Breaking News

Trending right now:
Description
 
Jan 10, 2016

വരൂ, കാലദേശങ്ങള്‍ ഇല്ലാതെ നമുക്ക്‌ കൂവിയാര്‍ക്കാം

ജനറ്റ്‌ ബിനോയി
image

ഒരു കൂവലില്‍ എന്തെല്ലാം വികാരങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. പരിഹാസം, ആക്ഷേപം, അപമാനം.... അങ്ങനെ പറയാന്‍ നന്മകളൊന്നുമില്ലാത്ത അധര വ്യായാമമായി കൂവല്‍ അലഞ്ഞു നടക്കുമ്പോള്‍ ഒരു ദേശത്തിന്റെ വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും ചേര്‍ത്തൊരു കൂവല്‍. കാത്തിരിപ്പിന്റെ അന്ത്യത്തില്‍ ഉത്സവത്തിന്റെ തുടക്കം കാണാന്‍ അറബിക്കടലിന്റെ ഓരം പറ്റികിടക്കുന്ന അര്‍ത്തുങ്കല്‍ ഗ്രാമത്തിന്റെ വിശുദ്ധിയിലേയ്‌ക്ക്‌ ഒരു കൂക്കു വിളിയോടെ സ്വാഗതം

അര്‍ത്തുങ്കലിന്റെ ഓരോ മണല്‍ത്തരിക്കും പറയാന്‍ ഒരുപാടു കഥകളുണ്ട്‌. വെളുത്തച്ചന്റെ വരവ്‌., കടലിന്റെ മക്കളുടെ ഇല്ലായ്‌മകള്‍ക്കിടയിലെ പെരുന്നാള്‍ ആഘോഷം, ദാരിദ്ര്യത്തിനിടയിലെ അതിഥിസത്‌ക്കാരം, പുണ്യാളനുമായി ഇടച്ചേര്‍ന്ന വിശാസങ്ങളും മിത്തുകളും പലതും

ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ചൂടാറും മുമ്പേ അര്‍ത്തുങ്കലും പരിസരവും ഒരുങ്ങും മകരം പെരുന്നാളിനെ വരവേല്‍ക്കാന്‍. പിന്നെ ഇന്നേ ദിവസം(ജനുവരി പത്തിനു) വേണ്ടിയുള്ള കാത്തിരുപ്പാണ്‌. കാത്തിരിപ്പിന്‌ അവസാനം കുറിച്ച്‌ വൈകിട്ട്‌ ആചാര വെടി മുഴങ്ങുകയായി. നാടകത്തിന്റെ തിരശ്ശീല ഉയരുന്നതു പോലെ, ശംഖൊലി നാദം പോലെ പള്ളി അങ്കണത്തിലെ പതിനായിരക്കണക്കിന്‌ വരുന്ന വിശ്വാസികളുടെ അധരങ്ങള്‍ ചലിക്കുകയായി. കൂവല്‍ കടല്‍ക്കാറ്റില്‍ മെല്ലെ  അലയടിച്ചു തുടങ്ങുകയായി. ദേശാന്തരങ്ങളോളം വെളുത്തച്ചന്റെ തിരുന്നാള്‍ കൊടിയേറ്റിന്റെ അറിയിപ്പുമായിട്ട്‌.
ഈ പങ്കാളിത്തത്തിന്‌ ജാതിഭേദങ്ങളില്ല, വലുപ്പചെറുപ്പങ്ങളില്ല. പള്ളിമുറ്റത്ത്‌ എത്തിച്ചേരാന്‍ കഴിയാത്തവര്‍ , അയല്‍ ഗ്രാമങ്ങളില്‍ ഉള്ളവര്‍ എല്ലാം പള്ളി മുറ്റത്തു തുടങ്ങി വെച്ച കൂവലിന്‌ കാതോര്‍ക്കും ഏറ്റു കൂവാന്‍... അതൊരു സാന്ദ്ര സംഗീതകമായിമാറുകയാണ്‌. 
തന്റെ വിശ്വാസത്തില്‍ ഉറച്ചു നെഞ്ചില്‍ അമ്പുകള്‍ ഏറ്റുവാങ്ങിയ ധൈര്യശാലിയായ വിശുദ്ധ സെബസ്‌ത്യോനോസിനോടുള്ള ആദരവ്‌ അങ്ങനെ കൊച്ചിയും കൊല്ലവും കടന്നെന്ന്‌ ചരിത്രസത്യം.
വാര്‍ത്ത മാധ്യമങ്ങള്‍ ഇല്ലാത്ത കാലത്ത്‌ ഒരു പറ്റം ആളുകള്‍ തങ്ങളുടെ വിശ്വാസം ഏറ്റു പറയാന്‍ ആശയവിനിമയം നടത്താനുമായിരിക്കും പെരുന്നാള്‍ വിളംബരമായ ഈ ആചാരം തുടങ്ങിവച്ചത്‌. അങ്ങനെ കൂവലിനും കിട്ടി ദൈവികമായ പരിവേഷം. 
ബന്ധുജനങ്ങളെ, സഹകാരികളെ, സുഹൃത്തുക്കളെ, വരുവിന്‍ ഇതാ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുന്നാള്‍ എന്നാവാം ആ ആരവം പറയാതെ പറഞ്ഞത്‌. 
കാലചക്രത്തിന്റെ അതിവേഗ സഞ്ചാരത്തിനൊപ്പം തിരുന്നാള്‍ കൊടിയേറ്റ ആഘോഷങ്ങള്‍ക്കും ചെറിയ മാറ്റങ്ങള്‍ വന്നു. മറ്റു ദേശക്കാരും അര്‍ത്തുങ്കല്‍ പള്ളിയെയും വിശുദ്ധനെയും സ്‌നേഹിക്കുന്നതിന്റെ തെളിവാണ്‌ സമീപക്കാലത്ത്‌ പാലായില്‍ നിന്നു കൊടി എത്തിക്കുന്ന ചടങ്ങ്‌. ദീപശിഖ പ്രയാണവും വാഹന അകമ്പടിമെല്ലാം കൊടിയേറ്റത്തെ കൂടുതല്‍ നിറപകിട്ടുള്ളതാക്കുന്നു.
മണിനാദം കേള്‍ക്കാന്‍ നമുക്കും കാതോര്‍ക്കാം. കാലം സമ്മാനിച്ച മാറ്റവുമായി പതിനായിരക്കണക്കിന്‌ ബലൂണുകള്‍ ആകാശത്തേയ്‌ക്ക്‌ പറന്നുയരുമ്പോള്‍ ജാതി മത വ്യര്‍ത്ഥ ചിന്തകളില്ലാതെ കാലപ്രയാണത്തില്‍ അലിഞ്ഞു തീരാത്ത ആചാരത്തെ നമുക്ക്‌ മറക്കാതിരിക്കാം. അപൂര്‍വമായി നമുക്ക്‌ കിട്ടുന്ന സ്വാതന്ത്ര്യത്തോടെ കൂകി വിളിക്കാം. അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുന്നാള്‍ തുടങ്ങിയേ എന്ന്‌...