Breaking News

Trending right now:
Description
 
Dec 28, 2012

എയര്‍ ഇന്ത്യാ ആസ്ഥാനം ഇനി കൊച്ചിയില്‍

image എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ആസ്ഥാനം ജനുവരി ഒന്നിന്‌ കൊച്ചിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്‌തവ പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ 21 ഷെഡ്യൂളുകളടക്കമുള്ള കാര്യങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ കൊച്ചിയിലെ ഓഫീസില്‍ നിന്നായിരിക്കും ഇനി തീരുമാനിക്കുന്നത്‌. കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഡയറക്ടര്‍ ബോര്‍ഡില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പത്രപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു. ഓഫീസ്‌ സൗകര്യങ്ങള്‍, ജീവനക്കാരുടെ നിയമനം എന്നിവ സംബന്ധിച്ച തീരുമാനങ്ങളും വരുംദിനങ്ങളിലുണ്ടാകും. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ നടത്തുന്ന എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ്‌ ലിമിറ്റഡിന്‌ സിഇഒയെ നിയമിക്കാനുള്ള നടപടികള്‍ ഒരാഴ്‌ചയ്‌ക്കകം തുടങ്ങും. ഇതു സംബന്ധിച്ച പരസ്യം നല്‌കും. ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി കൊച്ചിയിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡപ്യൂട്ടേഷനില്‍ എത്തിയിട്ടുള്ള ജീവനക്കാരെ കൂടുതല്‍ നിയമനം വരുന്ന മുറയ്‌ക്കും ഡപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്കും പഴയ ഇടത്തേക്കു തന്നെ വിടും. കമ്പനിയെ സ്വതന്ത്രമാക്കാനാണു ലക്ഷ്യമിടുന്നത്‌. വിമാനത്താവളത്തിനടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ ആസ്ഥാനം കണ്ടെത്താന്‍ ശ്രമം നടത്തും. പൈലറ്റുമാരുടെ കുറവ്‌ 2013 ജൂണോടെ പരിഹരിക്കാനാകുമെന്നും ശ്രീവാസ്‌തവ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ പൈലറ്റുമാര്‍ ഈ കാലയളവില്‍ പുറത്തിറങ്ങും. 2015-ഓടെ 35 സര്‍വീസ്‌ കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്‌.