Breaking News

Trending right now:
Description
 
Jan 16, 2016

കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു; സണ്‍ഫിലിം നിരോധനം പിന്‍വലിക്കണം

image ആലപ്പുഴ: വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ഫിലിം പതിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന ചട്ടം പിന്‍വലിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ഭീകരപ്രവര്‍ത്തകര്‍ ഒളിച്ചെത്തുന്നതു തടയുന്നതിനു വേണ്ടിയാണ് സണ്‍ഫിലിം നിരോധിച്ചതെന്നു സൂചിപ്പിച്ചിരുന്നതെങ്കിലും ഇന്ത്യയില്‍ അതിനു ശേഷം നടന്ന ഭീകരപ്രവര്‍ത്തനങ്ങളും സ്‌ഫോടനങ്ങളും സണ്‍ഫിലിം പതിച്ച വാഹനങ്ങളില്‍ എത്തിയിട്ടുള്ളവരല്ല നടത്തിയിട്ടുള്ളതെന്നു ശ്രദ്ധേയമാണ്. നടന്നും സൈക്കിളിലും തുറസായ സ്ഥലത്തെ ആള്‍ക്കൂട്ടത്തിലെത്തി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുള്ളവരെ പോലും ഒരു സ്ഥലത്തും പിടികൂടാനായിട്ടില്ല. ശ്രദ്ധിക്കപ്പെടാതെയിരിക്കാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന കാറുകളില്‍ സണ്‍ഫിലിം ഒഴിവാക്കുകയാണ്. സണ്‍ഫിലിം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റവാളികളെ തിരിച്ചറിയണമെന്നില്ല. സ്വജീവന്‍ നഷ്ടപ്പെടുത്താന്‍ പോലും തയാറായി നിശ്ചയദാര്‍ഢ്യത്തോടെയെത്തുന്ന ആരുടേയും അതിക്രമങ്ങള്‍ ഒരു തരത്തിലും തടയാനാകില്ല എന്നതിനാല്‍ സണ്‍ഫിലിം നിരോധനത്തിനു യാതൊരുതരത്തിലും പ്രസക്തിയില്ല.

ഇതേസമയം, സണ്‍ഫിലിം ഇല്ലാത്ത കാറുകളിലും മറ്റും സഞ്ചരിക്കുന്നവര്‍ക്കു ദുരിതം ഏറെയാണ്. കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കുമുള്ള അസ്വസ്ഥതകള്‍ തുടങ്ങി തൊലിപ്പുറമേയുള്ള വിവിധ രോഗങ്ങളും ഒപ്പം കാന്‍സറും പെരുകുന്നു. അള്‍ട്രാവയലറ്റ് രശ്മികളും കഠിനമായി ഒരേ സ്ഥലത്ത് ഏല്‍ക്കുന്ന ചൂടുമാണ് പ്രശ്‌നം വഷളാക്കുന്നത്. സമൂഹത്തില്‍ ഏറെ പേര്‍ വെയില്‍ അടിക്കുന്നതു മൂലമുള്ള ത്വക്‌രോഗങ്ങളാല്‍ വലയുന്നവരാണ്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള സുരക്ഷിതത്വവും കുറയും.

സണ്‍ഫിലിം ഇല്ലാത്ത കാറുകളില്‍ എയര്‍കണ്ടീഷണര്‍ ഉണ്ടെങ്കില്‍പ്പോലും ശരീരം തുളച്ചുകയറുന്ന വെയിലും ചൂടുമാണ് യാത്രക്കാര്‍ സഹിക്കേണ്ടിവരുക. ഇടുങ്ങിയ സ്ഥലത്തു ചൂടു വര്‍ധിക്കുന്നതു വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കും. വാഹനങ്ങള്‍ക്കുള്ളില്‍ സദാ ചൂടുനിറഞ്ഞിരിക്കുന്നതു കാരണം കൂടുതല്‍ ശക്തിയായി എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഇന്ധനച്ചെലവ് പതിമടങ്ങു കൂടും.

