Breaking News

Trending right now:
Description
 
Dec 31, 2015

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍: കടന്നു പോയ അഞ്ചു വര്‍ഷം അത്ര ചെറിയ കാലയളവല്ല

image

ഖേദകരമായ ഒരു ഓര്‍മ്മക്കുറിപ്പാണിത്. തത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ക്രോഡീകരിച്ചു ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണും പ്രതിപക്ഷ നേതാവിനും കൗണ്‍സിലര്‍ക്കും സെക്രട്ടറിക്കും അഞ്ചു വര്‍ഷം മുന്‍പ് (2010 ഡിസംബര്‍ 30) ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. ആലപ്പുഴ പട്ടണവികസനത്തിനു പൊതുവായി സ്വീകരിക്കേണ്ട പൊതുക്കാര്യങ്ങള്‍ കൂടിയായിരുന്നു അവ. അതിനു ഒരു മറുപടിക്കുറിപ്പു പോലും ആരും നല്കിയില്ല.

അഞ്ചു വര്‍ഷം കഴിയുമ്പോഴും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കു പരിഹാരമില്ലാതെ പുതുമയോടെ തന്നെ നിലനില്ക്കുന്നുണ്ട്. ഇതാണ് നമ്മുടെ നാട്. നമ്മള്‍ തെരഞ്ഞെടുത്തു ഭരിക്കാന്‍ വിടുന്നവര്‍. കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്ന നികുതിയും ഫീസും ടോളും സെസ്സും കൃത്യമായി കൊടുത്തു മുടിയുന്നവരായി മാത്രം പൊതുജനങ്ങള്‍ മാറി! ഓരോ ജനതയ്ക്കും അവരവര്‍ക്കു ചേരുന്ന ഭരണാധികാരികളെയാണ് കിട്ടുന്നതെന്നു പറയുന്നതു എത്ര ശരി! മുന്‍പും പറഞ്ഞിട്ടുള്ളതുപോലെ എല്ലാവര്‍ക്കും പട്ടിയെപ്പോലെ അഞ്ചു വയസു കൂടി! അതു തന്നെ മിച്ചം!!

സമൂഹത്തില്‍ നിന്ന് ധാരാളം ആവശ്യങ്ങള്‍ എത്തിത്തുടങ്ങിയപ്പോള്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു കഴിഞ്ഞെന്നു കരുതി സമ്മതിദായകരുടെ ചുമതല അവസാനിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. 2010 ഒക്ടോബര്‍ 25-നു നടന്ന ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്ന 27-നു ജനവിധി നേടിയവര്‍ ജനഹിതം നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും വോട്ടര്‍മാര്‍ക്കുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഊര്‍ജസ്വലതയോടെ നാട്ടുകാരുടെയിടയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ വാര്‍ഡിന്റെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കണമെന്നാണ് ഉയര്‍ന്നിരുന്ന ആവശ്യം. ഇനി അതിനു പതിവുപോലെ അനേക വര്‍ഷങ്ങള്‍ കാത്തിരിക്കാനാകില്ല. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് വികസനത്തിനു വേണ്ടത്. കക്ഷി, രാഷ്ട്രീയ, ജാതി, മത വ്യത്യാസങ്ങള്‍ ഒന്നിനും തടസ്സമാകരുത്. നഗരസഭാ ഭരണസമിതിയില്‍ നിന്നു എന്നത്തേയുംപോലെ ഒത്തിരി പ്രതീക്ഷകളാണു പൊതുജനങ്ങള്‍ വച്ചുപുലര്‍ത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

"ആലപ്പുഴ നഗരസഭയില്‍ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ തത്തംപള്ളി വാര്‍ഡിന് എന്താണ് ചെയ്തു തരേണ്ടത്? ഉടന്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍, ഉടന്‍ പരിഗണനയില്‍ എടുക്കേണ്ട വികസന പദ്ധതികള്‍, നടപടികളുടെ മുന്‍ഗണനാക്രമം എന്നിവയൊക്കെ ഭരണകര്‍ത്താക്കളെ അറിയിക്കാന്‍ അവസരമൊരുക്കിയിരുന്നു. 'ജനങ്ങളുടെ ലക്ഷ്യം വികസനം മാത്രം' എന്ന പ്രചാരണപ്രവര്‍ത്തനത്തിലൂടെയായിരുന്നു അത്.

