Breaking News

Trending right now:
Description
 
Dec 31, 2015

ആലപ്പുഴ പട്ടണത്തിലെ പൊതുഗതാഗത മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തണം:ടി.ആര്‍.എ

image ആലപ്പുഴ: യാത്രക്കാരുടെ സൗകര്യം ലക്ഷ്യമാക്കി പട്ടണത്തിലെ പൊതുഗതാഗത മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

ബസ് ഓടിക്കാന്‍ പര്യാപ്തമായ ഏകദേശം 140 കിലോമീറ്റര്‍ റോഡ് പട്ടണത്തിലൂടെ ഉണ്ടെന്നിരിക്കെ ഏകദേശം 20 കിലോമീറ്ററില്‍ മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ് ഓടിച്ചിരുന്ന പല റൂട്ടുകളിലും ഇപ്പോള്‍ സര്‍വീസില്ല. കോണ്‍വന്റ് സ്‌ക്വയര്‍, ബീച്ച് വഴിയുള്ളത് അത്തരത്തിലുള്ള റൂട്ടുകളില്‍ ഒന്നാണ്.

കെ.എസ്.ആര്‍.ടി.സി., കെ.യു.ആര്‍.ടി.സി., പ്രൈവറ്റ് ബസുകള്‍ തുടങ്ങിയവയെ ഏകോപിപ്പിച്ചു ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന രീതിയിലാണ് ബസ് സര്‍വീസുകള്‍ നടത്തേണ്ടത്. യാത്രക്കാര്‍ക്കു സൗകര്യപ്പെടുന്ന തരത്തില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പട്ടണത്തിലെ വാഹനത്തിരക്കു കുറയ്ക്കാന്‍ അധികൃതര്‍ക്കാകും. സ്വകാര്യവാഹനങ്ങള്‍ വഴിയിലറക്കുന്നതു കഴിവതും നിരുത്സാഹപ്പെടുത്താന്‍ സമയത്തിനു കൃത്യമായി ഓടുന്ന പൊതുഗതാഗത വാഹനങ്ങള്‍ ആവശ്യമാണ്. പട്ടണത്തിന്റെ സ്ഥിതി അനുസരിച്ച് വലിയ ബസുകള്‍ക്കൊപ്പം മിനി യാത്രാബസുകള്‍ക്കും പെര്‍മിറ്റ് നല്കണം. ഇടറോഡുകളില്‍ ഇത്തരം ചെറിയ വാഹനങ്ങള്‍ ഉപകാരപ്പെടും.

മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് എട്ടു മാസമായിട്ടും അതിന്റെ പൂര്‍ണപ്രയോജനം യാത്രക്കാര്‍ക്കു ലഭ്യമാകുന്നില്ല. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലേക്കു പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് പ്രൈവറ്റ് സ്റ്റേഷനു മുന്നില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പട്ടണത്തിലൂടെ കടന്നു പോകുന്ന അന്യസംസ്ഥാന ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പൊതു സ്റ്റോപ്പും ബസ് കമ്പനികളുടെ ബുക്കിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. പട്ടണത്തിന്റെ പല ഭാഗങ്ങളില്‍ റോഡിനു നടുവില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കുന്ന ഇത്തരം വലിയ ബസുകള്‍ വാഹനക്കുരുക്കും യാത്രക്കാര്‍ക്ക് കയറിയിറങ്ങാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്.

യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ബസുകള്‍ക്കു സ്‌റ്റേഷനു മുന്നില്‍ അപകടരഹിതമായ പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്. യാത്രക്കാര്‍ക്കു കാത്തുനില്പ്പു കേന്ദ്രവും ബസ് ജീവനക്കാര്‍ക്ക് വിശ്രമ മുറിയും ടോയ്‌ലറ്റുകളും നിര്‍മിക്കണം. ബസുകളില്‍ നിന്നു പാര്‍ക്കിംഗ് ഫീസ് ഈടാക്കി ഇവയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്താം. ഇതേ പോലെ തന്നെ പട്ടണത്തിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസുകളുടെ അവസാന സ്‌റ്റോപ്പുകളായ വളഞ്ഞവഴിയിലും കലവൂരിലും സ്റ്റേഷന്‍ സൗകര്യങ്ങളുണ്ടാക്കണം. 

ഇപ്പോള്‍ വളഞ്ഞവഴി വരെ അനുവദിച്ചിട്ടുള്ള സ്വകാര്യ ബസുകളെ ഒരു കിലോമീറ്റര്‍ മാറിയുള്ള അമ്പലപ്പുഴ വരെ ഓടിക്കാന്‍ അനുവദിച്ചാല്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന യാത്രാക്ലേശവും അമിതച്ചെലവും ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആര്‍.ടി.എ., മുനിസിപ്പാലിറ്റി അധികൃതര്‍ക്കാണ് ഇതു സംബന്ധിച്ച നിവേദനം അയച്ചിട്ടുള്ളത്.