെടുത്തിയും റോഡിന്റെ എതിര്‍വശത്തേക്കു വിളിച്ചുവരുത്തിയും ആള്‍ക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന വിധത്തില്‍ നടത്തുന്ന പോലീസ് വാഹനങ്ങളിട്ടുള്ള പരിശോധന ഒഴിവാക്കുക.
> റോഡിലും ജംഗ്ഷനുകളിലും രൂപപ്പെടുന്ന കുഴികള്‍ ഉടനുടന്‍ നികത്താനുള്ള സംവിധാനത്തിനു മുന്‍കൈയെടുക്കുക.
> ആവശ്യമായ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡില്‍ ആവശ്യമായ ഗതാഗതനിയന്ത്രണ രേഖകള്‍ വരയ്ക്കുകയും ചെയ്യുക.
> റോഡിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും അപകടകരമായി പടര്‍ന്നു കിടക്കുന്ന വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റുക.
> കൂടുതല്‍ സഞ്ചരിച്ച് വാഹനങ്ങള്‍ക്കു അനാവശ്യമായി ഇന്ധനച്ചെലവുണ്ടാക്കുന്നതും എല്ലാ ജംഗ്ഷനുകളിലും സദാ കുരുക്കുണ്ടാക്കാന്‍ ഇടയാക്കുന്നതുമായ രീതിയില്‍ പട്ടണത്തിലെ ജംഗ്ഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അശാസ്ത്രീയമായ 'നോ റൈറ്റ് ടേണ്‍' നിരോധനവും വണ്‍വേ ഏര്‍പ്പാടും നീക്കുക.

ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തുടങ്ങിയവര്‍ക്കാണു നിവേദനം നല്കിയിട്ടുള്ളത്.