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വെറുതേ പോരടിക്കാതെ പട്ടണത്തിലെ 52 വാര്‍ഡുകളുടേയും മൊത്തം വികസനത്തിനായി സമയം ഒട്ടും കളയാതെ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളോടൊപ്പം ആഗ്രഹിക്കുന്നത്.

യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളാണ് ആവശ്യങ്ങളിന്മേല്‍ പ്രതീക്ഷിക്കുന്നത്. വീണ്ടും ഒരു അഞ്ചു വര്‍ഷം വെറുതേ 'ഭരിച്ചുകളയാനല്ല' ജനപ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് വോട്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. 'പോരടിക്കാതെ വികസനം' എന്ന മുദ്രാവാക്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്."

അഞ്ചു വര്‍ഷം മുന്‍പു സമര്‍പ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍ ഒന്നു കൂടെ നോക്കാം:

തത്തംപള്ളി വാര്‍ഡിന്റെ അനേകം ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. അതില്‍ മിക്കവയും വിശദവും സചിത്രവുമായി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഉടന്‍ എടുക്കേണ്ട നടപടികള്‍ക്കായി അവ വ്യക്തമാക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബോര്‍ഡുകളും കോര്‍പറേഷനുകളുമായി ഏകോപിച്ച് ചെയ്യേണ്ട വികസനപദ്ധതികള്‍ക്കും മുനിസിപ്പല്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണം. ഒരു മാതൃകാ വാര്‍ഡായി തത്തംപള്ളിയെ മാറ്റണമെന്ന് ആഗ്രഹിക്കുന്നു. വാര്‍ഡിനു അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അമാന്തമോ തടസ്സമോ പാടില്ല. വൃത്തിയുള്ളതും മനോഹരവുമായ പ്രദേശമായി മാറ്റുകയാണ് ചെയ്യേണ്ടത്.

പരിസരം വൃത്തിയാക്കല്‍

മതിലുകളിലെ പരസ്യങ്ങള്‍: തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും മറ്റും സ്വകാര്യ മതിലുകളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും കൂടാതെ തൂക്കിയിട്ടുള്ള ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുക. ഭിത്തികളില്‍ എഴുതിയിട്ടുള്ളത് മായ്ക്കുക. ഭാവിയില്‍ പരസ്യം പതിക്കല്‍ ഒഴിവാക്കുക.

വഴിവക്കുകള്‍ മനോഹരമാക്കല്‍: റോഡുവക്കിലെ പുല്ലും കളകളും നീക്കം ചെയ്യുക. സ്ഥലമുള്ളിടങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.

മാലിന്യ നിര്‍മാര്‍ജനം

റോഡിലെ മാലിന്യ നിക്ഷേപം: പൊതുവഴിവക്കുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കര്‍ശനമായി നിരോധിക്കുക: കെട്ടുകണക്കിനു ഖരമാലിന്യമാണ് റോഡുവക്കുകളില്‍ നിക്ഷേപിക്കപ്പെടുന്നത്. പലപ്പോഴും ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ കാരണം ദുര്‍ഗന്ധം അസഹ്യമാകും. ചീയുന്ന വസ്തുക്കള്‍ ഉണ്ടാകുന്ന ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ട് മാലിന്യം സംഭരിച്ച് മുനിസിപ്പാലിറ്റിയുടെ മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിച്ച് സംസ്‌കരണം നടത്തുക.

