Breaking News

Trending right now:
Description
 
Dec 31, 2015

തത്തംപള്ളിയിലെ റോഡുകള്‍ മാലിന്യരഹിതമാക്കാന്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന്റെ സഹായം അഭ്യര്‍ഥിച്ചു

image

ആലപ്പുഴ: തത്തംപള്ളിയിലെ റോഡുകള്‍ മാലിന്യരഹിതമായി നിലനിര്‍ത്താന്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന്റെ ബോധവത്കരണ സഹായം തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു. ഇതു സംബന്ധിച്ച കത്ത് വികാരി ഫാ. ജോസഫ് ചൂളപ്പറമ്പിലിനു അയച്ചിട്ടുണ്ട്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍: "ടി.ആര്‍.എ പ്രദേശത്തെ പൊതുയിടങ്ങളും റോഡുകളും ഇടവഴികളും മാലിന്യമുക്തമാക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ടി.ആര്‍.എ തീവ്രമായി പരിശ്രമിച്ചു വരുകയാണ്. എന്നാല്‍ അതു പൂര്‍ണ വിജയമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. മാലിന്യം വഴിയിലേക്കെറിയുന്ന പൊതുജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകാതെ ഇതു സാധ്യമാകുകയില്ല.

മാലിന്യക്കിറ്റുകളും ചാക്കുകളും വഴിയില്‍ രഹസ്യമായി ഉപേക്ഷിച്ചു പോകുന്നവരില്‍ തത്തംപള്ളി പള്ളി ഇടവകാംഗങ്ങളും ഉണ്ടെന്നു മനസിലാക്കുന്നു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഇങ്ങനെ ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മലിന വസ്തുക്കള്‍ റോഡില്‍ ഇട്ടിട്ടു പോകുന്നുണ്ട്.

ബോധവത്കരണ നടപടികളിലൂടെ ആരോഗ്യകരമായ നിലയിലേക്കു ജനങ്ങളെ ഉയര്‍ത്തണമെന്ന ആഗ്രഹത്താലാണ് വര്‍ഷങ്ങളായിട്ടും വ്യക്തികള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി പ്രശ്‌നം വഷളാക്കുകയോ സംഘര്‍ഷാവസ്ഥയിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയോ ചെയ്യാത്തത്. അതിനാലായിരിക്കാം, പണം മുടക്കി വൃത്തിയാക്കിയിടുന്ന റോഡില്‍ ഒരു നാണവുമില്ലാതെ തൊട്ടടുത്ത ദിവസം തന്നെ ഇരുട്ടില്‍ മാലിന്യം കൊണ്ടിടാന്‍ ചിലരെ പ്രേരിപ്പിക്കുന്നതെന്നും കരുതാം. ശാരീരികമായി എതിര്‍ക്കാത്തതു ബലഹീനതയാണെന്നു കരുതുകയുമാകാം. ഏതായാലും സംയമന മാര്‍ഗത്തിലൂടെ വിശ്വാസ സമൂഹത്തിന്റെ സഹായം പ്രയോജനപ്പെടുമെന്നു കരുതുന്നു. ഒരോരോ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരുടെ മനംമാറ്റവും പിന്തുണയും ഇക്കാര്യത്തില്‍ വന്‍ മാറ്റമുണ്ടാക്കും.

നാട്ടില്‍ സമാധാനവും നന്മയും വൃത്തിയും നിരന്തരം പുലരണമെന്ന ആഗ്രഹത്താലാണ് ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ഥിക്കുന്നത്. ദേവാലയത്തില്‍ എത്തുന്ന വിശ്വാസികളില്‍ പരിസരശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചു തുടര്‍ച്ചയായ ബോധവത്കരണം നടത്തണമെന്നു അഭ്യര്‍ഥിക്കുന്നു. അതു നല്ല മാറ്റം സമൂഹത്തില്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം.

പ്രദേശം ശുചിയായിക്കിടക്കാന്‍ മാലിന്യം കഴിവതും ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കാന്‍ ഇടവക ജനങ്ങള്‍ക്കു പ്രോത്സാഹനം നല്കണം. അതിനു ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റും മറ്റും സഹായകരമാകും. ജൈവമാലിന്യങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കാന്‍ സൗകര്യവും ഇടവും ഇല്ലാത്തവര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ചിട്ടുള്ള ഏറോബിക് പ്ലാന്റുകളില്‍ അവ എത്തിക്കാന്‍ നിര്‍ദേശിക്കണം. പ്ലാസ്റ്റിക് കുപ്പികളും കൂടുകളും മറ്റും ശേഖരിക്കാന്‍ സ്വകാര്യ കച്ചവടക്കാര്‍ തയാറാകുന്നതിനാല്‍ അതു പ്രയോജനപ്പെടുത്താം. മദ്യപിക്കുന്നവര്‍ മദ്യക്കുപ്പികള്‍ റോഡിലേക്കല്ല എറിയേണ്ടതെന്നു ഓര്‍മ്മിപ്പിക്കുന്നതും ഉചിതമായിരിക്കും.

ഗ്ലാസ്, ലെതര്‍, റബര്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌ക്കരിക്കേണ്ടത് നിയമപ്രകാരം മുനിസിപ്പാലിറ്റിയാണെങ്കിലും അതു നടപ്പാകുന്നില്ല. ഇത്തരം അജൈവ മാലിന്യ ശേഖരണത്തിനു സമ്മര്‍ദം ചെലുത്തണമെന്നും അഭ്യര്‍ഥിക്കുന്നു.

ഏതായാലും, എല്ലാവര്‍ക്കും ദോഷകരമായ രീതിയില്‍ മാലിന്യവും ചപ്പുചവറുകളും റോഡില്‍ കൊണ്ടിടുന്നതല്ല പരിഹാരമെന്നു ഇടവക ജനങ്ങളെ പഠിപ്പിച്ചാല്‍ അത്രയെങ്കിലും ശുചിത്വം നാടിനുണ്ടാകും. ഇടവക ജനങ്ങളുടെയിടയില്‍ സാമൂഹ്യബോധവും ഉത്തരവാദിത്വവും വളര്‍ത്താന്‍ വേണ്ടുന്ന ബോധവത്കരണ നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു."

ഇതേസമയം, നാട്ടിലെ ശുചിത്വം ഉറപ്പാക്കാന്‍ ആരാധനാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കിടയിലുള്ള ബോധവത്കരണം കൂടുതല്‍ പ്രയോജനകരമാകുമെന്നു സാമൂഹ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.