സണ്‍ഫിലിം നിരോധിച്ചപ്പോള്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളും കൂടാതെ ഉദ്യോഗസ്ഥരും പോലീസും സര്‍ക്കാര്‍ ചെലവില്‍ വാഹനങ്ങളില്‍ വിലകൂടിയ കര്‍ട്ടനുകളിട്ടു യാത്രസുഖകരമാക്കുകയും നിയമത്തെ നോക്കുകുത്തിയാക്കുകയും ചെയ്തു. സാധാരണക്കാര്‍ ഗ്ലാസില്‍ തോര്‍ത്തും തുണിയും കടലാസും തിരുകി വച്ചു താത്ക്കാലികമായി സൂര്യരശ്മിയെത്തടയാന്‍ ശ്രമിച്ചു. പണമുള്ളവര്‍ വന്‍വിലയുള്ള കസ്റ്റം മെയിഡ് ലേസര്‍ ഷേഡുകളും മറ്റും പിടിപ്പിച്ചു. ഫലത്തില്‍ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ സൗകര്യമായി ഉപയോഗപ്പെടുത്തിയിരുന്ന സണ്‍ഫിലിമിന്റെ പ്രയോജനം ഇല്ലാതാക്കിയെന്നു മാത്രം. സണ്‍ഫിലിം അല്ലാത്ത മറകള്‍ വാഹനത്തിലിരിക്കുന്ന യാത്രക്കാരെ പൂര്‍ണമായും മറച്ചാലും അതു നിയമവിരുദ്ധമല്ലെന്നുള്ളതു വിരോധാഭാസം.

അധികാരമുള്ളവരും ഉന്നതതരും പകരം സംവിധാനങ്ങള്‍ ഒരുക്കി നിയമത്തെ മറികടന്നു മിടുക്കന്മാരാകുമ്പോള്‍ സാധാരണക്കാര്‍ മാത്രമാണ് ഇത്തരം നിയമങ്ങള്‍ മൂലം പോലീസിനാല്‍ പീഡിപ്പിക്കപ്പെടുന്നതും ശാരീരികമായി അവശത അനുഭവിക്കുന്നതും. ഭീകരരേയും തീവ്രവാദികളേയും പിടികൂടേണ്ടത് സര്‍ക്കാരിന്റെ കുറ്റാന്വേഷണ വൈഭവം ഉപയോഗിച്ചാണ്. അല്ലാതെ രാജ്യത്തെ ജനങ്ങളെയെല്ലാം തുടര്‍ച്ചയായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയും പൊള്ളിച്ചുമല്ല. സണ്‍ഫിലിം നിരോധിച്ചതുകൊണ്ടു മാത്രം കുറ്റവാളികളെ പിടികൂടിയിട്ടില്ല. സണ്‍ഫിലിം ഇല്ലെങ്കിലും രാത്രിയില്‍ വാഹനങ്ങളില്‍ പോകുന്നവരെ പുറത്തു നില്ക്കുന്നവര്‍ക്കു കാണാനാകില്ല.

അകം ഒട്ടും കാണാനാകാത്ത തരത്തിലുള്ള കൂളിംഗ് ഗ്ലാസുകളുള്ള ലക്ഷ്വറി ബസുകളിലും അടച്ചുകെട്ടിയ ബോഡിയുള്ള ലോറികളിലും കണ്ടെയ്‌നറുകളിലും ഭീകരര്‍ക്ക് എത്താം. മറയിട്ട ഓട്ടോറിക്ഷയില്‍പ്പോലും ഭീകരര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. അപ്പോള്‍ യുക്തി ഇല്ലാത്ത സണ്‍ഫിലിം നിരോധനം ജനങ്ങള്‍ക്കു കൂടുതല്‍ പണച്ചിലവും രോഗങ്ങളും വരുത്തിവയ്ക്കുന്നുവെന്നു മാത്രം. അതിനു പിന്നിലും ഗൂഡാലോചനയുണ്ടോയെന്നു സാധാരണക്കാര്‍ സംശയിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. 

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സണ്‍ഫിലിം നിയമപരിധിക്കുള്ളിലുള്ള ഡാര്‍ക്‌നെസ് ഉള്ളതാണോ എന്നു അളന്നുപരിശോധിക്കാനുള്ള ഉപകരണമില്ലാതെയാണ് പോലീസ് സണ്‍ഫിലിം നീക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് എന്നത് മനുഷ്യാവകാശ ലംഘനവുമാണ്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം ചൂണ്ടിക്കാട്ടി 2012-ല്‍ സുപ്രീം കോടതിയാണ് വാഹനങ്ങളുടെ വിന്‍ഡോകളിലും വിന്‍ഡ്ഷീല്‍ഡുകളിലും സണ്‍ഫിലിം ഒട്ടിക്കുന്നതു തടഞ്ഞത്. ചട്ടം നീക്കം ചെയ്തു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ടി.ആര്‍.എ ആവശ്യപ്പെട്ടിട്ടുള്ളത്.