മാലിന്യം നീക്കല്‍: മാലിന്യം നിക്ഷേപിക്കാനായി ഒഴിഞ്ഞയിടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ചു സ്വീകരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക.ദിവസേന രണ്ടു നേരമെങ്കിലും വാരിക്കൊണ്ടുപോകല്‍ നിര്‍ബന്ധമാക്കുക.

ജൈവവാതകം: ജൈവമാലിന്യങ്ങള്‍ ഉത്ഭവ കേന്ദ്രങ്ങളില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനമായി സബ്‌സിഡി നല്കുക.

ക്ഷുദ്രജീവികള്‍

തെരുവുനായ് ശല്യം: ഏറ്റവും കൂടുതല്‍ പരാതി കിട്ടിയ വിഷയമാണ് തെരുവുനായ് ശല്യം അവസാനിപ്പിക്കണമെന്നുള്ളത്. ഈ വിഷയത്തില്‍ 2010 ഡിസംബര്‍ ഒന്‍പതു മുതല്‍ 22 വരെ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോഴും നഗരസഭയക്ക് എതിരായാണ് എല്ലാ വായനക്കാരും പ്രതികരിച്ചത്. ജില്ലാഭരണകൂടം ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗത പാലിക്കുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പേപ്പട്ടിശല്യത്തിനു പോലും നടപടിയില്ല.

കൊതുകു നശീകരണം: രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ തുടര്‍ച്ചയായി കൊതുകുനാശിനി സ്‌പ്രേയിങ്ങും ഫോഗിങ്ങും നടത്തുക. പ്രജനനമൊഴിവാക്കാന്‍ പൊതുജനങ്ങളുമൊത്തു ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി തുടരുക.

അലഞ്ഞുതിരിയുന്ന നാല്ക്കാലികളെ പിടിച്ചുകെട്ടല്‍: ആടും പശുവും പൂച്ചയുമുള്‍പ്പടെ വഴിയിലൂടെ അലഞ്ഞു നടക്കുന്ന വീട്ടുനാല്ക്കാലികളെ പിടിച്ചുകെട്ടുകയും അവയെ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ പിഴയീടാക്കുകയും ചെയ്യുക.

എലികളെ ഇല്ലാതാക്കുക: നാട്ടില്‍ വിളകളും ധാന്യങ്ങളും നശിപ്പിക്കുന്ന എലികളെ നശിപ്പിക്കാന്‍ വ്യാപകമായി കെണികള്‍ ഒരുക്കുക.

വഴികള്‍

റോഡു നന്നാക്കല്‍: കഴിയുന്നയിടങ്ങളിലെല്ലാം റോഡുകള്‍ക്ക് വീതി കൂട്ടുക. റോഡിലേക്ക് ഇറങ്ങിയുള്ള പോസ്റ്റുകളും മറ്റു തടസ്സങ്ങളും നീക്കം ചെയ്യുക. എല്ലാ ഇടവഴികളും ടാര്‍ ചെയ്യുക.

കാനകള്‍: ഇട റോഡു വക്കുകളില്‍ പാത്തിപോലുള്ള ഓടകള്‍ നിര്‍മ്മിക്കുക. ഇത്തരം ചെറിയ ഓടകളെ വലിയ കാണകളിലേക്കും തുടര്‍ന്നു കനാലുകളിലേക്കും ബന്ധിപ്പിച്ച് റോഡുകളിലെ വെള്ളക്കെട്ടുകള്‍  ഒഴിവാക്കുക.
വഴികള്‍ക്ക് പേരുകള്‍: റോഡുകള്‍ക്കു പേരുകള്‍ നിശ്ചയിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുക.

വിദ്യുച്ഛക്തി

വൈദ്യുതി വോള്‍ട്ടേജ് വന്‍ ഏറ്റക്കുറച്ചിലുകള്‍:വൈദ്യുതോപകരണങ്ങള്‍ കേടാക്കുന്ന രീതിയിലുള്ള വോള്‍ട്ടേജ് വ്യതിയാനം അവസാനിപ്പിക്കുക. അനൗദ്യോഗിക കറണ്ട് കട്ട് നിര്‍ത്തലാക്കുക. അടുപ്പിച്ചും ആവര്‍ത്തിച്ചും വൈദ്യുതി വന്നുപോകുന്നത് സാങ്കേതികമായി ഒഴിവാക്കുക.

