Breaking News

Trending right now:
Description
 
Jan 09, 2016

ചലച്ചിത്ര നിര്‍മാതാവ്‌ മഞ്ഞിലാസ്‌ ജോസഫ്‌ അന്തരിച്ചു

image മൂന്നു പതിറ്റാണ്ടിലേറെക്കാലം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന മഞ്ഞിലാസ്‌ ഫിലിംസ്‌ ഉടമ എം.ഒ. ജോസഫ്‌ (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യകാരണങ്ങളാല്‍ ഒരുവര്‍ഷത്തോളമായി സാമന്താമിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ 2.30നു വീട്ടിലെയും മൂന്നിനു സാമന്താം ബസിലിക്കയിലെയും ശുശ്രൂഷകള്‍ക്കുശേഷം മന്ദവേലിയിലെ സെമിത്തേരിയില്‍. തൃശൂര്‍ മഞ്ഞിലാസ്‌ കുടുംബാംഗമാണ്‌ ജോസഫ്‌. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായിട്ടായിരുന്നു സിനിമ രംഗത്ത്‌ എത്തിയത്‌. 1967-ല്‍ സുഹൃത്തുമായി ചേര്‍ന്ന്‌ നവജീവന്‍ ഫിലിംസിനു രൂപംനല്‍കി. മലയാറ്റൂരിന്റെ പ്രശസ്‌ത നോവല്‍ യക്ഷിയായിരുന്നു ആദ്യചിത്രം. പ്രേംനസീര്‍ നായകനായ നാടന്‍ പെണ്ണും 1968-ല്‍ തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രവും നിര്‍മിച്ചു. 1985 ല്‍ പുറത്തിറങ്ങിയ പാറയാണ്‌ അവസാനം നിര്‍മിച്ച ചിത്രം. അടിമകള്‍ (1969), കടല്‍പ്പാലം (1969),വാഴ്‌വേ മായം (1970), അരനാഴിക നേരം (1970), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), ദേവി (1972), പുനര്‍ജന്മം (1972), ചുക്ക്‌ (1973), ചട്ടക്കാരി (1974), ചുവന്ന സന്ധ്യകള്‍ (1975), പൊന്നി (1976), ഗുരുവായൂര്‍ കേശവന്‍ (1977), കലിയുഗം (1973), മക്കള്‍ (1975), ലിസി (1976), അഗ്‌നിനക്ഷത്രം (1977),ഞാന്‍ ഞാന്‍ മാത്രം (1978), അണിയറ (1978), ഏഴു നിറങ്ങള്‍ (1979), ഇവര്‍ (1980),പറങ്കിമല (1981), ഒടുക്കം തുടക്കം (1982), ഈണം (1983), പാറ (1985) തുടങ്ങിയവയാണ്‌ മഞ്ഞിലാസിന്റേതായി പുറത്തുവന്ന പ്രധാന ചിത്രങ്ങള്‍. കുഞ്ഞമ്മയാണു ഭാര്യ. മക്കള്‍: ജോസി, മാത്യു, ബീന (ഡല്‍ഹി), റൂബി (മസ്‌കറ്റ്‌), അനു( മുംബൈ)