ലൈറ്റുകള്‍: വഴിവക്കിലെ എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും ലൈറ്റ് സ്ഥാപിക്കുക. ഒരേ ലൈനില്‍ ഒരേ തരം ലൈറ്റുകള്‍ പിടിപ്പിക്കുക.

മരച്ചില്ലകള്‍ വെട്ടിമാറ്റല്‍: മഴക്കാലത്തിനു വളരെ മുന്‍പുതന്നെ വൈദ്യുതി ലൈനുകളില്‍ മുട്ടിക്കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക. പലപ്പോഴും അവസാന നിമിഷം ഈ ജോലി ചെയ്യുന്നതിനാല്‍ വേണ്ട പ്രയോജനം ഉണ്ടാകാറില്ല.

എല്ലാ പോസ്റ്റുകള്‍ക്കും നമ്പര്‍: അപകടങ്ങളും ലൈന്‍ തകരാറുകളും കൃത്യമായി അധികൃതരെ അറിയിക്കാന്‍ എല്ലാ ഇലക്ട്രിക് പോസ്റ്റുകള്‍ക്കും നമ്പര്‍ ഇടുക. മാഞ്ഞിട്ടുള്ളവ വീണ്ടും എഴുതുക. പോസ്റ്റുകളില്‍ എഴുതുന്നവരേയും പോസ്റ്റര്‍ പതിക്കുന്നവരേയും പ്രോസിക്യൂട്ട് ചെയ്യുക.

ലൈന്‍ തടസ്സങ്ങള്‍: ഇലക്ട്രിക് പോസ്‌ററുകളിലുടെ അലക്ഷ്യമായി താഴ്ന്നു കടന്നു പോകുന്ന കേബിള്‍ ലൈനുകളും മറ്റും നിശ്ചിത ഉയരത്തിലാക്കുക.

ഫോണ്‍ നമ്പരുകള്‍: വൈദ്യുതി മുടക്കം ഉടനേ വൈദ്യുതി ഓഫീസില്‍ അറിയിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കു സമീപം അത്യാവശ്യ മൊബൈല്‍ നമ്പരുകള്‍ അടക്കമുള്ള ടെലിഫോണ്‍ നമ്പരുകള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കുക.

ജലവിതരണം

കുടിവെള്ളം: കുടുതല്‍ സ്ഥലങ്ങളില്‍ പൊതു ടാപ്പുകള്‍ ഏര്‍പ്പെടുത്തുക. പൊതുജല വിതരണ സംവിധാനം കാര്യക്ഷമമാക്കി എല്ലാ സമയത്തും വെള്ളം ലഭ്യമാക്കുക.

കിണറുകള്‍: വീടുകളിലെ ശുദ്ധജലം ലഭ്യമാകുന്ന കിണറുകള്‍ കൂടുതല്‍ ശുചിയായി സൂക്ഷിക്കാനും വൃത്തിയാക്കാനും ഏര്‍പ്പാടുകളുണ്ടാക്കുക. കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുളള പമ്പുകള്‍ക്കും മോട്ടോറുകള്‍ക്കും സബ്‌സിഡി നല്കുക.

പൊതുഗതാഗതം

തിരക്ക് നിയന്ത്രിക്കല്‍: വഴികളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും ഇന്ധനോപയോഗം കുറയ്ക്കാനും മലിനീകരണം ഒരുപരിധിവരെ മാറ്റാനം പൊതു യാത്രാ-ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുക.

ഓട്ടോറിക്ഷകള്‍: കൂടുതല്‍ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ അനുവദിക്കുക.

ഓമ്‌നിബസുകള്‍: സ്‌കൂള്‍, കോളജ് ബസുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ഭൗതികസാഹചര്യങ്ങളൊരുക്കുക.

ബസ് സര്‍വീസുകള്‍: കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബസുകള്‍ക്കു പെര്‍മിറ്റ് നല്കുക. ഉദാഹരണത്തിന് തത്തംപള്ളിയില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് റൂട്ട് അനുവദിക്കുക.

പാലങ്ങള്‍: ജലനിര്‍ഗമനം തടസ്സപ്പെടുത്താതെ പാലങ്ങള്‍ നിര്‍മിക്കുക. വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാടക്കനാലിനു കുറുകേ രണ്ടു പാലങ്ങള്‍ ഉടനേ ആവശ്യമാണ്.

കൃഷി

വീട്ടുകൃഷി: വീടുകളുടെ ചുറ്റുപാടുമുള്ള ഭൂമിയില്‍ കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക. അടുക്കളത്തോട്ടം, പൂക്കൃഷി, ഔഷധച്ചെടി വളര്‍ത്തല്‍, കാലി-കോഴി വളര്‍ത്തല്‍, അരുമജീവി-മത്സ്യം വളര്‍ത്തല്‍, കൂണ്‍കൃഷി, തരിശായ ഭൂമിയില്‍ താത്കാലിക വിളകള്‍ തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നല്കാവുന്നതാണ്. വൃഷങ്ങളുടേയും വിളകളുടേയും മേലുള്ള കീടശല്യങ്ങള്‍ക്കും മറ്റും പ്രദേശത്താകമാനം പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ദീര്‍ഘകാല, ഹൃസ്വകാല വിളകള്‍ കിട്ടുന്ന കൃഷിക്ക് ആവശ്യമായ രോഗ-കീട പ്രതിരോധ നടപടികള്‍ പ്രദേശത്ത് മൊത്തമായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കണം. മൃഗസംരക്ഷണ ഏര്‍പ്പാടുകളും വേണം. ഹരിത-ധവള മുന്നേറ്റത്തിന് പിന്തുണ നല്കണം.

യാചകര്‍

യാചക നിരോധനം: വഴികളിലും വീടുകളിലും ഭിഷയാചിച്ചെത്തുന്നവരെ നിരോധിക്കുക. യാചകരുടെ വേഷത്തില്‍ എത്തുന്ന മോഷ്ടാക്കളും ധാരാളമുണ്ട്. യാചകര്‍ വ്യാധികള്‍ പരത്താനും സാധ്യതയുണ്ട്.

മുനിസിപ്പാലിറ്റി

പരാതികേള്‍ക്കല്‍: മുനിസിപ്പാലിറ്റിയില്‍ പരാതികള്‍ സ്വീകരിക്കാന്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പടെ എല്ലാ ദിവസവും 24 മണിക്കൂര്‍ ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുക. ആ നമ്പര്‍ പ്രസിദ്ധപ്പെടുത്തുക. മറ്റു വകുപ്പുകളിലേക്കുള്ള പരാതികള്‍ കൈമാറുക. പരാതികള്‍ ഇ-മെയിലായും എസ്എംഎസുമായി സ്വീകരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക. പരാതികളിലെടുത്തിട്ടുള്ള നടപടികള്‍ സുതാര്യവും വെബ്‌സൈറ്റില്‍ ലഭ്യവുമാക്കുക.

അഞ്ചു വര്‍ഷത്തിനിടയില്‍ ആവശ്യങ്ങള്‍ മുനിസിപ്പാലിറ്റി എങ്ങനെ പരിഹരിച്ചുവെന്നു വോട്ടര്‍മാര്‍ നാട്ടിലേക്കിറങ്ങി സ്വയം ബോധ്യപ്പെടുക. അടുത്ത അഞ്ചു വര്‍ഷവും ഇങ്ങനെയൊക്കെ തന്നെയാകാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തേണ്ടത് പൊത